Image courtesy: Canva
Real Estate

യുവാക്കള്‍ക്ക് സ്വന്തം വീടു വേണ്ട, വാടക വീട് മതിയോ? റിയല്‍ എസ്‌റ്റേറ്റ് ഓഹരി ഇടിവ് തുടരുന്നത് മാറ്റത്തിന്റെ സൂചനയോ?

2026 റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് നല്ല വര്‍ഷമല്ലേ? മൂന്നാംപാദ ഫലങ്ങള്‍ക്കു പിന്നാലെ കൂടുതല്‍ ഇടിവിലാണ് റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഓഹരികള്‍. വീടുകള്‍ക്കും ഓഫീസ് സ്‌പേസുകള്‍ക്കും ഡിമാന്റ് കുറഞ്ഞുവെന്നാണോ ഇതിനര്‍ഥം? പരിശോധിക്കാം

Dhanam News Desk

ജനുവരി പിന്നിടുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് ഇരട്ട മുഖമാണ്. ഒരുവശത്ത് തളര്‍ച്ച. മറ്റൊരു വശത്ത് വളര്‍ച്ച. ഉയര്‍ന്ന വിലയുള്ള പ്രീമിയം വീടുകള്‍ക്ക് ഇപ്പോഴും നല്ല ഡിമാന്റ്. അതേസമയം, നിര്‍മാണ രംഗത്ത് ഉണര്‍വില്ല. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ഓഹരികള്‍ തുടര്‍ച്ചയായ ഇടിവിലാണ്. വിലക്കയറ്റം, വാങ്ങല്‍ ശേഷി, ലാഭ പ്രതീക്ഷകളിലെ അനിശ്ചിതത്വം എന്നിവയാണ് നിക്ഷേപകരെ ജാഗ്രതയിലേക്ക് നയിക്കുന്നത്.

പ്രധാന ട്രെന്‍ഡുകള്‍

പുതുതലമുറയുടെ ചിന്ത ഏറെ ശ്രദ്ധേയമാണ്. വീടു വാങ്ങുക, അതിനു വേണ്ടി ഭീമമായ തുക മുടക്കുക, ലോണ്‍ എടുക്കുക എന്നിങ്ങനെയുള്ള ബാധ്യത വലിച്ചു തലയില്‍ വെക്കാന്‍ മടിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. വലിയ നഗരങ്ങളില്‍ വീടു വാങ്ങി അതിന്റെ ഭാരം ജീവിതകാലം മുഴുവന്‍ തലയിലേറ്റുന്നതിനേക്കാള്‍ ലാഭകരം വാടക കൊടുക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നവര്‍ 'ജെന്‍സി' തലമുറയില്‍ ഏറെയുണ്ട്.

രണ്ടാമത്തെ കാര്യം, മധ്യവര്‍ഗ-ഉയര്‍ന്ന വരുമാന വിഭാഗങ്ങള്‍ക്ക് ഒരു വീട് തീര്‍ച്ചയായും ഉണ്ട്. കുട്ടികള്‍ ഒന്നോ രണ്ടോ മാത്രം. അതില്‍ തന്നെ പലരും വിദേശത്ത്. അതുകൊണ്ട് ജോലി ചെയ്യുന്ന സ്ഥലത്ത് പുതിയൊരു വീട് അനിവാര്യമായി അവര്‍ കാണുന്നില്ല. മൂന്നാമത്തെ കാര്യം, ജോലി സംബന്ധമായ അനിശ്ചിതത്വമാണ്. പല പതിനായിരങ്ങള്‍ ഇ.എം.ഐ കൊടുത്ത് വീടു വാങ്ങുന്ന ട്രെന്‍ഡ് ഇന്ന് ഐ.ടി പ്രഫഷണലുകള്‍ക്കിടയില്‍ കുറവ്. മുമ്പത്തെപ്പോലെ തിളക്കമാര്‍ന്നതല്ല ഇന്ന് ഈ ഫീല്‍ഡ്.

മിഡില്‍ സെഗ്മെന്റിനേക്കാള്‍ ഉയര്‍ന്ന വിലയുള്ള, പ്രീമിയം വീടുകളാണ് വില്‍പനയില്‍ കൂടുതല്‍ പങ്ക് നേടുന്നത്. ഡെവലപ്പര്‍മാരുടെ പുതിയ ലോഞ്ചുകളും ഇതേ വിഭാഗത്തിലേക്ക് കൂടുതലായി കേന്ദ്രീകരിക്കുന്നുണ്ട്. വില കൂടിയെങ്കിലും മികച്ച ലൊക്കേഷന്‍, സൗകര്യങ്ങള്‍ എന്നിവയ്ക്ക് ഉപഭോക്താക്കള്‍ തയ്യാറാകുന്ന പ്രവണത തുടരുകയാണ്.

റിയല്‍ എസ്റ്റേറ്റ് വിപണി ഇപ്പോള്‍ നഗരങ്ങളനുസരിച്ച് വ്യത്യസ്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ചില മെട്രോകളില്‍ വില്‍പന കുറയുമ്പോള്‍, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ആവശ്യകത താരതമ്യേന ശക്തമാണ്. അതായത്, വിപണി കൂടുതല്‍ സെലക്ടീവ് ആയി മാറുകയാണ്.

കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ്, പ്രത്യേകിച്ച് ഓഫീസ് ലീസിംഗ്, 2025ല്‍ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ഐടി, ഗ്ലോബല്‍ ക്യാപ്റ്റീവ് സെന്ററുകള്‍, സര്‍വീസ് കമ്പനികള്‍ തുടങ്ങിയവയുടെ ആവശ്യകത മൂലം ഓഫീസ് സ്പേസുകള്‍ക്ക് സ്ഥിരമായ ഡിമാന്‍ഡ് നിലനില്‍ക്കുന്നു. സ്ഥിരവാടക വരുമാനമുള്ള (annuity income) ഡവലപ്പര്‍മാര്‍ക്ക് റീറ്റ്സുകള്‍ക്കും ഇത് ആശ്വാസകരം.

വീടുകളുടെ വില വലിയ തോതില്‍ കുറഞ്ഞിട്ടില്ല. അതേസമയം ലോണുകളുടെ ഇഎംഐ, ജീവിത ചെലവ് തുടങ്ങിയവ കൂടി വരുന്നത് വാങ്ങല്‍ തീരുമാനങ്ങളെ ബാധിക്കുന്നു. ഇതാണ് ചില നഗരങ്ങളില്‍ വില്‍പനയുടെ വേഗത കുറയാന്‍ കാരണം. ശക്തമായ മുന്നേറ്റത്തിന് ശേഷം വിപണി ഒരു നോര്‍മലൈസേഷന്‍ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതാണ് പൊതുവായ വിലയിരുത്തല്‍.

ഓഹരികള്‍ ഇടിയാന്‍ കാരണം എന്ത്?

2023-24 കാലയളവില്‍ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. ഈ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കുന്നത് സ്വാഭാവികമാണ്. ഇതാണ് ഓഹരിവിലയില്‍ ഇടിവുണ്ടാകാനുള്ള ഒരു പ്രധാന കാരണം.

വീടുകളുടെ വില ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ ബുക്കിംഗുകളുടെ വളര്‍ച്ച എത്രത്തോളം നിലനില്‍ക്കുമെന്ന സംശയമാണ് നിക്ഷേപകര്‍ക്കുള്ളത്. ആവശ്യകത ഉണ്ടെങ്കിലും വിലയോട് കൂടുതല്‍ സെന്‍സിറ്റീവായ വിപണി, കമ്പനികളുടെ വരുമാന വളര്‍ച്ചയെ ബാധിക്കുമെന്ന ഭയം ഓഹരി വിലകളില്‍ പ്രതിഫലിക്കുന്നു.

2026 തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഓഹരി വിപണി വിദേശ നിക്ഷേപകരുടെ വില്‍പനയും ആഗോള അനിശ്ചിതത്വങ്ങളും നേരിടുകയാണ്. പലിശനിരക്കുകളോട് കൂടുതല്‍ പ്രതികരിക്കുന്ന ചാക്രിക മേഖലയായതിനാല്‍ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ക്ക് ഇതിന്റെ ആഘാതം കൂടുതലായി അനുഭവപ്പെടുന്നു.

ഇടിവ് ഏതാനും കമ്പനികളില്‍ മാത്രം ഒതുങ്ങുന്നതല്ല. റിയല്‍ എസ്റ്റേറ്റ് ഇന്‍ഡക്സിലെ ഭൂരിഭാഗം ഓഹരികളും സമ്മര്‍ദത്തിലായതാണ് നിക്ഷേപകരുടെ വിശ്വാസത്തില്‍ ഉണ്ടായ തളര്‍ച്ച വ്യക്തമാക്കുന്നത്.

ഇനിയങ്ങോട്ട് എങ്ങനെ?

അപ്രതീക്ഷിതമായ വലിയ സാമ്പത്തിക ആഘാതങ്ങള്‍ ഉണ്ടായില്ലെങ്കില്‍, റിയല്‍ എസ്റ്റേറ്റ് മേഖല അടുത്ത കാലയളവില്‍ 'സ്ഥിരതയോടൊപ്പം ജാഗ്രത' എന്ന നിലയിലാണ് മുന്നേറാന്‍ സാധ്യത.

റസിഡന്‍ഷ്യല്‍ വിപണിയില്‍ മികച്ച ലൊക്കേഷനുകളിലുള്ള പ്രീമിയം പ്രോജക്ടുകള്‍ക്ക് ഡിമാന്റ് തുടരുമെങ്കിലും, വില നിശ്ചയത്തില്‍ ഡെവലപ്പര്‍മാര്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിവരും. വാണിജ്യാവശ്യ റിയല്‍ എസ്റ്റേറ്റില്‍, ഓഫീസ് സ്പേസുകള്‍ക്കുള്ള ആവശ്യകത ഹ്രസ്വകാലത്ത് പിന്തുണയായി തുടരും.

ഓഹരി വിപണിയില്‍ റിയല്‍ എസ്റ്റേറ്റ് ഓഹരികള്‍ കുറച്ച് കാലത്തേക്ക് കൂടി ചാഞ്ചാട്ടം കാണിക്കാനാണ് സാധ്യത. ബുക്കിംഗുകളുടെ വ്യക്തമായ കണക്കുകള്‍, പലിശനിരക്കുകളിലെ മാറ്റങ്ങള്‍, വിപണിയിലെ ലിക്വിഡിറ്റി എന്നിവയാണ് ഈ മേഖലയിലെ ഓഹരികളുടെ ദിശ നിശ്ചയിക്കുക. ഇപ്പോഴത്തെ സ്ഥിതി നോക്കിയാല്‍ അടിസ്ഥാന യാഥാര്‍ഥ്യത്തേക്കാള്‍ നിക്ഷേപകരുടെ മനോഭാവമാണ് ഓഹരി വിലകളെ കൂടുതല്‍ സ്വാധീനിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT