Retail

എസി വാങ്ങുമ്പോള്‍  ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍

Dhanam News Desk

ഇന്ത്യയില്‍ ആദ്യം വേനല്‍ ആരംഭിക്കുന്ന സംസ്ഥാനം കേരളമാണ്. കേരളത്തിലെ എസി വില്‍പ്പനയുടെ കരുത്ത് അനുസരിച്ചാണ് പല കമ്പനികളും അവരുടെ രാജ്യത്തെ പ്രതിവര്‍ഷ എസി വില്‍പ്പനയുടെ ട്രെന്‍ഡ് തന്നെ ഗണിക്കുന്നത്.

സംസ്ഥാനത്ത് പ്രതിവര്‍ഷ എസി വില്‍പ്പന ഇതുവരെ മൂന്നേകാല്‍ ലക്ഷമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് മൂന്നര ലക്ഷം കവിയുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഒരു വര്‍ഷം മുഴുവന്‍ വില്‍ക്കുന്ന എസികളുടെ 60 ശതമാനത്തോളം ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ തുടങ്ങിയ വേനല്‍ മാസങ്ങളിലാണ് വിറ്റുപോകുന്നത്.

എസി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അജ്മല്‍ ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ വി.എ അജ്മല്‍ ചൂണ്ടിക്കാട്ടുന്നു.

  • ആദ്യമായി എത്ര ടണ്ണിന്റെ എസി വേണമെന്ന് നോക്കണം. എസി വെയ്ക്കുന്ന റൂമിന്റെ വിസ്തീര്‍ണമറിഞ്ഞാല്‍ ഇത് കണക്കാക്കാം. റൂമിന്റെ ഉയരം, ജനല്‍ ഗ്ലാസുകള്‍, സ്ഥാനം എന്നിവ എസിയുടെ ടണ്ണേജിനെ സ്വാധീനിക്കുമെങ്കിലും മുറിയുടെ വലുപ്പം വെച്ച് ടണ്ണേജ് കണക്കാക്കാം.
  • മുന്‍കാലങ്ങളില്‍ പൊതുവേ ഏതാണ്ടെല്ലാവരും ഓണ്‍ - ഓഫ് എസികളാണ് ഉപയോഗിച്ചിരുന്നത്. അതായത് ഒരു നിശ്ചിത താപനില നാം സെറ്റ് ചെയ്താല്‍ ആ താപനില എത്തുമ്പോള്‍ കംപ്രസര്‍ ഓഫ് ആകും. പിന്നീട് താപനില ഉയരുമ്പോല്‍ കംപ്രസര്‍ വീണ്ടും ഓണ്‍ ആകും. എന്നാല്‍ ഇന്‍വെര്‍ട്ടര്‍ എസിയില്‍ സെറ്റ് ചെയ്ത താപനില എത്തുമ്പോള്‍ കംപ്രസര്‍ ഓഫാകാതെ വേഗം കുറയ്ക്കും. ഇതുമൂലം താപനില കൃത്യമായി നിലനിര്‍ത്തപ്പെടും. വൈദ്യുതി ഉപയോഗം കുറയും. ഇത്തരത്തിലുള്ള എസികള്‍ അതുകൊണ്ടാണ് ഈ സീസണില്‍ ഏറ്റവും അധികം വിറ്റഴിഞ്ഞതും.
  • സ്റ്റാര്‍ റേറ്റിംഗാണ് എസി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. സ്റ്റാര്‍ റേറ്റിംഗ് ഉയരുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗം കുറയും. ഉയര്‍ന്ന റേറ്റിംഗുള്ള എസിക്ക് അധികമായി മുടക്കുന്ന തുക വൈദ്യുത ചാര്‍ജിലെ കുറവുമൂലം കുറച്ചുകാലം കൊണ്ട് മുതലായി കിട്ടുകയും ചെയ്യും.
  • എസിയില്‍ ഉപയോഗിക്കുന്ന വാതകം പ്രധാനമാണ്. പരിസ്ഥിതി മലിനീകരണം കുറഞ്ഞതും താപചാലകത കൂടിയതുമായ വാതകമുള്ള എസികളാണ് ഇപ്പോള്‍ വിപണിയിലെ ട്രെന്‍ഡ്.
  • ചില വില കുറഞ്ഞ എസികളില്‍ കോപ്പറിന് പകരം അലൂമിനിയം കണ്ടന്‍സര്‍ ഉപയോഗിക്കുന്നുണ്ട്. ഈ സീസണില്‍ ഇത്തരം അലൂമിനിയം കണ്ടന്‍സറുള്ള എസികള്‍ കമ്പനികള്‍ തന്നെ വിപണിയില്‍ എത്തിച്ചിരുന്നില്ല. കോപ്പര്‍ കണ്ടന്‍സര്‍ ഉള്ള എസികള്‍ക്കാവും പരിപാലന ചെലവ് കുറവ്. വില കുറവ് നോക്കി അലൂമിനിയം കണ്ടന്‍സര്‍ തെരഞ്ഞെടുക്കരുത്.
  • വില്‍പ്പനാനന്തര സേവനവും മറ്റും പരിഗണിച്ചു വേണം എസി വാങ്ങാന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT