Industry

ജിയോമാര്‍ട്ടില്‍ ഇനി ജുവല്‍റി വിഭാഗവും

രാജ്യത്തെ 105 നഗരങ്ങളിലായുള്ള 93 ഓളം മുന്‍നിര ഷോറൂമുകളില്‍നിന്നും 110 ഷോപ്പ് ഇന്‍ ഷോപ്പുകളില്‍നിന്നുമായിരിക്കും ഓര്‍ഡറുകള്‍ ലഭ്യമാക്കുക

Dhanam News Desk

ഇ-കൊമേഷ്യല്‍ മേഖലയില്‍ അതിവേഗം മുന്നേറുന്ന ജിയോമാര്‍ട്ടില്‍ ഇനിമുതല്‍ ജുവല്‍റി വിഭാഗവും. ആദ്യഘട്ടത്തില്‍ ഷിപ്പിംഗ് ചാര്‍ജ് ഈടാക്കാതെയായിരിക്കും ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുക.

5 ഗ്രാം, 10 ഗ്രാം വെള്ളി നാണയങ്ങളും 1 ഗ്രാം, 5 ഗ്രാം, 10 ഗ്രാം സ്വര്‍ണ്ണ നാണയങ്ങളുമായാണ് ജിയോമാര്‍ട്ട് ജുവല്‍റി വിഭാഗത്തിലേക്ക് കടന്നത്. രാജ്യത്തെ 105 നഗരങ്ങളിലായുള്ള 93 ഓളം മുന്‍നിര ഷോറൂമുകളില്‍നിന്നും 110 ഷോപ്പ് ഇന്‍ ഷോപ്പുകളില്‍നിന്നുമായിരിക്കും ഓര്‍ഡറുകള്‍ക്ക് അനുസൃതമായി ജുവല്‍റി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലോഗോ വഹിക്കുന്ന നാണയങ്ങള്‍ക്ക് എല്ലാ നികുതികളും ഉള്‍പ്പെടെ 733 മുതല്‍ 27,890 രൂപ വരെയാണ് വില.

നിലവില്‍, സ്വര്‍ണം, വെള്ളി നാണയങ്ങള്‍ക്കായി പ്രീപെയ്ഡ് ഓര്‍ഡറുകള്‍ മാത്രമേ ജിയോമാര്‍ട്ട് അനുവദിക്കുകയുള്ളൂ. ഉദ്ഘാടന ഓഫറായി സൗജന്യ ഷിപ്പിംഗ് നല്‍കും.

അതേസമയം ഓഗസ്റ്റില്‍ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വറുകളിലൂടെ ഇ-ഫാര്‍മസി നെറ്റ്‌മെഡുകള്‍ ഏറ്റെടുക്കുന്നതോടെ ജിയോമാര്‍ട്ടിന്റെ വിപുലീകരണം ഹെല്‍ത്ത്‌ടെക് വിഭാഗത്തിലേക്കായിരിക്കും. നെറ്റ്‌മെഡ്‌സിന്റെ ഓഹരി 620 കോടി രൂപയ്ക്ക് റിലയന്‍സ് നേരത്തെ വാങ്ങിയിരുന്നു.

മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് സംരംഭമായ ജിയോമാര്‍ട്ടിന്റെ എതിരാളികളായി ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT