Image courtesy: canva/bpcl fb 
Retail

എണ്ണ ഉപഭോഗം വര്‍ധിക്കും, ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയുമായി ബി.പി.സി.എല്‍, ₹ 95,000 കോടിയുടെ പദ്ധതി

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ

Dhanam News Desk

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ആന്ധ്രാപ്രദേശിൽ 95,000 കോടി രൂപ ചെലവില്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റിഫൈനറി പദ്ധതിയാണിത്. പ്രതിവർഷം 9 ദശലക്ഷം ടൺ ക്രൂഡ് ഓയില്‍ സംസ്കരണ ശേഷിയുളള റിഫൈനറിയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.

3-3.5 ദശലക്ഷം ടൺ പെട്രോൾ, ഡീസൽ ഇന്ധനങ്ങളും 3.8-4 ദശലക്ഷം ടൺ പെട്രോകെമിക്കലുകളും ഈ റിഫൈനറി ഉൽപ്പാദിപ്പിക്കും. ആന്ധ്രാപ്രദേശിൽ സ്ഥാപിക്കുന്നത് തീരദേശ റിഫൈനറി ആയിരിക്കുമെന്നും 6,000 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ബിപിസിഎൽ ഡയറക്ടർ (ഫിനാൻസ്) വെത്‌സ രാമകൃഷ്ണ ഗുപ്ത പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കേണ്ടതുണ്ട്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐഒസി) റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും പിന്നിലായി രാജ്യത്തെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയാണ് ബിപിസിഎൽ. മുംബൈ (പ്രതിവർഷം 12 ദശലക്ഷം ടൺ ശേഷി), കൊച്ചി (15.5 ദശലക്ഷം ടൺ), മധ്യപ്രദേശിലെ ബിന (7.8 ദശലക്ഷം ടൺ) എന്നിവിടങ്ങളില്‍ നിലവിൽ കമ്പനിക്ക് റിഫൈനറികൾ ഉണ്ട്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. നിലവില്‍ 256.8 ദശലക്ഷം ടൺ എണ്ണ ശുദ്ധീകരണ ശേഷിയാണ് രാജ്യത്തിനുളളത്. ഇന്ത്യയുടെ എണ്ണ ആവശ്യകത പ്രതിവർഷം 4-5 ശതമാനം എന്ന തോതില്‍ വർധിക്കുന്നതായാണ് കണക്കാക്കുന്നത്.

എണ്ണ ശുദ്ധീകരണ, ഇന്ധന റീട്ടെയിലിംഗ് ബിസിനസ് വിപുലീകരിക്കുന്നതിനും പുതിയ ഊർജ സംരംഭങ്ങൾക്കുമായി ബിപിസിഎൽ 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയിട്ടുളളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT