image:@dhanamfile 
Retail

കിഷോര്‍ ബിയാനി, ഒരു പാവം ശതകോടീശ്വരന്‍!

ഫ്യൂച്ചര്‍ റീറ്റെയ്ല്‍ സ്ഥാപകനായ കിഷോര്‍ ബിയാനി 1987 ല്‍ സ്ഥാപിച്ച പന്റ്റാലൂണ്‍സും കടം മൂലം വിറ്റിരുന്നു

Dhanam News Desk

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടം കയറി പ്രതിസന്ധിയിലായ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ വീണ്ടും വാര്‍ത്തയിലാകുന്നത് കമ്പനി ഏറ്റെടുക്കാന്‍ 49 കമ്പനികള്‍ രംഗത്ത് വന്നതോടെയാണ്. എന്നാല്‍ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ സ്ഥാപകന്‍ ശതകോടീശ്വരനായ കിഷോര്‍ ബിയാനിക്ക് തന്റെ കരിയറില്‍ രണ്ടാം തവണയാണ് തിരിച്ചടി നേരിടുന്നത്. 1987 സ്ഥാപിതമായ ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ പന്റ്റാലൂണ്‍സ് (Pantaloons) വിപുലപ്പെടുത്താന്‍ വേണ്ടി കടമെടുത്ത് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന് ബിസിനസ് വില്‍ക്കേണ്ടി വന്നു. 2019 ല്‍ ഫോബ്സ് പട്ടികയില്‍ ഇന്ത്യയിലെ ധനികരില്‍ 80-ാമത്തെ സ്ഥാനത്തായിരുന്ന ബിയാനി പിന്നീട് താഴേക്ക് പോയി.

ഫ്യൂച്ചര്‍ റീറ്റെയ്ല്‍ കമ്പനിയും  നഷ്ടമായി

2001 ല്‍ സ്ഥാപിച്ച ഫ്യൂച്ചര്‍ റീറ്റെയ്ല്‍ കമ്പനി അതിവേഗം റീറ്റെയ്ല്‍ രംഗത്ത് വളര്‍ന്ന് 437 നഗരങ്ങളിലായി 2000 ഔട്ട് ലെറ്റുകള്‍ ആരംഭിച്ചു. ബിഗ് ബസാര്‍ എന്ന ഹൈപ്പര്‍ മാര്‍ക്കറ്റും ഫാഷന്‍ തുണിത്തരങ്ങള്‍ക്കായി ഫാഷന്‍ ബസാറും വിവിധ നഗരങ്ങളില്‍ സ്ഥാപിച്ചു. മിതമായ വിലക്ക് വസ്ത്രങ്ങളും അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടം കയറി പന്റ്റാലൂണ്‍സ് കൈവിട്ടു പോയത് പോലെ ഫ്യൂച്ചര്‍ റീറ്റെയ്ല്‍ കമ്പനിയും കിഷോര്‍ ബിയാനിക്ക് നഷ്ടമായി.

നിയമപരമായി എതിത്തു 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് 34000 കോടി രൂപക്ക് കമ്പനി 835 ഔട്ട് ലെറ്റുകള്‍ സ്വന്തമാക്കി അതിനെ സ്മാര്‍ട്ട് സ്റ്റോറുകളാക്കി. എന്നാല്‍ ഈ കൊമേഴ്‌സ് സ്ഥാപനമായ ആമസോണും കടം നല്‍കിയ വാണിജ്യ സ്ഥാപനങ്ങളും റിലയന്‍സുമായിട്ടുള്ള ഇടപാടിനെ നിയമപരമായി എതിര്‍ക്കുകയായിരുന്നു.

കോടതി നിയോഗിച്ച അധികാരി രണ്ടാം വട്ടം കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചപ്പോള്‍ ഇന്ത്യയിലെയും യു കെ അമേരിക്ക എന്നിവിടങ്ങളിലേയും വമ്പന്‍ കമ്പനികള്‍ക്ക് ഒപ്പം ആക്രി കച്ചവടക്കാരും ഫ്യൂച്ചര്‍ റീറ്റെയ്ല്‍ ഏറ്റെടുക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴില്‍ ഈസി ഡേ എന്ന കണ്‍വീനിയന്‍സ് സ്റ്റോര്‍ ശൃംഖലയും ഫുഡ് ഹാള്‍ എന്ന ഭക്ഷണ റീറ്റെയ്ല്‍ സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കോവിഡ് ലോക്ക് ഡൗണ്‍ മൂലം മാസങ്ങളോളം അടച്ചിടേണ്ടി വന്നതാണ് കടം കൂടാനിടയാക്കിയതെന്നാണ് കിഷോര്‍ ബിയാനി പറയുന്നത്.

നിലവില്‍ ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ് എന്ന കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ എന്ന നിലക്ക് കിഷോര്‍ ബിയാനി 75.4 ലക്ഷം രൂപ കൈപ്പറ്റുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT