Retail

ജനപ്രിയ പൗഡര്‍ ബ്രാന്റ് ഇമാമിക്ക് സ്വന്തം, ഏറ്റെടുത്തത് 432 കോടി രൂപയ്ക്ക്

വിപണിയില്‍ 20 ശതമാനത്തോളം പങ്കാളിത്തമാണ് ഈ ബ്രാന്റിനുള്ളത്

Dhanam News Desk

ജനപ്രിയ പൗഡര്‍ ബ്രാന്റായ ഡെര്‍മികൂളിനെ ഏറ്റെടുത്ത് എഫ്എംസിജി കമ്പനിയായ ഇമാമി ലിമിറ്റഡ്. 432 കോടി രൂപയ്ക്കാണ് റെക്കിറ്റില്‍ നിന്ന് ഡെര്‍മികൂളിനെ സ്വന്തമാക്കിയതെന്ന് കമ്പനി വ്യക്തമാക്കി. വേനല്‍ക്കാലത്തെ ചൂടില്‍നിന്ന് ശരീരത്തിന് തണുപ്പ് നല്‍കുന്നതില്‍ ഡെര്‍മികൂള്‍ ഏറെ ജനപ്രിയമാണ്. കൂടാതെ 'ആയാ മൗസം തണ്ടേ തണ്ടേ ഡെര്‍മികൂള്‍ കാ' എന്ന വിപണന കാമ്പെയ്നിന്റെ ഫലമായി മികച്ച ഉപഭോക്താക്കളും ഈ ബ്രാന്റിനുണ്ട്.

നിലവില്‍, വിപണിയില്‍ 20 ശതമാനത്തോളം പങ്കാളിത്തമാണ് ഈ ബ്രാന്റിനുള്ളതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഇമാമിയുടെ നവരത്ന കൂള്‍ ടാല്‍ക്കിനൊപ്പം, ഡെര്‍മികൂളും തങ്ങളുടെ ഉല്‍പ്പന്ന നിരയിലേക്ക് എത്തുന്നതോടെ ഈ വിഭാഗത്തില്‍ മുന്നേറാനാണ് ഇമാമി ലിമിറ്റഡ് ലക്ഷ്യമിടുന്നത്.

'' ഡെര്‍മികൂള്‍ ബ്രാന്‍ഡിന്റെ ഏറ്റെടുത്തതായി പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ആഗോളതാപനവും വേനല്‍ താപനിലയും വര്‍ധിക്കുന്നതിനാല്‍ പ്രിക്ലി ഹീറ്റ് പൗഡര്‍ & കൂള്‍ ടാല്‍ക് വിഭാഗം ഭാവിയില്‍ ശക്തമായ വളര്‍ച്ചയ്ക്ക് ഒരുങ്ങുന്നു'' ഏറ്റെടുക്കലിനെക്കുറിച്ച് ഇമാമി ലിമിറ്റഡ് ഡയറക്ടര്‍ ഹര്‍ഷ വി അഗര്‍വാള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏതാനും വര്‍ഷങ്ങളായി ഇമാമി തങ്ങളുടെ ബിസിനസ് വിപുലീകരണാവശ്യാര്‍ത്ഥം വിവിധ ബ്രാന്‍ഡുകളെ സ്വന്തമാക്കിയിട്ടുണ്ട്. Zandu, Kesh King, ജര്‍മ്മന്‍ ബ്രാന്‍ഡ് Creme 21 എന്നിവയാണ് അടുത്തിടെ കമ്പനി സ്വന്തമാക്കിയ ബ്രാന്‍ഡുകള്‍. ഈ മാസം ആദ്യത്തില്‍ ന്യൂട്രീഷ്യന്‍ കമ്പനിയായ ട്രുനാറ്റീവ് എഫ് ആന്റ് ബി പ്രൈവറ്റ് ലിമിറ്റഡിന്റെ 19 ശതമാനം ഇക്വിറ്റി ഓഹരികള്‍ വെളിപ്പെടുത്താത്ത തുകയ്ക്ക് ഇമാമി ഏറ്റെടുത്തിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT