UAE real estate canva
Real Estate

റാസ് അല്‍ ഖൈമക്ക് താജിന്റെ തലപ്പൊക്കം; ദുബൈ കമ്പനിയുമായി സഖ്യ സംരംഭം; ഉയരുന്നത് അള്‍ട്ര ലക്ഷ്വറി ഹോട്ടല്‍

ബി.എന്‍.ഡബ്ല്യുവുമായി ചേര്‍ന്നുള്ള സംരംഭം അല്‍ മര്‍ജാന്‍ ദ്വീപില്‍

Dhanam News Desk

യുഎഇയുടെ ഹോസ്പിറ്റാലിറ്റി രംഗത്ത് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പുതിയ കാല്‍വെപ്പ്. പ്രശസ്തമായ താജ് ഹോട്ടല്‍ ബ്രാന്റിന്റെ ഉടമകളായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്, റാസ് അല്‍ ഖൈമയില്‍ അള്‍ട്രാ ലക്ഷ്വറി ഹോട്ടല്‍ നിര്‍മിക്കും. നിലവില്‍ ദുബൈയില്‍ മൂന്നു ഹോട്ടലുകള്‍ ഉള്ള താജ്, ഇതര എമിറേറ്റുകളില്‍ ആരംഭിക്കുന്ന ആദ്യത്തെ പ്രോജക്ടാണിത്.

5 സ്റ്റാര്‍ ഹോട്ടല്‍ അല്‍ മര്‍ജാനില്‍

റാസ് അല്‍ ഖൈമയിലെ അല്‍ മര്‍ജാന്‍ ദ്വീപിലാണ് ആധുനിക സൗകര്യങ്ങളുള്ള താജ് 5 സ്റ്റാര്‍ ഹോട്ടല്‍ നിര്‍മിക്കുക. ദുബൈയിലെ പ്രമുഖ ഡെവലപ്പര്‍മാരായ ബി.എന്‍.ഡബ്ല്യുവുമായി ചേര്‍ന്നാണ് സംരംഭം. താജ് ദുബൈയില്‍ നടന്ന ചടങ്ങില്‍ ഇരു കമ്പനികളും ധാരണാപത്രം കൈമാറി. മുംബൈയിലും ചെന്നൈയിലുമുള്ള താജ് വെല്ലിംഗ്ടണ്‍ മ്യൂവ്‌സിന്റെ മാതൃകയിലാകും ഈ പദ്ധതിയെന്ന് ഇന്ത്യന്‍ ഹോട്ടല്‍സ് ഉടമകള്‍ വ്യക്തമാക്കി.

കൂടുതല്‍ പ്രോജക്ടുകള്‍

റാസ് അല്‍ ഖൈമയിലെ ഹോട്ടല്‍ പദ്ധതി അടുത്ത മാസമാണ് ലോഞ്ച് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ഹോട്ടലുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായി ബി.എന്‍.ഡബ്ല്യു ചെയര്‍മാനും സ്ഥാപകനുമായ അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു. താജ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം കേവലം ബിസിനസ് മാത്രമല്ല, പൈതൃകവും കലാപാമ്പര്യവും ഒന്നിപ്പിക്കുന്നത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ധാരണാപത്രം കൈമാറ്റ ചടങ്ങില്‍ മര്‍ജാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്ല അല്‍ അബ്ദുലി, ഇന്ത്യന്‍ ഹോട്ടല്‍സ് എം.ഡിയും സി.ഇ.ഒയുമായ പൂനീത് ചട്‌വാള്‍, ബി.എന്‍.ഡബ്ല്യു എം.ഡിയും സഹ സ്ഥാപകനുമായ ഡോ.വിവേക് ആനന്ദ് ഒബറോയ്, മാനേജിംഗ് പാര്‍ട്ണര്‍ ശുഭ്കുമാര്‍ പട്ടേല്‍ തുടങ്ങിയവരും പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT