Real Estate

ലുലു അടക്കം കേരളത്തില്‍ നിന്നും നാലെണ്ണം: ഇന്ത്യയിലെ ടോപ് 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഹുറൂണ്‍ ലിസ്റ്റ് പുറത്ത്

റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ആകെ മൂല്യം ശ്രീലങ്കയുടെ ജി.ഡി.പിയേക്കാളും വലുത്

Dhanam News Desk

ഹുറൂണ്‍ ഗ്രോഹെ ഇന്ത്യയിലെ ഏറ്റവും മികച്ച 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ പട്ടിക പുറത്തിറക്കി. ഗുരുഗ്രാം ആസ്ഥാനമായി ദേവീന്ദര്‍ സിംഗ് നേതൃത്വം നല്‍കുന്ന ഡി.എല്‍.എഫാണ് 2,02,140 കോടി രൂപ മൂല്യത്തോടെ രാജ്യത്തെ റിയാല്‍റ്റി കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ളത്. അഭിഷേക് ലോധയുടെ മുംബൈ ആസ്ഥാനമായ മാക്രോടെക് ഡെവലപ്പേഴ്സ് 1,36,730 കോടി രൂപയുമായി രണ്ടും പുനീത് ഛത്വാളിന്റെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി 79,150 കോടി രൂപയുമായി മൂന്നും സ്ഥാനത്തെത്തി.

21-ാം സ്ഥാനത്തുള്ള ലുലു ഇന്റർനാഷണൽ ഷോപ്പിങ് മാൾ, 67-ാം സ്ഥാനത്തുള്ള സ്‌കൈലൈന്‍ ബില്‍ഡേഴ്സ്, 73-ാം സ്ഥാനത്തുള്ള എസ്.എഫ്.എസ് ഹോംസ്, 96-ാം സ്ഥാനത്തുള്ള അസറ്റ് ഹോംസ് എന്നിവയാണ് കേരളത്തില്‍ നിന്ന് പട്ടികയിലുള്ളവര്‍. എം. എ. യൂസഫലിയുടെ ലുലു ഇന്റർനാഷണൽ ഷോപ്പിങ് മാളിന് 17,190 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്.

കെ വി അബ്ദുള്‍ അസീസ് നേതൃത്വം നല്‍കുന്ന 35 വര്‍ഷത്തെ പാരമ്പര്യവും 2,410 കോടി രൂപ മൂല്യവുമുള്ള കമ്പനിയാണ് സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ്. 40 വര്‍ഷത്തെ പ്രവര്‍ത്തന മികവുള്ള എസ്.എഫ്.എസിന് 2,100 കോടി രൂപയാണ് മൂല്യം. ലവ കൃഷ്ണനാണ് സാരഥി. സുനിൽകുമാർ.വിയുടെ നേതൃത്വത്തിൽ 17 വര്‍ഷം പൂര്‍ത്തിയാക്കിയ അസറ്റ് ഹോംസിന് 1,370 കോടിയുടെ മൂല്യമാണ് ഹുറൂണ്‍ ലിസ്റ്റിലുള്ളത്. ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ആകെ മൂല്യം ഒമാന്റെയും ശ്രീലങ്കയുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാള്‍ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT