Real Estate

വീടുപണിയാനുള്ള സ്ഥലം വാങ്ങുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

Dhanam News Desk

വീടെന്നത് മലയാളികള്‍ക്ക് സ്വപ്‌നം മാത്രമല്ല, ജീവിതത്തിലെ വലിയ സമ്പാദ്യം കൂടിയാണ്. എന്നാല്‍ സ്ഥലം വാങ്ങി വീട് വയ്ക്കാന്‍ പദ്ധതിയിടുന്നവര്‍ പലപ്പോഴും റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ക്ക് ആ ജോലി ഏല്‍പ്പിക്കുകയാണ് പതിവ്. എന്‍ഐര്‍ഐ കള്‍ക്കൊക്കെയാണ് ഇത്തരത്തില്‍ അല്ലാതെ മറ്റു മാര്‍ഗമില്ലാതെ പോകുന്നത്. എന്നാല്‍ വാങ്ങുന്ന സ്ഥലം വീട് വയ്ക്കാന്‍ അനുയോജ്യമാണോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥലം ഏത് തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്, പൈതൃക പ്രദേശമോ നിയന്ത്രിത മേഖലയോ മറ്റോ ആണോ തുടങ്ങി ഏറ്റവും ശ്രദ്ധിക്കേണ്ട ചില വിവരങ്ങള്‍ വിട്ടു പോകരുത്. ഇതാ വീടു പണിയാന്‍ സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ചുവടെ.

  • വസ്തുവിന്റെ സ്വഭാവമനുസരിച്ച് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വസ്തു ഇടപാടുകള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, റവന്യു വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ്, അഗ്നിശമനസേന തുടങ്ങിയവരില്‍ നിന്നും ഇതിനുള്ള രേഖകള്‍ ശേഖരിക്കണം.
  • പ്ലോട്ടിലേക്കുള്ള വഴിയുടെ വീതി പ്രധാനമാണ്. അംഗീകൃത പദ്ധതികള്‍ പ്രകാരം വഴി വിടേണ്ടതുണ്ടെങ്കില്‍ ബാക്കിയുള്ള പ്ലോട്ട് കണക്കാക്കി വേണം വീട് പ്ലാന്‍ ചെയ്യാം. ഇത്തരം വിവരങ്ങള്‍ അറിയാന്‍ ജില്ലാ ടൗണ്‍ പ്ലാനര്‍, തദ്ദേശസ്വംയംഭരണ സ്ഥാപനങ്ങള്‍ എ്ന്നിവിടങ്ങളില്‍ അന്വേഷിക്കണം.
  • മണ്ണിട്ട് നികത്തിയ സ്ഥലമാണെങ്കില്‍ അടിത്തറ പണിയുന്നതിന് ചെലവ് കൂടും. രണ്ട് അടി താഴ്ചയിലെങ്കിലും മണ്ണ് ലഭിക്കുന്നുണ്ടോ എന്ന് അറിയണം. തീരദേശങ്ങള്‍, സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ ഇവിടെ ഉണ്ടോ എന്നു പരിശോധിക്കണം.
  • വിമാനത്താവളം, പോര്‍ട്ട്, സൈനിക കേന്ദ്രങ്ങളുടെ നിയന്ത്രിത മേഖല, റെയില്‍വേ ബൗണ്ടറി എന്നിവ അടുത്താണ് പ്ലോട്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ എ്ന്‍ഓസി ആവശ്യമായി വരും.
  • കെട്ടിട നിര്‍മാണ ചട്ടമനുസരിച്ച് ഏഴുമീറ്റര്‍ പൊക്കം വരെയുള്ള വീടുകള്‍ക്ക് മുന്‍വശം മൂന്നു മീറ്റര്‍, പിന്‍വശം രണ്ട് മീറ്റര്‍, വശങ്ങളിലായി ഒരു മീറ്റര്‍, 1.20 മീറ്റര്‍ എന്നിങ്ങനെ ഒഴിച്ചടണം.
  • ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍, ടവറുകള്‍ എന്നിവ സമീപമുള്ള പ്ലോട്ടുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
  • അടിയാധാരം, മുന്നാധാരം എന്നിവ പരിശോധിച്ച് നിയമപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പു വരുത്തണം.
  • ബില്‍ഡറോ ബ്രോക്കറോ തിരക്കു പിടിച്ചാലും കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ പിന്നീട് മാറ്റം വരുത്താന്‍ പറ്റാത്തതിനാല്‍ ശ്രദ്ധാപൂര്‍വം വായിച്ചു നോക്കേണ്ടതാണ്. ഇടപാടിന്റെ എല്ലാ ഘട്ടങ്ങളിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പരിജ്ഞാനമുള്ള, വിശ്വസ്തനായ ഒരാളെ കൂടെ കൂട്ടുന്നത് നല്ലതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT