Real Estate

റബ്ബര്‍ വില ഇനിയും ഉയരുമോ? എഎന്‍ആര്‍പിസി പറയുന്നതിങ്ങനെ

വില കൂടാനുള്ള സാഹചര്യങ്ങള്‍ എന്ന പോലെ കുറയാനുള്ള ഘടകങ്ങളും ഉണ്ടെന്നതാണ് ആശങ്കയുണ്ടാക്കുന്നത്

Dhanam News Desk

ഉല്‍പ്പാദന-ലഭ്യതക്കുറവും ചൈനയിലേക്കുള്ള ഇറക്കുമതിയും റബ്ബര്‍ വില കൂടാന്‍ കാരണമാകുമെന്ന് അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് (എഎന്‍ആര്‍പിസി) ദൈവാര റിപ്പോര്‍ട്ട്. പല ഘടകങ്ങള്‍ കൊണ്ട് ഡിംസബര്‍ മുതല്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ആവശ്യമായ റബ്ബറിന്റെ 71 ശതമാനം നല്‍കുന്ന തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ചൈന എന്നീ രാജ്യങ്ങളില്‍ ഉല്‍പ്പാദനം കുറയുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. നവംബറില്‍ 9.85 ലക്ഷം ടണ്‍ റബ്ബറാണ് ഈ രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചത്. ഡിസംബറില്‍ 8.57 ലക്ഷം ടണ്ണായി കുറയും. അടുത്ത വര്‍ഷം ജനുവരിയില്‍ 8.4 ലക്ഷം ടണ്‍, ഫെബ്രുവരിയില്‍ 7.14 ലക്ഷം ടണ്‍ എന്നിങ്ങനെ ഉല്‍പ്പാദനം കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് ആഗോള വിപണിയില്‍ സ്വാഭാവിക റബ്ബറിന്റെ വില ഉയരാന്‍ കാരണമാകും.

ലൂണാര്‍ പുതുവര്‍ഷ അവധിക്കു മുമ്പായി ചൈന വ്യാപകമായി റബ്ബര്‍ ഇറക്കുമതി ചെയ്യുമെന്നതാണ് വില കൂടും എന്ന നിഗമനത്തിനുള്ള പിന്നിലെ മറ്റൊരു കാരണം. ഡിസംബര്‍-ജനുവരിയില്‍ ആകും ഇ്ത്. ഏകദേശം അഞ്ചു ലക്ഷം ടണ്‍ റബ്ബര്‍ ഡിസംബര്‍-ജനുവരിയില്‍ ചൈനയ്ക്ക് ആവശ്യമായി വരും. ഡിസംബറില്‍ 5 .01 ലക്ഷം ടണ്ണും ജനുവരിയില്‍ 5.04 ലക്ഷം ടണ്ണും ഇറക്കുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2021 ല്‍ റബ്ബര്‍ ലഭ്യതയില്‍ ഏകദേശം രണ്ടു ലക്ഷം ടണ്ണിന്റെ കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 14.76 ദശലക്ഷം ടണ്‍ റബ്ബര്‍ ആവശ്യമായിടത്ത് 13.882 ദശലക്ഷം ടണ്ണാണ് വിപണിയിലെത്തുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡിമാന്‍ഡ്-സപ്ലൈ എന്നിവയില്‍ ഉണ്ടായിരിക്കുന്ന വ്യത്യാസം റബ്ബര്‍ വില ഉയരാന്‍ കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.

നവംബറിലെ രണ്ടാം പകുതിയില്‍ സ്വാഭാവിക റബ്ബറിന് വില കൂടിയത് കര്‍ഷകരില്‍ ഉത്സാഹം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ടാപ്പിംഗ് സീസണ്‍ തുടങ്ങിയതോടെ ഡിസംബര്‍ ആദ്യവാരത്തോടെ വിലയില്‍ ഇടിവുണ്ടായി. കിലോയ്ക്ക് 179 രൂപയാണ് കോട്ടയത്ത് ശരാശരി വില. നവംബര്‍ അവസാനം കിലോയ്ക്ക് 191 രൂപ വരെ ലഭിച്ചിരുന്നു.

വിട്ടുമാറാത്ത മഴയെ തുടര്‍ന്ന് റബര്‍ മരത്തിന്റെ ഇലകള്‍ പൊഴിഞ്ഞു പോയത് പാല്‍ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. മഴ ശമിച്ചെന്നു കരുതി ടാപ്പിംഗ് തുടങ്ങിയവര്‍ ഇതോടെ താല്‍ക്കാലികമായെങ്കിലും ടാപ്പിംഗ് നിര്‍ത്തിവെച്ചതും സ്വാഭാവിക റബ്ബറിന്റെ ലഭ്യത കുറച്ചു.

അതേസമയം യുഎസ് ഡോളര്‍ ശക്തിപ്രാപിക്കുന്നത് റബ്ബര്‍ ഇടക്കമുള്ള ചരക്കുകള്‍ക്ക് ദോഷകരമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് യൂറോപ്യന്‍ വിപണിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും റബ്ബറിന്റെ ഡിമാന്‍ഡ് കുറച്ചേക്കാം. ഇതിനെല്ലാം പുറമേ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ചിപ്പ് ക്ഷാമം വാഹന നിര്‍മാണം കുറയ്ക്കുന്നതും റബ്ബറിന്റെ ഡിമാന്‍ഡ് കുറയാന്‍ കാരണമാകും. ഇത് വിലയെയും ബാധിച്ചേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT