Retail

ഫ്‌ളിപ്കാര്‍ട്ടിന് എട്ടിന്റെ പണി! നിലവാരമില്ലാത്ത പ്രഷര്‍ കുക്കറുകള്‍ തിരികെ വാങ്ങണം, പിഴയും അടയ്ക്കണം

മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കടുത്ത നടപടിയെന്ന് കേന്ദ്രം

Dhanam News Desk

ഉപഭോക്തൃ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാന്‍ രാജ്യത്ത് വിപണനം നടത്തുന്ന ഏതൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ബാധ്യസ്ഥരാണെന്ന് ഉറപ്പിച്ച് പറഞ്ഞ് കേന്ദ്രം. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഫ്‌ളിപ്കാര്‍ട്ടിനെതിരെ നടപടി എടുത്തുകൊണ്ടാണ് കേന്ദ്രം നിലപാടറിയിച്ചത്. നിലവാരം കുറഞ്ഞ പ്രഷര്‍ കുക്കര്‍ വിറ്റതിനാണ് ഫ്‌ളിപ്കാര്‍ട്ടിന് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA) വന്‍ തുക പിഴ ശിക്ഷ ആയിട്ട് ഏര്‍പ്പെടുത്തിയത്.

പിഴ അടയ്ക്കുന്നതിനൊപ്പം ഈ കാറ്റഗറിയില്‍ വിറ്റഴിച്ച പ്രഷര്‍ കുക്കറുകളെല്ലാം ഉപഭോക്താക്കളെ അറിയിച്ച് തിരിച്ചെടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇ - കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ ഇത്തരം പ്രഷര്‍ കുക്കറുകള്‍ വില്‍ക്കാന്‍ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വന്തം പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷര്‍ കുക്കറുകളും വാങ്ങിയ ഉപഭോക്താക്കളെ വിവരമറിയിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉത്തരവില്‍ കമ്പനി എടുത്ത നടപടികളെ കുറിച്ച് 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഴുവന്‍ തുകയും റീഫണ്ട് ചെയ്യാനും ഫ്‌ളിപ്പ്കാര്‍ട്ടിനോട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചീഫ് കമ്മീഷണര്‍ നിധി ഖാരെ നിര്‍ദ്ദേശം നല്‍കി.

2021 ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് പ്രകാരം എല്ലാ ഗാര്‍ഹിക പ്രഷര്‍ കുക്കറുകള്‍ക്കും കട 2347:2017 മാനദണ്ഡ പാലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് പാലിക്കാതെ, ഗാര്‍ഹിക ഉപകരണ സെഗ്മെന്റിലൂടെ ഈ കാറ്റഗറിയിലെ പ്രഷര്‍ കുക്കറുകള്‍ വില്‍ക്കുന്നതിലൂടെ 1,84,263 രൂപ വരുമാനം നേടി. ഇക്കാര്യം ആപ്പ് സമ്മതിക്കുകയും ചെയ്തിരുന്നു. 

നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തടയിടുന്നതാണ് പുതിയ നടപടി. ഇത്തരത്തിൽ വിൽപ്പന നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ എടുക്കാനാണ് കേന്ദ്ര തീരുമാനം. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT