Industry

റിലയന്‍സ് സ്ഥാപനങ്ങള്‍ നശിപ്പിക്കുന്ന അക്രമകാരികള്‍ക്കെതിരെ നിയമനടപടി

കര്‍ഷക സമരത്തിന്റെ പേരില്‍ 1500 ജിയോ ടവറുകളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഒപ്പം സ്ഥാപനങ്ങള്‍ക്കെതിരെയും ആക്രമണം. കമ്പനിയുടെ പരാതിയില്‍ ഉടന്‍ നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശം. വിശദാംശങ്ങള്‍

Dhanam News Desk

ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ മറവില്‍ റിലയന്‍സിന്റെ സ്ഥാപനങ്ങള്‍ നശിപ്പിക്കുന്നുവെന്ന കമ്പനിയുടെ പരാതിയില്‍ നടപടി. അക്രമകാരികള്‍ക്കെതിരെ ഉടന്‍ കേസ് എടുക്കണമെന്ന് ഹരിയാന കോടതിയുടെ നിര്‍ദ്ദേശം. റിലയന്‍സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാറിനും പഞ്ചാബ്-ഹരിയാന ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുള്ളത്.

ഏറെ കാലമായി നീണ്ടു നില്‍ക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ പഞ്ചാബില്‍ 1500 ജിയോ ടവറുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഏഴാം ഘട്ട ചര്‍ച്ചകളും പരാജയപ്പെട്ടപ്പോള്‍ ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാകുകയായിരുന്നു. അതേ സമയം ഇന്ത്യയില്‍ തല്‍ക്കാലം അഗ്രി ബിസിനസ് രംഗത്തേക്ക് കമ്പനി ഇല്ലെന്നും പത്രക്കുറിപ്പ് പുറത്തു വന്നിരുന്നു.

എന്നാല്‍ തുടര്‍ച്ചയായ അക്രമം നടക്കുന്നത് തങ്ങളുടെ ബിസിനസ് ശത്രുക്കളുടെ സഹായത്തോടെയാണെന്നും സ്ഥാപനങ്ങള്‍ നശിപ്പിക്കുന്ന അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് റിലയന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

ബിസിനസ് ശത്രുക്കള്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ടെന്നും ഹര്‍ജിയില്‍ കമ്പനി ആരോപിക്കുന്നുണ്ട്. ''അക്രമികള്‍ നടത്തുന്ന നിയമവിരുദ്ധമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ തടസ്സം വരുത്തുന്നതിനുള്ള നടപടികള്‍ വേണം'' റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് തിങ്കളാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT