ഇൻസൈറ്റിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി image credit : Canva/Jio
Industry

സ്റ്റാർലിങ്ക് വരവറിയിക്കുമ്പോൾ ജിയോയുടെ കൂറ്റൻ നീക്കം: 1,600 ഉപഗ്രഹങ്ങളുടെ സ്വന്തം സാറ്റലൈറ്റ് ശൃംഖല ഒരുക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ്

2027 സെപ്റ്റംബറിൽ ആദ്യ പരീക്ഷണ ദൗത്യവും 2028 ആരംഭത്തോടെ വിപുലമായ വിക്ഷേപണവും ആരംഭിക്കാന്‍ ലക്ഷ്യം

Dhanam News Desk

ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് (Starlink) വെല്ലുവിളിയുയർത്തി ഇന്ത്യയിൽ സ്വന്തമായി സാറ്റലൈറ്റ് ഇന്റർനെറ്റ് ശൃംഖല നിർമ്മിക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് തയാറെടുക്കുന്നു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ (Jio Platforms Ltd) വികസനത്തെ പിന്തുണയ്ക്കുന്നതിനായി 1,600 ലോ-എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

പ്രധാന വിവരങ്ങളും പദ്ധതികളും:

ആഗോള-ആഭ്യന്തര പങ്കാളിത്തം: ഇന്ത്യയിലെ സാറ്റലൈറ്റ് നിർമ്മാതാക്കൾ, പ്രൊഡക്ഷൻ സ്റ്റാർട്ടപ്പുകൾ എന്നിവയ്‌ക്കൊപ്പം അമേരിക്കയിലെയും യൂറോപ്പിലെയും വിതരണക്കാരുമായി റിലയൻസ് ചർച്ചകൾ നടത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിൽ നിന്ന് 400-ലധികം ഉപഗ്രഹങ്ങൾ ഇറക്കുമതി ചെയ്യാനും പദ്ധതിയുണ്ട്. എന്നാൽ ചൈനീസ് കമ്പനികളെ ഇതിൽ ഉൾപ്പെടുത്തില്ല.

വിക്ഷേപണ സമയക്രമം: 2027 സെപ്റ്റംബറിൽ ആദ്യ പരീക്ഷണ ദൗത്യവും 2028 ആരംഭത്തോടെ വിപുലമായ വിക്ഷേപണവും ആരംഭിക്കും. പൂർണ ശൃംഖലയുടെ നിർമ്മാണം 2035-ഓടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

നിർമ്മാണ ശേഷി ഉയർത്തൽ: നിലവിൽ ഇന്ത്യയിൽ വർഷത്തിൽ 15-ൽ താഴെ സാറ്റലൈറ്റുകൾ മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ പുതിയ പദ്ധതിക്ക് പ്രതിവർഷം 200 ഉപഗ്രഹങ്ങളോളം നിർമ്മിക്കേണ്ടതുണ്ട്.

ഇന്ത്യൻ ആവശ്യങ്ങൾക്ക് മുൻഗണന

സ്റ്റാർലിങ്കിന്റെ 10,000-ത്തിലധികം വരുന്ന ആഗോള നെറ്റ്‌വർക്കിൽ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും പ്രതിസന്ധി ഘട്ടങ്ങളിലെ തന്ത്രപ്രധാന ആശയവിനിമയ ആവശ്യങ്ങളും നിവേറ്റാനാണ് ഈ ശൃംഖല രൂപകൽപ്പന ചെയ്യുന്നത്. വിദേശ സാറ്റലൈറ്റ് നെറ്റ്‌വർക്കുകൾക്ക് മേലുള്ള സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ രാജ്യത്തിന് സ്വന്തമായി സാറ്റലൈറ്റ് നിയന്ത്രണം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT