Retail

കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് 450 കോടിയുടെ വന്‍കിട ഓര്‍ഡര്‍ നല്‍കി അദാനി പോര്‍ട്‌സ്, വാങ്ങുന്നത് എട്ട് ഹാര്‍ബര്‍ ടഗ്ഗുകള്‍

തുറമുഖങ്ങളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ് ഹാർബർ ടഗ്ഗുകൾ

Dhanam News Desk

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിക്കുന്ന എട്ട് ഹാർബർ ടഗ്ഗുകൾ പോര്‍ട്‌സ് വാങ്ങുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കൊച്ചിൻ ഷിപ്പ്‌യാർഡും അദാനി പോര്‍ട്‌സും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

2026 ഡിസംബറിനും 2028 മെയ് മാസത്തിനും ഇടയിലാണ് ഹാർബർ ടഗ്ഗുകൾ കൈമാറ്റം ചെയ്യുക. പദ്ധതിയുടെ ആകെ മൂല്യം 450 കോടി രൂപയാണ്. അദാനി പോര്‍ട്ട്സ് ഇന്ത്യയില്‍ നല്‍കുന്ന ഇത്തരത്തിലുളള ഏറ്റവും വലിയ ഓര്‍ഡറാണ് ഇത്. തുറമുഖങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് സഹായകരമാണ് ഹാർബർ ടഗ്ഗുകൾ.

ബാറ്ററി ഇലക്ട്രിക് ടഗ്ഗുകള്‍ അവതരിപ്പിച്ചുകൊണ്ട് ഈ വ്യവസായത്തെ മാറ്റാൻ സി.എസ്.എല്‍ ലക്ഷ്യമിടുന്നതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു നായർ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാമിലൂടെയാണ് ഈ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്നും മധു നായർ പറഞ്ഞു.

ഇന്ത്യയിലെ സമുദ്ര അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് കൊച്ചിൻ ഷിപ്പ്‌യാർഡുമായുളള കരാറെന്ന് അദാനി പോര്‍ട്‌സിന്റെ മുഴുവൻ സമയ ഡയറക്ടറും സി.ഇ.ഒ യുമായ അശ്വനി ഗുപ്ത പറഞ്ഞു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഞങ്ങൾക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് കരാര്‍. ലോകോത്തര നിലവാരത്തിലുള്ള പ്രാദേശിക ഉൽപ്പാദന ശേഷികൾ പ്രയോജനപ്പെടുത്തുന്നതിലൂടെ 'മേക്ക് ഇൻ ഇന്ത്യ'യിലേക്ക് സംഭാവന നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

അപ്പര്‍ സര്‍ക്യൂട്ടില്‍

ഓഷ്യൻ സ്പാർക്കിൾ ലിമിറ്റഡിനായി രണ്ട് 62 ടൺ ബൊള്ളാർഡ് പുൾ അസിമുത്തിംഗ് സ്റ്റേൺ ഡ്രൈവ് (എ.എസ്.ഡി) ടഗ്ഗുകളുടെ നിർമ്മാണത്തിനായി അദാനി പോര്‍ട്‌സും കൊച്ചിൻ ഷിപ്പ്‌യാർഡും തമ്മില്‍ നേരത്തെ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. രണ്ട് ടഗ്ഗുകളും ഷെഡ്യൂളിന് മുമ്പേ കൊച്ചിന്‍ ഷിപ്പ്‌യാർഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കിയിരുന്നു. പാരദീപ് തുറമുഖത്തും ന്യൂ മംഗലാപുരം തുറമുഖത്തുമാണ് ഈ ടഗ്ഗുകള്‍ പ്രവർത്തിക്കുന്നത്.

മൂന്ന് എ.എസ്.ഡി ടഗ്ഗുകളുടെ നിർമ്മാണം കൊച്ചിൻ ഷിപ്പ്‌യാർഡില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ അദാനി പോര്‍ട്‌സില്‍ നിന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിന് ലഭിച്ച ടഗ്ഗുകളുടെ ഓർഡറുകളുടെ എണ്ണം 13 ആയി.

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരി ഇന്ന് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ 1,539 രൂപയിലാണ് ക്ലോസ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT