Image courtesy: Canva
Retail

ഹിറ്റായി ബിഗ് ബാസ്‌ക്കറ്റിന്റെ 'ഇല' പ്ലേറ്റുകള്‍; വില കൂടുതലെന്ന് ഒരു വിഭാഗം, സമൂഹമാധ്യമത്തില്‍ തലോടലും വിമര്‍ശനവും

ഗ്രാമീണ ഉപജീവനമാർഗത്തിന് അന്തസ് നൽകാനും മാലിന്യം കുറയ്ക്കാനും നീക്കം സഹായിക്കുമെന്ന് കമ്പനി

Dhanam News Desk

ഓൺലൈൻ പലചരക്ക് വിതരണ പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റിന്റെ പരമ്പരാഗത ഇല പ്ലേറ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്ലാസ്റ്റിക് കോട്ടിങ്ങുള്ളതും ഫംഗസ് സാധ്യതയുള്ളതുമായ ഒറ്റത്തവണ ഉപയോഗ പ്ലേറ്റുകൾക്ക് പകരമായാണ്, മെച്ചപ്പെട്ടതും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ബദൽ എന്ന നിലയിൽ കമ്പനി ഈ പരീക്ഷണം ആരംഭിച്ചത്.

പ്ലാസ്റ്റിക്കിന് ബദല്‍

ഒരു പരീക്ഷണം എന്ന നിലയിൽ ആരംഭിച്ച ഈ ഉൽപ്പന്നം, നിലവിൽ കമ്പനിയുടെ ഏറ്റവും വേഗത്തിൽ വളരുന്ന ഉൽപ്പന്ന നിരകളിൽ ഒന്നായി മാറിയതായി ബിഗ് ബാസ്‌ക്കറ്റിന്റെ സഹസ്ഥാപകനും സിഇഒയുമായ ഹരി മേനോൻ പറയുന്നു. ഒഡീഷയിലെ ഗോത്രവർഗ സമൂഹങ്ങളുമായി സഹകരിച്ചാണ്, കട്ടിയുള്ളതും എളുപ്പത്തിൽ കമ്പോസ്റ്റ് ചെയ്യാൻ കഴിയുന്നതുമായ 'സിയാലി' ഇലകൾ (Siali leaves) ഇതിനായി ശേഖരിക്കുന്നത്.

കമ്പനിയുടെ ഗവേഷണ വികസന ശ്രമങ്ങളിലൂടെ ഇവ കൂടുതൽ ഉറപ്പുള്ളതും ആൻ്റി-ബാക്ടീരിയൽ സ്വഭാവമുള്ളതുമാക്കി മാറ്റാൻ സാധിച്ചു. നിലവിൽ ഡിസ്‌പോസിബിൾ ടേബിൾവെയർ വിഭാഗത്തിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനം സംഭാവന ചെയ്യുന്നത് ഈ ഇല പ്ലേറ്റുകളാണ്.

ഗ്രാമീണ ഉപജീവനമാർഗത്തിന് അന്തസ് നൽകാനും മാലിന്യം കുറയ്ക്കാനും ഈ നീക്കം സഹായിക്കുന്നുവെന്ന് ഹരി മേനോൻ പറഞ്ഞു. എന്നാൽ ഇതിന് ഒരു മറുവശവുമുണ്ട്. ഈ പ്ലേറ്റുകളുടെ ഉയർന്ന വിലയാണ് ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയത്. ഒരു പ്ലേറ്റിന് ഏകദേശം 15-16 രൂപ വരെ വില വരുന്നതിനാൽ, ഇത് സാധാരണക്കാർക്ക് അപ്രാപ്യമാണെന്നും, അവർക്ക് വില കുറഞ്ഞ പ്ലാസ്റ്റിക് ബദലുകളെ ആശ്രയിക്കേണ്ടിവരുമെന്നും ചിലർ വിമർശിച്ചു. "അവർ 'ഇലകളെ' വാണിജ്യവൽക്കരിച്ചു" എന്ന് പരിഹസിച്ചവരും ഉണ്ട്.

സുസ്ഥിരമായ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിലും, ഒപ്പം ഗോത്രവർഗക്കാർക്ക് വരുമാനം ഉറപ്പാക്കുന്നതിലും ബിഗ് ബാസ്‌ക്കറ്റിൻ്റെ ഈ സംരംഭം ശ്രദ്ധേയമായ മുന്നേറ്റമാണ്.

BigBasket's eco-friendly leaf plates spark praise and criticism online due to high pricing and sustainability focus.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT