Riyad city Image courtesy: Canva
Real Estate

അറബിപ്പൊന്നിന്റെ നാട്ടില്‍ കൂടു കൂട്ടാം! സൗദിയിലും ഇനി വിദേശികള്‍ക്ക് വീടു വാങ്ങാം; പുതിയ നിയമം ജനുവരി മുതല്‍

ആദ്യഘട്ടത്തില്‍ റിയാദ്, ജിദ്ദ നഗരങ്ങളിലാകും അനുമതി നല്‍കുക

Dhanam News Desk

വിദേശികള്‍ക്ക് വീടുകള്‍ സ്വന്തമാക്കാന്‍ സൗദി അറേബ്യയിലും നിയമ ഭേദഗതി വരുന്നു. യുഎഇയും ഖത്തറും സ്വീകരിച്ച നയമാണ് ഇക്കാര്യത്തില്‍ സൗദിയും പിന്തുടരുന്നത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ സൗദി പൗരന്‍മാര്‍ അല്ലാത്തവര്‍ക്കും റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതി നല്‍കും. സൗദി റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിട്ടിയുടെ നിര്‍ദേശത്തിന് സൗദി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ലക്ഷ്യം വിദേശ നിക്ഷേപം

രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉണര്‍വുണ്ടാക്കാനും അതുവഴി നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിക്കാനുമാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്‌ളാറ്റുകള്‍, വില്ലകള്‍ എന്നിവയിടെ നിര്‍മാണം ഇതുവഴി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിദേശികള്‍ക്ക് നിക്ഷേപം നടത്തുന്നതിന് പ്രത്യേക സോണുകള്‍ നിശ്ചയിക്കുമെന്നും റിയല്‍ എസ്‌റ്റേറ്റ് ജനറല്‍ അതോറിട്ടി അറിയിച്ചിട്ടുണ്ട്. ഭൂമി വില വര്‍ധിക്കുന്നതിലൂടെ സ്വദേശികള്‍ക്ക് വരുമാനം കൂടുമെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ തുറക്കപ്പെടുമെന്നുമാണ് സൗദി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

തുടക്കം റിയാദിലും ജിദ്ദയിലും

റിയാദ്, ജിദ്ദ എന്നീ നഗരങ്ങളാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കുക. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും വീടുകള്‍ വാങ്ങുന്നതിന് അധിക നിബന്ധനകള്‍ ഉണ്ടാകുമെന്നും അതോറിട്ടി അറിയിച്ചിട്ടുണ്ട്. ജനുവരിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഓണ്‍ലൈന്‍ വഴി വിദേശികള്‍ക്ക് അപേക്ഷ നല്‍കുന്നതിന് സംവിധാനമൊരുക്കും. നിബന്ധനകളുടെ കരട് രേഖ റിയല്‍ എസ്റ്റേറ്റ് അതോറിട്ടി തയ്യാറാക്കി വരികയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT