Image courtesy: Canva 
Real Estate

സൗദിയില്‍ നിയമം വഴി മാറുന്നു; മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ വിദേശികള്‍ക്കും നിക്ഷേപിക്കാം

വിദേശ നിക്ഷേപം 49 ശതമാനം; പ്രഖ്യാപനം സൗദി റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് നേട്ടം

Dhanam News Desk

സൗദി അറേബ്യയിലെ വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്കുള്ള നിയമങ്ങളില്‍ ഇളവ്. ഈ നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സ്വദേശികള്‍ക്ക് മാത്രം അനുമതി നല്‍കിയിരുന്ന പഴയ നിയമമാണ് മാറുന്നത്. മക്കയുടെയും മദീനയുടെയും നഗരപരിധിക്കുള്ളിലുള്ള സ്വകാര്യ, പൊതു റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ മുസ്ലിംകള്‍ അല്ലാത്തവര്‍ക്ക് നിക്ഷേപകരാകാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ എല്ലാ വിദേശികള്‍ക്കും നിക്ഷേപ പങ്കാളികളാമെന്നതാണ് പുതിയ ഭേദഗതി. സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ വാങ്ങാനാണ് എല്ലാവരെയും അനുവദിക്കുന്നത്. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപം കൂടുതലായി അനുവദിക്കുന്നതാണ് പുതിയ ചട്ടങ്ങള്‍.

വിദേശ നിക്ഷേപം  49 ശതമാനം

അതേസമയം, കമ്പനികളില്‍ വിദേശികളുടെ ഓഹരി പങ്കാളിത്തം 49 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന് സൗദി കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. സൗദിയില്‍ വിദേശ നിക്ഷേപകര്‍ക്കുള്ള വിലക്കുകള്‍ അടുത്ത കാലത്തായി കുറഞ്ഞു വരികയാണ്. മക്ക, മദീന എന്നീ നഗരങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ വിദേശികള്‍ക്ക് നിക്ഷേപം നടത്താന്‍ അനുമതിയുണ്ട്. ഇത് രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിപ്പിക്കാന്‍ കാരണമായിരുന്നു. സൗദി സര്‍ക്കാരിന്റെ വിഷന്‍ 2030 പദ്ധതി പ്രകാരം മക്കയിലും മദീനയിലും വലിയ റിയല്‍ എസ്റ്റേറ്റ് കുതിപ്പാണ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 3 കോടി തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

കമ്പനികളില്‍ വിദേശികള്‍ക്ക് നിക്ഷേപിക്കാമെന്ന വാര്‍ത്ത പുറത്തു വന്നതോടെ സൗദി റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ ഓഹരി വില കുതിച്ചു. തയ്ബ ഇന്‍വെസ്റ്റ്‌മെന്റ്‌സ് കമ്പനി, എമ്മാര്‍ ഇക്കണോമിക് സിറ്റി, മക്ക കണ്‍സ്ട്രക്ഷന്‍ ആന്റ് ഡവലപ്‌മെന്റ് കമ്പനി തുടങ്ങിയവയുടെ ഓഹരി വിലകളില്‍ വര്‍ധനയുണ്ടായി. കമ്പനികള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതക്കാണ് ഇത് വഴിയൊരുക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT