Industry

വോഡഫോണ്‍ ഐഡിയയ്‌ക്കെതിരെ പരാതിയുമായി ജിയോ

നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പരാതി നല്‍കിയത്

Dhanam News Desk

എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നില്ലെന്ന് ആരോപിച്ച് വോഡഫോണ്‍ ഐഡിയക്കെതിരെ റിലയന്‍സ് ജിയോയുടെ പരാതി. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (TRAI)ക്കാണ് ജിയോ പരാതി നല്‍കിയിരിക്കുന്നത്.

മറ്റു ടെലികോം കമ്പനികളെ പോലെ വോഡഫോണ്‍ ഐഡിയയും നിരക്കില്‍ 18-25 ശതമാനം വര്‍ധന വരുത്തിയിരുന്നു. എന്നാല്‍ 28 ദിവസം കാലാവധിയുള്ള 75 രൂപയുടെ പ്ലാനിന്റെ വില 99 രൂപയായി വര്‍ധിപ്പിക്കുകയും അതില്‍ എസ്എംഎസ് സൗകര്യം നല്‍കാതിരിക്കുകയും ചെയ്തതാണ് റിലയന്‍സ് ജിയോയെ ചൊടിപ്പിച്ചത്. 179 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ മാത്രമേ വോഡഫോണ്‍ ഐഡിയയില്‍ എസ്എംഎസ് സേവനം നല്‍കുന്നുള്ളൂ. നമ്പര്‍ മറ്റൊരു സേവനദാതാക്കളിലേക്ക് പോര്‍ട്ട് ചെയ്യണമെങ്കില്‍ എസ്എംഎസ് നിര്‍ബന്ധമാണ്.

അങ്ങനെ വരുമ്പോള്‍ എസ്എംഎസ് സൗകര്യം ലഭിക്കാത്തതിനാല്‍ എന്‍ട്രി ലെവല്‍ ഉപഭോക്താക്കള്‍ക്ക് പോര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുമെന്ന് കാട്ടിയാണ് പരാതി.

ഇതേ പരാതി ടെലികോം വാച്ച്‌ഡോഗം ട്രായ്ക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് മറ്റൊരു കമ്പനിയുടെ സേവനം തേടാനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതാകുന്നതെന്നാണ് ആരോപണം. ഏറ്റവും കുറഞ്ഞ പ്ലാനിലും എസ്എംഎസ് സൗകര്യം ലഭ്യമാക്കാന്‍ ട്രായ് ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT