Image courtesy: facebook.com/SachinTendulkar, Canva
Real Estate

റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിച്ചുചാട്ടവുമായി സച്ചിൻ: പ്രമുഖ ടൂറിസം കേന്ദ്രത്തിൽ 70 കോടിയുടെ ഭൂമി സ്വന്തമാക്കി!

ഏകദേശം 170 മില്യൺ ഡോളർ ആസ്തിയുളള സച്ചിൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാണ്

Dhanam News Desk

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മഹാരാഷ്ട്രയിലെ ലോണാവാലയിൽ 70 കോടി രൂപയോളം വിലമതിക്കുന്ന 3.86 ഏക്കർ ഭൂമി സ്വന്തമാക്കി തൻ്റെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ വിപുലീകരിച്ചു. ലോണാവാലയിലെ മാവൾ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ വസ്തു സെപ്റ്റംബർ 4ന് രജിസ്റ്റർ ചെയ്ത മൂന്ന് പ്രത്യേക ആധാരങ്ങളിലൂടെയാണ് (conveyance deeds) സച്ചിൻ വാങ്ങിയത്.

ഇടപാടിന്റെ വിശദാംശങ്ങൾ:

3.09 ഏക്കർ വിസ്തൃതിയുള്ള പ്രധാന ഭൂമി 63.69 കോടി രൂപയ്ക്കാണ് വാങ്ങിയത്; ഇതിന്റെ 100 ശതമാനം ഉടമസ്ഥാവകാശവും സച്ചിനാണ്.

രണ്ടാമത്തെ വസ്തു 4.56 കോടി രൂപയ്ക്കും മൂന്നാമത്തേത് 1.75 കോടി രൂപയ്ക്കുമാണ് വാങ്ങിയത്; ഇവയിൽ 50% ഓഹരി പങ്കാളിത്തമാണുള്ളത്.

മൂന്നാമത്തെ വസ്തുവിൽ ഏകദേശം 2,100 ചതുരശ്ര അടിയുടെ കെട്ടിടവും ഉൾപ്പെടുന്നു.

നന്ദൻ ധനഞ്ജയ് മേത്ത, വിവസ്വത് ധനഞ്ജയ് മേത്ത എന്നിവരിൽ നിന്നാണ് ഈ സ്ഥലം വാങ്ങിയത്. ഈ ഇടപാടിനായി ഏകദേശം 4.20 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും 90,000 രൂപ രജിസ്‌ട്രേഷൻ ഫീസായും നൽകിയിട്ടുണ്ട്.

മറ്റു വസ്തുക്കളും നെറ്റ് വർത്തും

മുംബൈ ബാന്ദ്ര വെസ്റ്റിലെ പെറി ക്രോസ് റോഡിലുള്ള 'ദൊറാബ് വില്ല' (Dorab Villa) എന്ന അഞ്ചുനില മാളികയാണ് സച്ചിന്റെ പ്രധാന വസതി. 2007-ൽ ഏകദേശം 39 കോടി രൂപയ്ക്കാണ് 6,000 ചതുരശ്ര അടി പ്ലോട്ടിലുള്ള ഈ വസതി വാങ്ങിയത്. ഏകദേശം 170 മില്യൺ ഡോളർ അറ്റമൂല്യമുള്ള സച്ചിൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരമാണ്.

എന്തുകൊണ്ട് ലോണാവാല?: മുംബൈയ്ക്കും പൂനെയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ലോണാവാല, മികച്ച കാലാവസ്ഥയും യാത്രാസൗകര്യവും സ്വകാര്യതയും കാരണം കായിക-സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട സെക്കൻഡ് ഹോം താവളമാണ്. തുടർച്ചയായി ഭൂമിക്ക് മൂല്യം വർദ്ധിക്കുന്ന ഇവിടെ വാരാന്ത്യ വിശ്രമ കേന്ദ്രം നിർമ്മിക്കാനോ ദീർഘകാല നിക്ഷേപത്തിനായോ ആകാം സച്ചിൻ ഈ ഭൂമി വാങ്ങിയതെന്ന് കരുതുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT