Isha Ambani Insta
Industry

ബ്യൂട്ടി സെഗ്മെന്റില്‍ പിടിമുറുക്കാന്‍ റിലയന്‍സ്; 'പഹാഡി ലോക്കല്‍' ഇനി ഇഷ അംബാനിക്ക് സ്വന്തം, ലക്ഷ്യം പ്രീമിയം വെല്‍നസ് സെക്ടര്‍

നൈകയ്ക്കും ടാറ്റയ്ക്കും വെല്ലുവിളിയുമായി സൗന്ദര്യവർദ്ധക വിപണിയിൽ റിലയൻസിന്റെ തന്ത്രപരമായ നീക്കം

Dhanam News Desk

രാജ്യത്തെ പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയായ റിലയന്‍സ് റീറ്റെയ്ല്‍, പ്രകൃതിദത്ത സൗന്ദര്യവര്‍ദ്ധക ബ്രാന്‍ഡായ 'പഹാഡി ലോക്കല്‍' (Pahadi Local) ഏറ്റെടുത്തു. പഹാഡി ഗുഡ്നെസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് ബ്രാന്‍ഡും അതിന്റെ ബിസിനസ് ആസ്തികളും റിലയന്‍സ് സ്വന്തമാക്കിയത്. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങളെ കുറിച്ച് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സൗന്ദര്യവര്‍ദ്ധക മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഹിമാലയന്‍ പ്രദേശങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് പഹാഡി ലോക്കലിന്റെ സവിശേഷത. ഹിമാലയന്‍ ആപ്രിക്കോട്ട് കേര്‍ണല്‍ ഓയില്‍ (Gutti Ka Tel) ആണ് ഇവരുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നം. ലഡാക്ക്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വനിതാ സ്വയംസഹായ സംഘങ്ങളുമായി ചേര്‍ന്നാണ് ബ്രാന്‍ഡ് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്.

ഏറ്റെടുക്കലിന് ശേഷവും പഹാഡി ലോക്കലിന്റെ സ്ഥാപക ടീം ബ്രാന്‍ഡിന്റെ ക്രിയേറ്റീവ് ഡയറക്ഷന്‍, ഉല്‍പ്പന്ന വികസനം എന്നിവയില്‍ സജീവമായി തുടരുമെന്ന് റിലയന്‍സ് അറിയിച്ചു. 2018-ല്‍ ജെസ്സിക്ക ജെയ്ന്‍ തുടക്കമിട്ട ബ്രാന്‍ഡാണിത്.

ആധികാരികതയും നൂതനത്വവും ഒത്തുചേരുന്ന ബ്രാന്‍ഡുകളെ വളര്‍ത്താനാണ് റിലയന്‍സ് റീറ്റൈയ്ല്‍ ലക്ഷ്യമിടുന്നതെന്നും പഹാഡി ലോക്കലിന്റെ ഹിമാലയന്‍ പാരമ്പര്യവും സുസ്ഥിരമായ ഉറവിടങ്ങളും റിലയന്‍സ് റൈറ്റെയ്‌ലിന്റെ ബ്യൂട്ടി ഇക്കോസിസ്റ്റത്തിന് വലിയ കരുത്താകുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പറഞ്ഞു.

റിലയന്‍സിന്റെ ലക്ഷ്യം

ഓഫ്ലൈന്‍ സ്റ്റോറുകളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും പഹാഡി ലോക്കലിനെ ആഗോള നിലവാരത്തിലേക്ക് എത്തിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. നിലവില്‍ ഏകദേശം 20,000 സ്റ്റോറുകള്‍ റിലയന്‍സിന് കീഴിലുണ്ട്. ടാറ്റയുടെ 'ടാറ്റ ക്ലിക് പാലറ്റ്', നൈക എന്നിവരുമായുള്ള മത്സരത്തില്‍ ഈ പുതിയ ഏറ്റെടുക്കല്‍ റിലയന്‍സിന് വലിയ മുന്‍തൂക്കം നല്‍കും. നാച്ചുറല്‍ ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന താല്പര്യം കൂടി മുന്‍കൂട്ടി കണ്ടാണ് റിലയന്‍സിന്റെ ഈ ചുവടുവെപ്പ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT