image created with chatgpt
Industry

ബോംബെ ഹൗസില്‍ നിന്ന് അകന്നുനിന്ന 'നിശ്ശബ്ദന്‍' കളത്തിലേക്ക്; നോയല്‍ ടാറ്റയ്‌ക്കെതിരെ ആഞ്ഞടിച്ച് ജിമ്മി ടാറ്റ, ലിസ്റ്റിംഗിനും പിന്തുണ

ടാറ്റ സണ്‍സില്‍ 'പിന്‍വാതില്‍ അട്ടിമറിക്ക്' നോയല്‍ ടാറ്റ ശ്രമിക്കുന്നുവെന്ന് ആരോപണം

Dhanam News Desk

മൊബൈല്‍ ഫോണ്‍ പോലുമില്ലാതെ, പത്രങ്ങളിലൂടെ മാത്രം പുറംലോകത്തെ അറിഞ്ഞ് പുണെയിലെ ഫ്‌ളാറ്റില്‍ തികച്ചും സ്വകാര്യ ജീവിതം നയിക്കുന്ന ജിമ്മി നവല്‍ ടാറ്റ എന്ന 85-കാരന്‍ ഇപ്പോള്‍ ടാറ്റ ഗ്രൂപ്പിന്റെ അധികാര വടംവലിയുടെ കേന്ദ്ര ബിന്ദുവായി മാറുകയാണ്. അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയുടെ ഇളയ സഹോദരനായ ജിമ്മി, ടാറ്റ ട്രസ്റ്റുകളിലെ ഭരണനിര്‍വഹണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ അര്‍ദ്ധസഹോദരന്‍ നോയല്‍ ടാറ്റയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നും ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ തല്‍സ്ഥാനത്ത് തുടരണമെന്നും ജിമ്മി വ്യക്തമാക്കി.

കുടുംബാധിപത്യത്തിനെതിരെ

ടാറ്റ ട്രസ്റ്റ്‌സ് വൈസ് ചെയര്‍മാന്‍ വിജയ് സിംഗിന് നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ജിമ്മി ടാറ്റ തന്റെ നിലപാട് വ്യക്തമാക്കിയത്. ടാറ്റ സണ്‍സില്‍ 'പിന്‍വാതില്‍ അട്ടിമറിക്ക്' (Back-door takeover) നോയല്‍ ടാറ്റ ശ്രമിക്കുന്നുവെന്നാണ് ജിമ്മിയുടെ പ്രധാന ആരോപണം.

സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവ പൊതുജനക്ഷേമത്തിനായി രൂപീകരിച്ചവയാണ്. ട്രസ്റ്റികള്‍ സ്വത്തുക്കളുടെ ഉടമകളല്ല, മറിച്ച് സൂക്ഷിപ്പുകാര്‍ മാത്രമാണെന്ന് ജിമ്മി ഓര്‍മ്മിപ്പിക്കുന്നു. ഒരേ കുടുംബത്തില്‍ നിന്ന് ഒന്നിലധികം അംഗങ്ങള്‍ ട്രസ്റ്റില്‍ വരുന്നത് അനുചിതമാണെന്നും ഇത് ടാറ്റ സണ്‍സില്‍ കുടുംബത്തിന്റെ നിയന്ത്രണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2013-14 കാലഘട്ടത്തില്‍ ടാറ്റ സണ്‍സിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനില്‍ (AoA) വരുത്തിയ മാറ്റങ്ങള്‍ ട്രസ്റ്റ് ചെയര്‍മാന് വീറ്റോ അധികാരവും ഡയറക്ടര്‍മാരെ നിയമിക്കാനുള്ള അവകാശവും നല്‍കി. ഇത് ജീവകാരുണ്യ ട്രസ്റ്റുകളും ഗ്രൂപ്പിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കിയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

നോയല്‍ ടാറ്റയുടെ മകനെ ട്രസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തതിന്റെ പേരിലാണ് ടാറ്റ സണ്‍സ് ബോര്‍ഡ് അംഗം വേണു ശ്രീനിവാസനെ ലക്ഷ്യം വെക്കുന്നതെന്നും ജിമ്മി ആരോപിച്ചു. നാനി പാല്‍ക്കിവാല, ഹോമി ഭാഭ തുടങ്ങിയ സ്വതന്ത്ര വ്യക്തിത്വങ്ങള്‍ ട്രസ്റ്റിമാരായിരുന്ന പഴയകാലത്തെയും അദ്ദേഹം അനുസ്മരിച്ചു.

ടാറ്റ സണ്‍സ് ലിസ്റ്റിംഗും ആര്‍.ബി.ഐ നിലപാടും

ടാറ്റ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനെ നോയല്‍ ടാറ്റ ശക്തമായി എതിര്‍ക്കുമ്പോള്‍, ലിസ്റ്റിംഗിനെ അനുകൂലിക്കുന്ന നിലപാടാണ് ജിമ്മി ടാറ്റ സ്വീകരിച്ചിരിക്കുന്നത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത് സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുമെന്നും ട്രസ്റ്റുകളും ബിസിനസ് പ്രവര്‍ത്തനങ്ങളും തമ്മിലുള്ള കൃത്യമായ വേര്‍തിരിവ് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിസര്‍വ് ബാങ്ക് (RBI) ടാറ്റ സണ്‍സിനെ 'അപ്പര്‍-ലെയര്‍ എന്‍.ബി.എഫ്.സി' (NBFC) വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ലിസ്റ്റിംഗ് ചട്ടങ്ങള്‍ ബാധകമാണ്. കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി (CIC) രജിസ്‌ട്രേഷന്‍ തിരികെ നല്‍കാനുള്ള ടാറ്റ സണ്‍സിന്റെ അപേക്ഷ ആര്‍.ബി.ഐ തള്ളുകയും ചട്ടങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, എന്‍. ചന്ദ്രശേഖരന്റെ നേതൃത്വത്തെയും ഗ്രൂപ്പ് കമ്പനികളുടെ മികച്ച പ്രകടനത്തെയും ജിമ്മി പ്രശംസിച്ചു.

ജിമ്മിയുടെ വാക്കുകള്‍ക്ക് വിലയേറാന്‍ കാരണം

പൊതുവേദികളില്‍ നിന്ന് അകന്നുനില്‍ക്കുന്നയാളാണെങ്കിലും ടാറ്റ ഗ്രൂപ്പിന്റെ നിര്‍ണായക തീരുമാനങ്ങളില്‍ ജിമ്മി ടാറ്റയുടെ നിലപാടുകള്‍ക്ക് വലിയ സ്വാധീനമുണ്ട്.

ടാറ്റ സണ്‍സില്‍ 3,262 ഓഹരികളാണ് (ഏകദേശം 0.81%) ജിമ്മി ടാറ്റയ്ക്കുള്ളത്. 7,000 കോടി മുതല്‍ 10,000 കോടി രൂപ വരെയാണ് ഈ ഓഹരികളുടെ ഏകദേശ മൂല്യം. വ്യക്തിഗത ഓഹരി ഉടമകളില്‍ നോയല്‍ ടാറ്റയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് അദ്ദേഹം. ഇതിനുപുറമെ, സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിലെ (SRTT) ആജീവനാന്ത ട്രസ്റ്റി പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്.

ടാറ്റ സണ്‍സിന്റെ ഏകദേശം 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ഇതില്‍ 23.56 ശതമാനം ഓഹരികള്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റേതാണ്. 1989-ല്‍ പിതാവ് നേവല്‍ ടാറ്റയുടെ മരണശേഷമാണ് ജിമ്മി ഈ ട്രസ്റ്റിന്റെ ഭാഗമായത്. കൂടാതെ ടി.സി.എസ് (TCS), ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളിലും അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുണ്ട്.

ആരാണ് ജിമ്മി നവല്‍ ടാറ്റ?

നേവല്‍ ടാറ്റയുടെയും ആദ്യ ഭാര്യ സൂണി കമ്മീഷറിയറ്റിന്റെയും മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ ശേഷം മുത്തശ്ശി ലേഡി നവാജ്ബായ് ടാറ്റയാണ് ഇരുവരെയും വളര്‍ത്തിയത്. നവല്‍ ടാറ്റയുടെ രണ്ടാം ഭാര്യ സിമോണിന്റെ മകനാണ് നോയല്‍ ടാറ്റ.

ആദ്യകാലത്ത് പിതാവിനൊപ്പം ടാറ്റയുടെ ടെക്‌സ്‌റ്റൈല്‍ ബിസിനസില്‍ പ്രവര്‍ത്തിച്ചിരുന്ന ജിമ്മി, പിന്നീട് ഗ്രൂപ്പിന്റെ നേതൃപദവികളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. മുമ്പ് മുംബൈ കൊളാബയിലെ രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇപ്പോള്‍ പുണെയിലാണ് താമസം. മികച്ച സ്‌ക്വാഷ് കളിക്കാരനായിരുന്ന ജിമ്മിക്ക് ബിസിനസ് കാര്യങ്ങളില്‍ താല്പര്യമില്ലായിരുന്നു. രത്തന്‍ ടാറ്റയുടെ മരണാനന്തര ചടങ്ങുകളിലാണ് അദ്ദേഹം ഒടുവില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. രത്തന്‍ ടാറ്റയുടെ വില്‍പത്രം പ്രകാരം ജുഹുവിലെ കുടുംബ ബംഗ്ലാവിന്റെ പകുതി അവകാശവും ജിമ്മിക്ക് ലഭിച്ചിരുന്നു.

ഇനി വോട്ടെടുപ്പില്‍ പങ്കെടുക്കുമോ?

സൈറസ് മിസ്ത്രിയെ പുറത്താക്കിയ യോഗങ്ങളിലടക്കം ഇതുവരെ ടാറ്റ പ്രമേയങ്ങളില്‍ വോട്ട് ചെയ്യാതിരുന്ന ജിമ്മി, തപാല്‍ വഴിയാണ് ട്രസ്റ്റ് യോഗങ്ങളുടെ മിനിറ്റ്‌സ് സ്വീകരിച്ചിരുന്നത്. നിലപാടില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് 'അത് സാഹചര്യം പോലെയിരിക്കും' എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, മഹാരാഷ്ട്ര പബ്ലിക് ട്രസ്റ്റ് നിയമത്തിലെ ഭേദഗതി പ്രകാരം ആജീവനാന്ത ട്രസ്റ്റിമാരുടെ എണ്ണം നിയന്ത്രിക്കപ്പെട്ടതോടെ ജിമ്മിയുടെ ട്രസ്റ്റി പദവിയും നിലവില്‍ റെഗുലേറ്ററി അന്വേഷണത്തിന്റെ പരിധിയിലാണ്.

Ratan Tata's younger brother Jimmy Naval Tata has broken his decades-long silence to question Noel Tata's governance at Tata Trusts while supporting Tata Sons' stock market listing and N Chandrasekaran's leadership.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT