ഡോ.കെ.എന്‍. രാഘവന്‍  
Retail

റബര്‍ കൃഷിയെ വ്യാപകമാക്കി ഡോ.കെ.എന്‍. രാഘവന്‍ പടിയിറങ്ങി

കസ്റ്റംസ് ആന്‍ഡ് ജി.എസ്.ടി വകുപ്പില്‍ ഇനി പുതിയ ഇന്നിംഗ്‌സ്

Dhanam News Desk

കേരളത്തില്‍ മാത്രം ഒതുങ്ങിനിന്ന റബര്‍ കൃഷിയെ രാജ്യമെമ്പാടും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂട്ടി വിപണിക്കും ആഭ്യന്തര സമ്പദ് വ്യവസ്ഥയ്ക്കും കുതിപ്പേക്കാനുള്ള നടപടികൾക്ക്  തുടക്കമിട്ടതിന്റെ ചാരുതാര്‍ത്ഥ്യവുമായി ഡോ.കെ.എന്‍. രാഘവന്‍ റബര്‍ ബോര്‍ഡിന്റെ പടിയിറങ്ങി. മുംബയ് ജി.എസ്.ടി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ഓഫീസില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഡോ.കെ.എന്‍. രാഘവന്‍ 2019 ഏപ്രില്‍ 29ന് റബര്‍ ബോര്‍ഡില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റത്.

ആത്മവിശ്വാസത്തിന്റെ വിപണി

വിലത്തകര്‍ച്ച, ഉത്പാദനയിടിവ്, നിര്‍ജീവമായ ടാപ്പിംഗ് തുടങ്ങി റബര്‍ മേഖലയും കര്‍ഷകരും നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലത്താണ് റബര്‍ ബോര്‍ഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറായി ഡോ.കെ.എന്‍. രാഘവന്‍ ചുമതലയേല്‍ക്കുന്നത്. ടാപ്പിംഗ് നിലച്ചിരുന്ന 55,000 ഹെക്ടറുകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാപ്പിംഗ് പുനരാരംഭിച്ചു.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും റബര്‍ കൃഷി വ്യാപിപ്പിച്ചു. ഇതിനായി ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനുമായി (എ.ടി.എം.എ) കൈകോര്‍ത്തു. 5 വര്‍ഷത്തിനകം 2 ലക്ഷം ഹെക്ടറില്‍ കൃഷി വ്യാപിപ്പിക്കുകയായിരുന്നു സഹകരണ ലക്ഷ്യം. 2021-22ല്‍ 27,232 ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 2023ലെ ലക്ഷ്യം 50,000 ഹെക്ടറാണ്.

നിരവധി നേട്ടങ്ങള്‍

2011ല്‍ റബര്‍വില കിലോയ്ക്ക് 250 രൂപയായിരുന്നത് പിന്നീട് 92 രൂപവരെ ഇടിഞ്ഞിരുന്നു. ഇപ്പോള്‍ വിലയുളളത് 140-145 രൂപ നിരക്കിലാണ്. റബര്‍ കര്‍ഷക സൊസൈറ്റികള്‍ വഴി ഡോ. രാഘവന്റെ പരിശ്രമാര്‍ത്ഥം കര്‍ഷകര്‍ക്കുള്ള സബ്‌സിഡി കുടിശിക മുഴുവന്‍ വീട്ടി. വാര്‍ഷിക റബര്‍ ഉത്പാദനം ആറരലക്ഷം ടണ്ണായിരുന്നത് 8.40 ലക്ഷം ടണ്ണിലെത്തിച്ചു.

ജനിതക മാറ്റം വരുത്തിയ തൈകള്‍ വികസിപ്പിച്ച് പേറ്റന്റ് സ്വന്തമാക്കി. പുതിയ ലാബുകള്‍ ഈ രംഗത്ത് തുറന്നു. റബര്‍ വിനിമയത്തിനായി കര്‍ഷക സൗഹൃദമായ 'എറുംബെ' എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിനും തുടക്കമിട്ടു.

കാര്‍ബണ്‍ ക്രെഡിറ്റും സാക്ഷ്യപത്രവും

പ്രകൃതിസൗഹൃദമായി കൃഷി ചെയ്യുന്ന കര്‍ഷര്‍ക്ക് റബര്‍ ബോര്‍ഡ് സാക്ഷ്യപത്രം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഡോ.കെ.എന്‍ രാഘവന്റെ കീഴിലാണ്. സുസ്ഥിര വികസനപദ്ധതി നടപ്പാക്കുന്ന ടയര്‍ കമ്പനികള്‍ ഈ സാക്ഷ്യപത്രമുള്ള കര്‍ഷകരില്‍ നിന്ന് മാത്രമേ സ്റ്റോക്ക് വാങ്ങൂ.

മറ്റൊരു ശ്രദ്ധേയ പദ്ധതിയാണ് കാര്‍ബണ്‍ ക്രെഡിറ്റ്. റബര്‍ വ്യവസായങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന് തുല്യമായി റബര്‍ മരങ്ങള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിച്ചെടുക്കുന്നത് കണക്കാക്കുന്ന സംവിധാനമാണിത്. ഇതിനുള്ള സാമ്പത്തിക സഹായം കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

വീണ്ടും നികുതി വകുപ്പിലേക്ക്

എം.ബി.ബി.എസ് പഠിച്ച് ഡോക്ടറായ കെ.എന്‍. രാഘവന്‍ ആദ്യ അവസരത്തില്‍ തന്നെ സിവില്‍ സര്‍വീസ് പാസായി ഐ.ആര്‍.എസ് നേടുകയായിരുന്നു. തികഞ്ഞ ക്രിക്കറ്റ് പ്രേമികൂടിയായ അദ്ദേഹം രാജ്യാന്തര അംപയറുമായിരുന്നു. ജോലിത്തിരക്കിനിടെ അംപയറിംഗിനോട് വിടപറഞ്ഞു. റബര്‍ ബോര്‍ഡില്‍ നിന്ന് കസ്റ്റംസ് ആന്‍ഡ് ജി.എസ്.ടി വകുപ്പിലേക്ക് തിരികെപ്പോകുകയാണ് അദ്ദേഹം. ചീഫ് കമ്മിഷണറായാണ് അടുത്ത ഇന്നിംഗ്‌സ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT