Industry

മുകേഷ് അംബാനിയില്‍ നിന്ന് വന്‍ പ്രഖ്യാപനങ്ങള്‍ വരും; റിലയന്‍സ് എ ജി എം നാളെ

Dhanam News Desk

ഇന്ത്യന്‍ സാമ്പത്തിക മേഖലയോടൊപ്പം ആഗോള തലത്തില്‍ കോര്‍പ്പറേറ്റുകളും ഉറ്റുനോക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗം നാളെ. സൗദി ആരാംകോയില്‍ നിന്ന് 1,500 കോടിയുടെ നിക്ഷേപം വരുന്നതു സംബന്ധിച്ചും  റിലയന്‍സ് ജിയോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) സംബന്ധിച്ചുമുള്ള പ്രഖ്യാപനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് നിരീക്ഷകരുടെ പ്രതീക്ഷ.അമേരിക്കന്‍ ഓഹരി വിപണിയിലായിരിക്കും ജിയോയുടെ ലിസ്റ്റിംഗ് എന്നാണ് സൂചന.

കൊറോണാ പ്രതിസന്ധിക്കിടയിലും ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആഗോള തലത്തില്‍ 51 ാം സ്ഥാനത്തെത്തിയതുള്‍പ്പെടെയുള്ള നിരവധി നേട്ടങ്ങള്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് ലോകത്തെ ഏഴാമത്തെ വലിയ സമ്പന്നനായ ചെയര്‍മാന്‍ മുകേഷ് അംബാനി വീഡിയോ സ്ട്രീമിംഗിലൂടെ അര ലക്ഷം ഓഹരിയുടമകളോട് വാര്‍ഷിക പൊതുയോഗത്തിലൂടെ സംവദിക്കുന്നത്.കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ പൊതുയോഗത്തിന് സമാനമായി ഇക്കുറിയും വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

റിലയന്‍സിനെ 2021 മാര്‍ച്ച് 31നകം കടബാദ്ധ്യതയില്ലാത്ത കമ്പനിയാക്കുമെന്നാണ് മുകേഷ് ഓഗസ്റ്റില്‍ പറഞ്ഞിരുന്നതെങ്കിലും 2020 ജൂണിനകം തന്നെ കടബാദ്ധ്യത പൂര്‍ണമായി  ഇല്ലാതാക്കി. ടെലികോം/ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്‌ളാറ്റ്‌ഫോംസിലേക്ക് ഫേസ്ബുക്കില്‍ നിന്നുള്‍പ്പെടെ 1.17 ലക്ഷം കോടി രൂപയുടെ നിക്ഷേപം വാരിക്കൂട്ടിയാണ് കടക്കെണി റിലയന്‍സ് ഒഴിവാക്കിയത്. ജിയോയിലേക്ക് വന്‍ നിക്ഷേപം ആകര്‍ഷിക്കുമെന്ന കഴിഞ്ഞ യോഗത്തിലെ പ്രഖ്യാപനവും ഇതോടെ യാഥാര്‍ത്ഥ്യമായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ഓയില്‍ ടു കെമിക്കല്‍ വിഭാഗത്തിലേക്ക് ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ നിക്ഷേപം ആകര്‍ഷിക്കുമെന്ന സുപ്രധാന വാഗ്ദാനവും കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. ഇതിനായുള്ള ധാരണയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 7500 കോടി ഡോളര്‍ സംരംഭക മൂല്യം (ഏകദേശം 5.64 ലക്ഷം കോടി രൂപ) കണക്കാക്കി 20 ശതമാനം ഓഹരികള്‍ സൗദി ആരാംകോ വാങ്ങുമെന്നാണ് നേരത്തെ സൂചനയുണ്ടായിരുന്നത്. അതായത് 1500 കോടി ഡോളര്‍ (1.12 ലക്ഷം കോടി രൂപ) ആരാംകോ നിക്ഷേപിച്ചേക്കും.അതു യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലേക്കെത്തുന്ന ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപമായിരിക്കും (എഫ്.ഡി.ഐ) ഇത്.

റിലയന്‍സ് ജിയോയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) തീരുമാനവും മുകേഷ് അംബാനിയില്‍ നിന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ ഓഹരി വിപണിയില്‍ ജിയോയുടെ ലിസ്റ്റിംഗ് നടത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ വിപ്ലവത്തിനുള്ള റിലയന്‍സ് ജിയോയുടെ പുതിയ പരിപാടികളും റീട്ടെയില്‍ വിപണി കയ്യടക്കാനുള്ള പദ്ധതികളും മുകേഷ് അംബാനി അനാവരണം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT