ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീറ്റെയ്ല്‍ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ നിര്‍മാതാക്കളായ കെല്‍വിനേറ്ററിനെ ഏറ്റെടുത്തു. വളരെ എളുപ്പത്തില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് വിഭാഗത്തില്‍ ഉത്പന്ന നിര കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഏറ്റെടുക്കല്‍ മൂല്യത്തെ കുറിച്ചും മറ്റും റിലയന്‍സ് റീറ്റെയ്ല്‍ കൂടുതല്‍ വെളിപ്പടുത്തിയിട്ടില്ല.
റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍ കണ്ടീഷണറുകള്‍, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗങ്ങളിലുടനീളം കൂടുതല്‍ ശക്തമാകുന്നതിന് കെല്‍വിനേറ്ററിന്റെ ബ്രാന്‍ഡ് ഇക്വിറ്റിയും ഉല്‍പ്പന്ന വികസന പാരമ്പര്യവും പ്രയോജനപ്പെടുത്താനാണ് റിലയന്‍സ് റീട്ടെയിലിന്റെ പദ്ധതി.
1970കളിലും 80 കളിലും ഇന്ത്യന്‍ വീടുകളില്‍ വളരെ പരിചിതമായ ബ്രാന്‍ഡായിരുന്നു കെല്‍വിനേറ്റര്‍. 'ദി കൂളസ്റ്റ് വണ്‍' എന്ന ടാഗ്‌ലാനുമായി വന്ന കെല്‍വിനേറ്റര്‍ ഇപ്പോഴും പലര്‍ക്കും ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മയാണ്. നിലവില്‍ ഇലക്ട്രോലക്‌സ് ഗ്രൂപ്പിനു കീഴിലുള്ള ബ്രാന്‍ഡാണ് കെല്‍വിനേറ്റര്‍. 1995ല്‍ കെല്‍വിനേറ്റര്‍ ഇന്ത്യയെ ഏറ്റെടുത്തുകൊണ്ടാണ് വേള്‍പൂള്‍ റഫ്രിജറേറ്റര്‍ വിപണിയിലേക്ക് ഇറങ്ങിയത്.
2019 ല്‍, റിലയന്‍സ് റീട്ടെയില്‍ ഇലക്ട്രോലക്‌സുമായി ഒരു എക്‌സ്‌ക്ലൂസീവ്, കരാറില്‍ ഒപ്പുവച്ചതിനെത്തുടര്‍ന്ന് കെല്‍വിനേറ്റര്‍ ഇന്ത്യയില്‍ തിരിച്ചുവരവ് നടത്തിയിരുന്നു. ലൈസന്‍സിംഗ്, നിര്‍മ്മാണം, മാര്‍ക്കറ്റിംഗ്, വിതരണം എന്നിവയിലായിരുന്നു കരാര്‍. നിലവില്‍ റിലയന്‍സ് റീറ്റെയ്ല്‍ ഡിജിറ്റല്‍ സ്റ്റോറുകളിലൂടെയും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, എയര്‍കണ്ടീഷ്ണറുകള്‍ എന്നിവ വില്‍ക്കുന്നുണ്ട്.
റിലയന്‍സ് ഡിജിറ്റലിന് രാജ്യത്ത് 400 സ്റ്റോറുകളുണ്ട്. റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഉപകമ്പനിയായ റിലയന്‍സ് റീറ്റെയ്ല്‍ 2025 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 3.30 ലക്ഷം കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 13 ബില്യണ്‍ ഡോളറാണ് (ഏകദേശം1.12 ലക്ഷം കോടി രൂപ) വിവിധ കമ്പനികളെ ഏറ്റെടുക്കാനായി ചെലവഴിച്ചത്. എണ്ണ, പെട്രോകെമിക്കല്‍, ശുദ്ധമായ ഊര്‍ജ്ജം തുടങ്ങിയ കോര്‍ മേഖലകളില്‍ നിന്ന്, വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ അധിഷ്ഠിത ബിസിനസുകളിലേക്ക് കൂടി കടക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.
കഴിഞ്ഞ ആഴ്ച, ഡയഗ്‌നോസ്റ്റിക്, ഓങ്കോളജി മേഖലയിലെ സ്ഥാപനമായ കാര്‍കിനോസ് ഹെല്‍ത്ത്‌കെയറിനെ 375 കോടി രൂപയ്ക്ക് ഏറ്റെടുത്തുകൊണ്ട് റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത്‌കെയറില്‍ ചുവടുറപ്പിച്ചിരുന്നു.
മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 13 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളില്‍ ഏകദേശം 14 ശതമാനം ന്യൂ എനര്‍ജിയിലും 48 ശതമാനം ടെക്‌നോളജി, മീഡിയ, ടെലികോം (ടിഎംടി) എന്നിവയിലും 9 ശതമാനം റീറ്റെയ്‌ലിലും ബാക്കി ആരോഗ്യ സംരക്ഷണത്തിലുമാണ്.
മൊത്തം തുകയില്‍ ആറ് ബില്യണ്‍ ഡോളര്‍ മാധ്യമ, വിദ്യാഭ്യാസ ഏറ്റെടുക്കലുകള്‍ക്കായി ചെലവഴിച്ചപ്പോള്‍ 2.6 ബില്യണ്‍ ഡോളര്‍ ടെലികോം, ഇന്റര്‍നെറ്റ് സംരംഭങ്ങള്‍ക്കായി ചെലവഴിച്ചു, 1.7 ബില്യണ്‍ ഡോളര്‍ നവ ഊര്‍ജ്ജമേഖലകളിലും ചെലവഴിച്ചു, 1.14 ബില്യണ്‍ ഡോളര്‍ ചില്ലറ വില്‍പ്പന മേഖലയിലാണ്.
2025 ന്റെ തുടക്കത്തില്‍, റിലയന്‍സിനു കീഴിലുള്ള ആര്‍.സി.പി.എല്‍ വ്യക്തിഗത പരിചരണ ബ്രാന്‍ഡായ വെല്‍വെറ്റിനെ ഏറ്റെടുത്തിരുന്നു. നേരത്തെ, കാമ്പ, മുംബൈ ആസ്ഥാനമായുള്ള എസ്ഐഎല്‍ ഫുഡ്സ് തുടങ്ങിയ മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകളെയും ആര്‍.സി.പി.എല്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ എഫ്.എം.സി.ജി വിഭാഗങ്ങളില്‍ ശക്തമായ അടിത്തറ ഉറപ്പാക്കുക എന്നതാണ് ഈ ഏറ്റെടുക്കലുകളുടെയെല്ലാം ലക്ഷ്യം.
കൂടാതെ, റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള എഫ്.എം.സി.ജി ബ്രാന്‍ഡുകളെ ന്യൂ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡ് (ന്യൂ ആര്‍സിപിഎല്‍) എന്ന പുതിയ സ്ഥാപനത്തിലേക്ക് മാറ്റി വരികയാണ് കമ്പനി. റീട്ടെയില്‍ ബിസിനസിസ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
Reliance Retail acquires Kelvinator to expand its footprint in the consumer durables market
Read DhanamOnline in English
Subscribe to Dhanam Magazine