canva
Real Estate

റിയല്‍ എസ്‌റ്റേറ്റില്‍ ആഡംബര ഭ്രമം, സീനിയര്‍ ലിവിംഗ് മുതല്‍ കൊമേഴ്‌സ്യല്‍ സ്‌പേസില്‍ വരെ അടുമുടി മാറ്റം, പുതിയ ട്രെന്‍ഡുകള്‍ ഇതൊക്കെ

ആഡംബര ഫ്‌ളാറ്റുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതുള്‍പ്പെടെ പുതിയ പ്രവണതകള്‍ പൊട്ടിമുളക്കുകയാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍

Ajaya Kumar

ഒരു ഫ്‌ളാറ്റിന് വില 15 കോടി രൂപയോളം! ഇന്ത്യയിലെ വന്‍നിര നഗരങ്ങളിലെ കഥയല്ല. കൊച്ചി തേവരയില്‍ വേമ്പനാട്ട് കായലിന്റെ ഓരം ചേര്‍ന്ന് കേരളത്തിലെ ഒരു പ്രമുഖ ബില്‍ഡേഴ്‌സ് ഒരുക്കുന്ന സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റിന്റെ വിലയാണ്. എല്ലാ ആഡംബര സൗകര്യങ്ങളും ഉള്‍പ്പെടുത്തി 2,000 ചതുരശ്രയടിയില്‍ ലാന്‍ഡ്‌സ്‌കേപ് ചെയ്ത ടെറസ് ഉള്‍പ്പെടെയാണ് ഫ്‌ളാറ്റ് ഒരുക്കുന്നത്. രണ്ടര ഏക്കറിലാണ് പ്രോജക്ട്. കമ്പനി ഇന്‍വിറ്റേഷന്‍ അയക്കുന്നവര്‍ക്ക് മാത്രമാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാറുന്ന കേരളത്തിന്റെ മുഖമാണിത്.

പൊട്ടും പൊടിയും സ്വരുക്കൂട്ടി വലിയ തുക ബാങ്ക് വായ്പയും എടുത്ത് അമ്പത് ലക്ഷത്തിനും അറുപത് ലക്ഷത്തിനും ഫ്‌ളാറ്റ് വാങ്ങിയിരുന്നിടത്ത് നിന്ന് കോടികള്‍ വിലവരുന്ന ആഡംബര അപ്പാര്‍ട്ട്‌മെന്റുകളിലേക്കും വില്ലകളിലേക്കും പതുക്കെ മലയാളി മാറുകയാണ്.

സീനിയര്‍ ഹോമുകളാണ് കേരളത്തിലെ മറ്റൊരു ട്രെന്‍ഡ്. എന്‍എച്ച് 66 യാഥാര്‍ത്ഥ്യമാകുന്നതോടെ  വെയര്‍ഹൗസുകളും പുതിയ കൊമേഴ്‌സ് കെട്ടിടങ്ങളും ഉയര്‍ന്നുവരുന്നതിനും സാക്ഷ്യം വഹിക്കുകയാണ് കേരളം. അതേസമയം ബാധ്യതകള്‍ മൂലം വീടുകള്‍ വില്‍പ്പനയ്ക്കിട്ടിരിക്കുന്ന വലിയൊരു വിഭാഗവും ഇവിടെയുണ്ട്. യൂസ്ഡ് ഹോമുകള്‍ക്ക് വലിയ വിപണിയാണ് മലബാര്‍ മേഖലയിലടക്കം ഉള്ളത്. കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പുതിയ ട്രെന്‍ഡുകള്‍ നോക്കാം.

ഭ്രമം ആഡംബരത്തോട്

കേരളത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പനയില്‍ കാര്യമായ കുതിച്ചുചാട്ടം ഉണ്ടാകുന്നില്ല. എന്നാല്‍ ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വില്ലകള്‍ക്കും വലിയ ഡിമാന്‍ഡ് ഉണ്ട്. തിരുവനന്തപുരം,കൊച്ചി, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലെല്ലാം 1.5 കോടി മുതല്‍ നാല് കോടി രൂപ വരെയുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ വലിയ തോതില്‍ വിറ്റുപോകുന്നുണ്ടെന്നാണ് കണക്കുകള്‍. നേരത്തെ 60 ലക്ഷം രൂപ വരെയുള്ള അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയിരുന്ന ഇടത്തരക്കാര്‍ക്ക് പോലും ഇപ്പോള്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളോടാണ് പ്രിയം. പ്രമുഖ ബില്‍ഡര്‍മാരെല്ലാം ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും അവരുടെ പ്രോജക്ടുകളില്‍ ഉള്‍പ്പെടുത്തുന്നു എന്നത് മാത്രമല്ല, ചെറുകിട ബില്‍ഡര്‍മാര്‍ പോലും ഈയൊരു വിപണിയില്‍ കണ്ണുവെച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഫൈന്‍ഡേ ഹോംസ് കൊച്ചി കണ്ടെയ്‌നര്‍ റോഡില്‍ നിര്‍മിച്ച 2.5 കോടി രൂപ വരെ വില വരുന്ന വില്ലകള്‍ എല്ലാം വിറ്റുപോയതായി കമ്പനി പറയുന്നു. ഇടപ്പള്ളിയില്‍ നാല് കോടിയുടെ അള്‍ട്രാ ലക്ഷ്വറി വില്ലകള്‍ ഒരുക്കുകയാണ് അവര്‍. വിദേശ ഇന്ത്യക്കാരും ബിസിനസുകാരുമായിരുന്നു മുമ്പ് ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇത് താങ്ങാവുന്നതായി. ഐടി മേഖലയിലെ ഉയര്‍ന്ന തലത്തില്‍ ജോലി ചെയ്യുന്നവരും സ്റ്റാര്‍ട്ടപ്പ് ഉടമകളും അതില്‍പ്പെടുന്നു. യൂട്യൂബ് വ്‌ളോഗര്‍മാരും ഇന്‍ഫ്‌ളുവന്‍സര്‍മാരുമാണ് മറ്റൊരു വിഭാഗം.

സീനിയര്‍ ഹോമുകള്‍

കുട്ടികള്‍ നാട്ടിലില്ല, ഒറ്റപ്പെടുന്ന മാതാപിതാക്കള്‍. പുതിയ കേരളത്തിലെ കാഴ്ചയാണിത്. എന്നാല്‍ അങ്ങനെ ഒറ്റപ്പെടുന്നവര്‍ക്ക് തണലൊരുക്കുകയാണ് ബില്‍ഡര്‍മാര്‍. മുതിര്‍ന്ന ആളുകള്‍ മാത്രം താമസിക്കുന്നതും അവര്‍ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ സീനിയര്‍ ഹോമുകളുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നുണ്ട്. ആവശ്യക്കാര്‍ക്കും പഞ്ഞമില്ല.

ബ്ലെസ് ഹോംസിന്റെ കൊച്ചിയിലെ പ്രോജക്ട്, ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ കോട്ടയത്തെ പ്രോജക്ടുകള്‍, പിഎസ്മിഷന്റെ കൊച്ചിയിലെ പ്രോജക്ട്, അതുല്യ, സീസണ്‍ ടു എന്നിവയുടെ പ്രോജക്ടുകള്‍, കാന്‍കെയര്‍ സീനിയര്‍ കെയര്‍ പ്രോജക്ട്, തൃശൂരിലെ ശാന്തി ഭവന്‍, തറവാട്, പാലക്കാട്ടെ അനന്ത ലിവിംഗ് തുടങ്ങി നിരവധി പ്രോജക്ടുകള്‍ പൂര്‍ത്തിയായതും അല്ലാത്തതുമായുണ്ട്. അതില്‍ തന്നെ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ മുതല്‍ മുകളിലേക്ക് എല്ലാ ആഡംബര സൗകര്യങ്ങളുമുള്ളവയുണ്ട്. മുതിര്‍ന്ന ആളുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ഇവയില്‍ ഡോക്ടര്‍മാരുടെ സേവനം, പരിശീലനം സിദ്ധിച്ച ഹൗസ് സ്റ്റാഫുകള്‍, മികച്ച മെഡിക്കല്‍ സേവനം എന്നിവയെല്ലാം ലഭ്യമാണ്.

ചില അപ്പാര്‍ട്ട്‌മെന്റുകള്‍ 'റൈറ്റ് ടു സ്റ്റേ' സങ്കല്‍പ്പത്തിലുള്ളവയാണ്. അത് മറ്റൊരാള്‍ക്ക് വില്‍ക്കാനാവില്ല. കാലശേഷം നിശ്ചിത തുക അനന്തരാവകാശികള്‍ക്ക് നല്‍കുകയാണ് രീതി. പാലായിലെ സിനര്‍ജി ഹോം പോലെ മുതിര്‍ന്ന ആളുകള്‍ക്ക് മാത്രമായി വില്ലാ പ്രോജക്ടുകളും ഉയര്‍ന്നുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വതന്ത്ര വില്ലകള്‍ നല്‍കുമ്പോള്‍ തന്നെ അടുക്കളയടക്കമുള്ളവ പൊതുവായാണ്.

യൂസ്ഡ് ഹോം

സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ വ്യാപകമായി കേരളത്തില്‍ വില്‍പ്പനയ്ക്കുണ്ടെന്നതാണ് മറ്റൊരു വാര്‍ത്ത. പുറംനാടുകളില്‍ ജോലി തേടി പോയി അവിടങ്ങളില്‍ സ്ഥിരതാമസമാക്കുന്നവര്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നവ മാത്രമല്ല അത്. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വില്‍ക്കുന്നവരും പുതിയ വീടുകളിലേക്ക് മാറുന്നവരും ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് വെക്കുന്നുണ്ട്. ഇതിന് വലിയ തോതില്‍ ആവശ്യക്കാരുമുണ്ടെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പ്രത്യേകിച്ച് മലബാര്‍ ഭാഗങ്ങളില്‍ ഇവ മാത്രം കൈകാര്യം ചെയ്യുന്ന ബ്രോക്കര്‍മാര്‍ നിരവധിയുണ്ട്. ചെറിയ പണത്തിന് മെച്ചപ്പെട്ട വീടുകള്‍ കിട്ടും എന്നതാണ് വാങ്ങുന്നവരെ ആകര്‍ഷിക്കുന്നത്.

ടൗണ്‍ഷിപ്പുകള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. ഹൈലൈറ്റ് സിറ്റിയുടെ ഭാഗമായി ഒരുക്കിയ ഞങ്ങളുടെ പുതിയ പ്രോജക്ടുകളിലെ യൂണിറ്റുകളെല്ലാം വിറ്റുപോയി. കുറഞ്ഞ വിലയ്ക്ക് സൂപ്പര്‍ ലക്ഷ്വറി നല്‍കുകയായിരുന്നു ലക്ഷ്യം. ആളുകള്‍ വിലയല്ല, നല്ല സൗകര്യങ്ങള്‍ കിട്ടുമോ എന്നതാണ് പ്രധാനമായി നോക്കുന്നത്.
പി. സുലൈമാന്‍, ചെയര്‍മാന്‍, ഹൈലൈറ്റ് ഗ്രൂപ്പ്

ചെറുപട്ടണങ്ങളിലേക്ക്

പ്രധാനമായും മുന്ന് വലിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖല വികസിച്ചു വന്നിരുന്ന സ്ഥിതിയല്ല ഇന്ന് കേരളത്തിലുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയ്ക്ക് പുറമേ തൃശൂരും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ ധാരാളിത്തത്തിലായിരുന്ന കാലത്തു നിന്ന് ചെറു നഗരങ്ങളായ പാലക്കാട്, കോട്ടയം, കൊല്ലം, കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ഇടങ്ങളിലും കൂടുതലായി പ്രോജക്ടുകള്‍ വരുന്നുണ്ട്. കേരളത്തില്‍ ആകെ 236 പ്രോജക്ടുകളാണ് 2024ല്‍ റെറയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2023ല്‍ 211ഉം 2022ല്‍ 159 പ്രോജക്ടുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 86 എണ്ണം എറണാകുളത്തും തിരുവനന്തപുരത്ത് 69 എണ്ണവും തൃശ്ശൂരില്‍ 36 എണ്ണവും ആണ്. കോഴിക്കോട് 19, പാലക്കാട് 13ഉം പ്രോജക്റ്റുകളാണ് കഴിഞ്ഞ വര്‍ഷംഉണ്ടായത്. മലപ്പുറത്ത് നാലും. കാസര്‍കോടും വയനാടും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളിലും കഴിഞ്ഞ വര്‍ഷം പുതിയ പ്രോജക്ടുകള്‍ തുടങ്ങിയിട്ടുണ്ട്.

പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ റിയല്‍ എസ്റ്റേറ്റില്‍ മികച്ച വളര്‍ച്ച ഉണ്ടാകുമെന്നാണ് ആഗോള ബിസിനസ് വിവര വിശകലന കമ്പനിയായ ക്രിസില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. പ്രധാനനഗരങ്ങളില്‍ പോലും പുതിയ പ്രോജക്ടുകള്‍ നഗരം വിടുന്നു. കോഴിക്കോട്ട് ബൈപ്പാസാണ് ഇപ്പോള്‍ ബില്‍ഡര്‍മാരുടെ പ്രിയപ്പെട്ട ഇടം. തിരുവനന്തപുരത്ത് ബൈപ്പാസിന് പുറമേ കവടിയാര്‍, ശാസ്തമംഗലം, അമ്പലമുക്ക് എന്നിവിടങ്ങളിലും ചാക്ക മുതല്‍ ടെക്‌നോസിറ്റി വരെയും വികസിച്ചുവരുന്നുണ്ട്. കൊച്ചിയില്‍ കടവന്ത്ര, കലൂര്‍ ഭാഗങ്ങളില്‍ ഇപ്പോഴും വലിയ ഡിമാന്‍ഡ് ഉണ്ട്. ഇടപ്പള്ളി, തൃപ്പൂണിത്തുറ ഭാഗങ്ങളിലാണ് പുതിയ പദ്ധതികള്‍ കൂടുതലും വരുന്നത്. കൊച്ചിയിലെ ഇടപ്പള്ളി, പള്ളിക്കര, കളമശ്ശേരി, വാഴക്കാല, വൈറ്റില, തൃശൂരിലെ കുരിയച്ചിറ, പൂങ്കുന്നം എന്നിവിടങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളായി മാറുമെന്ന് ക്രിസിലും പറയുന്നു. സ്ഥല ലഭ്യത ഇതിന് വലിയ ഘടകമാണ്.

മിഡില്‍ ക്ലാസ്, അപ്പര്‍ മിഡില്‍ ക്ലാസ് ആളുകള്‍ ലക്ഷ്വറി ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാന്‍ തയാറാണ്. അവരുടെ വരുമാനം വര്‍ധിച്ചു. വരുമാന നികുതി ഒഴിവ് പോലുള്ള നടപടികള്‍ ഡിസ്‌പോസിബ്ള്‍ വരുമാനം കൂട്ടി.
രഘുചന്ദ്രന്‍ നായര്‍, മാനേജിംഗ് ഡയറക്റ്റര്‍, എസ്‌ഐ പ്രോപ്പര്‍ട്ടീസ്

ടെക്‌നോളജി, ഗ്രീന്‍ വീടുകള്‍

എഐ അടിസ്ഥാനമാക്കിയുള്ള സെക്യൂരിറ്റി സംവിധാനങ്ങള്‍, ഓട്ടോമേറ്റഡ് ലൈറ്റിംഗ് തുടങ്ങി പുതിയ സാങ്കേതിക വിദ്യകള്‍ വീടുകളില്‍ ഏര്‍പ്പെടുത്തുന്നത് ട്രെന്‍ഡായി മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഹോം വിപണിക്ക് രാജ്യത്ത് വലിയ വളര്‍ച്ചാ സാധ്യതകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2024 മുതല്‍ 2028 വരെ കാലയളവില്‍ വിപണി 9.14 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. ഏകദേശം 9.2 ബില്യണ്‍ ഡോളറിന്റെ വിപണിയായി ഇത് മാറും. നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ വീടുകളില്‍ സ്ഥാപിച്ച് സുരക്ഷയും ഊര്‍ജ കാര്യക്ഷമതയും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നവയാണ് സമാര്‍ട്ട് ഹോമുകള്‍. ഇതോടൊപ്പം ഗ്രീന്‍ ബില്‍ഡിംഗ് എന്ന സങ്കല്‍പ്പത്തിനും പ്രചാരം കൂടിവരുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. 2025ല്‍ ഏകദേശം 3.2 ലക്ഷം കോടി രൂപയുടെ ഗ്രീന്‍ ബില്‍ഡിംഗ് വിപണിയായി ഇന്ത്യ മാറുമെന്നും നാഷണല്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ കണക്കുകൂട്ടുന്നു. കൂള്‍ റൂഫുകള്‍, ഇലക്ട്രോക്രോമിക് സ്മാര്‍ട്ട് ഗ്ലാസ്, വൈദ്യുതി ഉപയോഗം കുറവുള്ള സ്മാര്‍ട്ട് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ഊര്‍ജ, ജല ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുകയും ശുദ്ധമായ വായു നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഗ്രീന്‍ ഹോം പ്രോജക്ടുകളും കേരളത്തില്‍ പൊങ്ങിവരുന്നുണ്ട്.

കൊച്ചിയില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ് നിരവധി ഒഴിഞ്ഞുകിടക്കുന്നുണ്ട്. വന്‍കിട മാളുകള്‍ മാത്രമാണ് മുഴുവന്‍ നിറഞ്ഞിരിക്കുന്നത്. അല്ലാത്തവയ്ക്ക് വാടകക്കാരെ ലഭിക്കുന്നില്ല. വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം ഓഫീസ് സ്‌പേസിനും തിരിച്ചടിയായി.
അനില്‍ വര്‍മ, മാനേജിംഗ് ഡയറക്റ്റര്‍, വര്‍മ ഹോംസ്

കൊമേഴ്‌സ്യല്‍ സ്‌പേസിനും ഇടമുണ്ട്

കൊച്ചിയില്‍ കൊമേഴ്‌സ്യല്‍ സ്‌പേസ് ഒരുക്കുക എന്നത് അത്ര ലാഭകരമല്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. കാരണം 50-60 ലക്ഷം രൂപ സെന്റിന് നല്‍കി ലക്ഷങ്ങള്‍ മുടക്കി കെട്ടിടം പണിതാല്‍ അതില്‍ നിന്ന് ലഭിക്കുന്ന വാടക മതിയാകുന്നില്ലെന്ന വാദമാണ് അവര്‍ ഉയര്‍ത്തുന്നത്. ചതുരശ്രയടിക്ക് 50 രൂപ മുതലാണ് പലയിടങ്ങളിലും വില. ദേശീയ-രാജ്യാന്തര ബ്രാന്‍ഡുകളാണെങ്കില്‍ പരമാവധി 140 രൂപ വരെയാണ് ചതുരശ്രയടിക്ക് കൊച്ചിയില്‍ വാടക ലഭിക്കുന്നത്. അതും ഗ്രൗണ്ട് ഫോളിറിന്. ഒന്നാം നിലയും അത്യാവശ്യം വാടകയ്ക്ക് പോകുന്നുണ്ടെങ്കിലും അതിനു മുകളിലുള്ളവ പലയിടങ്ങളിലും വാടകയ്ക്ക് എടുക്കാന്‍ ആളില്ലെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

എന്നാല്‍ ദേശീയപാത വികസനം പൂര്‍ത്തിയാകുന്നതോടെ അതിനോടനുബന്ധിച്ച സ്ഥലങ്ങളില്‍ കൊമേഴ്‌സ്യല്‍ സ്‌പേസിന് വര്‍ധിച്ച ആവശ്യകത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന് പുറത്തുള്ള ബ്രാന്‍ഡുകള്‍ ഇവിടെ വരാന്‍ വിമുഖത കാട്ടിയിരുന്നത് ഗതാഗത പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാല്‍ ദേശീയപാത വരുന്നതോടെ കേരളം ഒറ്റനഗരം എന്നത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാകും. കൂടുതല്‍ ദേശീയ-രാജ്യാന്തര ബ്രാന്‍ഡുകളും തദ്ദേശീയമായ കടകളും ഇവിടെ തുറക്കും. ഇത് കൊമേഴ്‌സ്യല്‍ മേഖലയ്ക്ക് വലിയ ഉത്തേജനമാകും. രാജ്യത്ത് 2024 ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 53.4 ദശലക്ഷം ചതുരശ്രയടി കെട്ടിടം വാടകയ്ക്ക് നല്‍കിയെന്നാണ് കെപിഎംജി നടത്തിയ പഠനം സൂചിപ്പിക്കുന്നത്. വെയര്‍ഹൗസുകളുടെ ആവശ്യകത കൂടിയ സാഹചര്യത്തില്‍ കേരളത്തില്‍ അങ്ങിങ്ങായി വെയര്‍ഹൗസുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. കോ വര്‍ക്കിംഗ് സ്‌പേസുകളാണ് മറ്റൊരു മേഖല. പ്രമുഖ നഗരങ്ങളിലെല്ലാം ഒന്നിലേറെ കോ വര്‍ക്കിംഗ് സ്‌പേസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താരതമ്യേന കുറഞ്ഞ ചെലവില്‍ ആധുനികമായ എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസായി പ്രവര്‍ത്തിക്കാനാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 

(ധനം ദ്വൈവാരികയില്‍ 2025 മാര്‍ച്ച് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT