Image courtesy: Canva
Retail

റോബോട്ടുകൾ പണി തുടങ്ങി; ആയിരക്കണക്കിന് തൊഴിലാളികളെ ഒഴിവാക്കാന്‍ ആമസോൺ ഒരുങ്ങുന്നു, മനുഷ്യ വിഭവ ശേഷി വേണ്ടാതാകുമോ?

2025 നും 2027 നും ഇടയിൽ പ്രവർത്തനച്ചെലവിൽ 1,260 കോടി ഡോളർ വരെ ലാഭിക്കാന്‍ ഓട്ടോമേഷന് കഴിയുമെന്നാണ് കരുതുന്നത്

Dhanam News Desk

ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനികളില്‍ ഒന്നായ ആമസോൺ, വെയർഹൗസുകളിലെ ആയിരക്കണക്കിന് ജോലികൾ റോബോട്ടുകൾ ഉപയോഗിച്ച് യാന്ത്രികമാക്കാൻ (Automate) ഒരുങ്ങുന്നു. 2018 മുതൽ യു.എസിലെ ആമസോണിന്റെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടി വർദ്ധിച്ച് ഏകദേശം 12 ലക്ഷമായി. 5 ലക്ഷത്തിലധികം ജോലികൾ റോബോട്ടുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2027 ആകുമ്പോഴേക്കും യുഎസിൽ 1.60 ലക്ഷത്തിലധികം അധിക ജീവനക്കാരെ നിയമിക്കേണ്ടതിന്റെ ആവശ്യകത തടയാൻ കഴിയുമെന്ന് കമ്പനിയുടെ ഓട്ടോമേഷൻ ടീം പ്രതീക്ഷിക്കുന്നത്. സാധനങ്ങൾ എടുക്കുന്നതിനും പാക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങളിലാണ് (picking, packing, delivery) പ്രധാനമായും ഓട്ടോമേഷന്‍ നടപ്പാക്കുന്നത്. 2025 നും 2027 നും ഇടയിൽ പ്രവർത്തനച്ചെലവിൽ 1,260 കോടി ഡോളർ വരെ ലാഭിക്കാന്‍ ഓട്ടോമേഷന് കഴിയുമെന്നാണ് കരുതുന്നത്. 2033 ആകുമ്പോഴേക്കും വിൽപ്പന ഇരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

റോബോട്ടിക് കേന്ദ്രങ്ങള്‍

ഭാവിയിലെ റോബോട്ടുകള്‍ ഉപയോഗിച്ചുളള വെയർഹൗസുകള്‍ക്ക് മാതൃക എന്ന നിലയില്‍ കഴിഞ്ഞ വർഷം യു.എസിലെ ഷ്റീവ്‌പോർട്ടില്‍ (Shreveport) ഒരു കേന്ദ്രം ആമസോൺ ആരംഭിച്ചിരുന്നു. മനുഷ്യൻ്റെ ഇടപെടൽ ഏറ്റവും കുറവാണ് ഈ വെയർഹൗസില്‍. ആയിരത്തോളം റോബോട്ടുകളാണ് ഇവിടെ പ്രവർത്തന സജ്ജമായിട്ടുളളത്. 2027 അവസാനത്തോടെ ഏകദേശം 40 കേന്ദ്രങ്ങളിൽ ഈ മാതൃക പിന്തുടരാനാണ് ആമസോൺ ഉദ്ദേശിക്കുന്നത്.

അതിവേഗ ഡെലിവറികൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സൗകര്യങ്ങളിൽ കുറച്ച് ആളുകളെ മാത്രം ജോലിക്കെടുക്കുന്ന രീതി പിന്തുടരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. 75 ശതമാനം പ്രവർത്തനങ്ങളും ഓട്ടോമേറ്റ് ചെയ്യാനുളള പദ്ധതികളിലാണ് കമ്പനിയുടെ റോബോട്ടിക്‌സ് ടീമെന്നും റിപ്പോർട്ട് പറയുന്നു.

ആമസോണിൻ്റെ പ്രതികരണം

അതേസമയം റിപ്പോര്‍ട്ടുകളില്‍ വന്ന വിവരങ്ങള്‍ അപൂർണ്ണമാണെന്നും കമ്പനിയുടെ വ്യക്തമായ നിയമന തന്ത്രങ്ങള്‍ ഇതിൽ ചിത്രീകരിക്കുന്നില്ലെന്നും ആമസോൺ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ഡെലിവറി ഡിപ്പോകൾ സ്ഥാപിക്കാനുളള ശ്രമങ്ങളിലാണ് കമ്പനി. ഓട്ടോമേഷനിലൂടെ ലാഭിക്കുന്ന പണം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഉപയോഗിക്കുക. പ്രവര്‍ത്തനങ്ങളില്‍ ഓട്ടോമേഷൻ കൊണ്ടുവരുന്നതിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രധാന്യം നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Amazon plans to automate warehouse operations with robots, potentially replacing 500,000 jobs while promising reinvestment in new opportunities.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT