Image: sobha realty/fb/canva 
Real Estate

ശോഭ റിയാല്‍റ്റിക്ക്‌ യുഎഇയില്‍ വമ്പന്‍ പദ്ധതികള്‍; 70,000 കോടി രൂപയുടെ നിക്ഷേപം

എമിറേറ്റ്സിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ദ്വീപാകാന്‍ ശോഭ സനിയ ഐലന്റ്‌സ്

Dhanam News Desk

യുഎഇ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വമ്പന്‍ പദ്ധതികളുമായി കേരള കമ്പനിയായ ശോഭ റിയാല്‍റ്റി. 2025 ല്‍ രണ്ട് പദ്ധതികളിലായി 3,000 കോടി ദിര്‍ഹത്തിന്റെ (70,000 കോടി രൂപ) പ്രൊജക്ടുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. ദുബൈയിലെ പദ്ധതികള്‍ക്ക് 2,000 കോടി ദിര്‍ഹവും കമ്പനിയുടെ ഐക്കണ്‍ പ്രൊജക്ടായ ശോഭ സനിയ ഐലന്റസിന്റെ വികസനത്തിന് 1,000 കോടി ദിര്‍ഹവുമാണ് നിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വിറ്റുവരവ് 2,300 കോടി ദിര്‍ഹമായിരുന്നു. 2023 നെ അപേക്ഷിച്ച് കമ്പനിയുടെ വില്‍പ്പന 50 ശതമാനം വര്‍ധിച്ചതായി ശോഭ മാനേജ്മെന്റ് അറിയിച്ചു. '' കഴിഞ്ഞ വര്‍ഷം ശോഭ റിയാല്‍റ്റി റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തിയത്. ഇത് മുന്നോട്ടുള്ള വളര്‍ച്ചക്ക് പ്രോല്‍സാഹനം നല്‍കുന്നതാണ്. സാധ്യതകള്‍ ഏറെയുള്ള യുഎഇ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റില്‍ മുന്‍നിരയില്‍ തുടരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.'' ശോഭ ഗ്രൂപ്പ് സ്ഥാപകന്‍ പിഎന്‍സി മേനോന്‍ ദുബൈയില്‍ പറഞ്ഞു.

ശോഭ സനിയ ഐലന്റ്‌സ്

യുഎഇയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപായ ശോഭ സനിയ ഐലന്റ്‌സില്‍ ആദ്യഘട്ടത്തില്‍ 500 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ് നടത്തുന്നത്. 8,000 യൂണിറ്റുകളുള്ള ഈ പ്രൊജക്ടില്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും കമേഴ്‌സ്യല്‍ സ്‌പേസുകളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത പ്രൊജക്ടില്‍ 2,140 യൂണിറ്റുകള്‍ ഇതിനകം വില്‍പ്പന നടന്നതായി കമ്പനി അറിയിച്ചു. ഈ പദ്ധതി ഉള്‍പ്പടെ യുഎഇയില്‍ നാല് പ്രൊജക്ടുകളാണ് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചത്. ദുബൈ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റില്‍ 10 ശതമാനം വിപണി സാന്നിധ്യമാണ് ശോഭ റിയാല്‍റ്റിക്കുള്ളത്. 11 പ്രോജക്ടുകളാണ് ഇപ്പോള്‍ നിര്‍മാണത്തിലുള്ളത്. ബ്രാന്റ് ഹെല്‍ത്ത് സര്‍വെ പ്രകാരം എമിറേറ്റുകളില്‍ പ്രചാരമുള്ള ബ്രാന്റുകളില്‍ രണ്ടാം സ്ഥാനമാണ് ശോഭ റിയാല്‍റ്റിക്കുള്ളതെന്നും മാനേജ്‌മെന്റ് ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ഓസ്‌ട്രേലിയയിലും കമ്പനിയുടെ പുതിയ പ്രൊജക്ടുകള്‍ ലോഞ്ച് ചെയ്യുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT