ജി.എസ്.ടി ഇളവ് നടപ്പിലാകുന്ന സെപ്റ്റംബര്‍ 22ന് മുമ്പ് ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ടുമായി എഫ്.എം.സി.ജി കമ്പനികള്‍. ചില്ലറ വില്‍പ്പനക്കാര്‍ക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാന്‍ കമ്പനികള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ 18, 12 ശതമാനമുള്ള പല ഉത്പന്നങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ ഇന്ത്യ (പി ആന്‍ഡ് ജി ഇന്ത്യ), ഡാബര്‍ ഇന്ത്യ, ലോറിയല്‍ ഇന്ത്യ, ഹിമാലയ വെല്‍നെസ് തുടങ്ങിയ കമ്പനികളില്‍ സ്റ്റോക്കുള്ള ഉയര്‍ന്ന ജി.എസ്.ടി രേഖപ്പെടുത്തിയ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാതെയാകും. തുടര്‍ന്നാണ് കമ്പനികള്‍ വമ്പന്‍ ഡിസ്‌ക്കൗണ്ട് നല്‍കി സ്റ്റോക്ക് വിറ്റൊഴിക്കാന്‍ ശ്രമിക്കുന്നത്. ജി.എസ്.ടി ഇളവില്‍ ഉള്‍പ്പെട്ട സോപ്പ്, ഷാമ്പു, ടൂത്ത് പേസ്റ്റ് തുടങ്ങിയ നിരവധി ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഡിസ്‌കൗണ്ട് ലഭിക്കുക.
ലക്‌സ്, ലൈഫ്‌ബോയ്, ഡവ്, ഹമാം, ലിറില്‍, പിയേഴ്‌സ് തുടങ്ങിയ സോപ്പ് ഉത്പന്നങ്ങള്‍ക്ക് നാല് ശതമാനം വരെ ഡിസ്‌ക്കൗണ്ട് നല്‍കാനാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തീരുമാനം. ഇതിനായി സെപ്റ്റംബര്‍ 20 വരെ റീട്ടെയ്‌ലര്‍ ബൊനാന്‍സ എന്ന പേരില്‍ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാമ്പുവിന് 10-20 ശതമാനം വരെയും ഹെയര്‍ ഓയിലുകള്‍ക്ക് 7-11 ശതമാനം വരെയും ഡിസ്‌ക്കൗണ്ടും കമ്പനി അനുവദിക്കും. 10 രൂപക്ക് മുകളില്‍ വിലയുള്ള പോണ്ട്‌സ്, ലാക്ക്‌മേ ഉത്പന്നങ്ങള്‍ക്ക് 11 ശതമാനമാണ് ഡിസ്‌ക്കൗണ്ട്. 20 രൂപക്ക് മുകളില്‍ വിലയുള്ള പെപ്‌സോഡെന്റ്, ക്ലോസ് അപ്പ് ഉത്പന്നങ്ങള്‍ക്ക് എട്ട് ശതമാനവും ഇളവ് ലഭിക്കും. ഉയര്‍ന്ന വിലയുള്ള ഹെല്‍ത്ത് ഡ്രിങ്കുകള്‍ക്ക് അഞ്ച് ശതമാനവും ശീതള പാനീയങ്ങള്‍ക്ക് 7 ശതമാനവും ഇളവ് ലഭിക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 22ന് ശേഷം ഉപയോക്താക്കളിലേക്ക് ജി.എസ്.ടി ഇളവിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ട് തുടരുന്നു.
അഞ്ച് ശതമാനമായി ജി.എസ്.ടി കുറഞ്ഞതോടെ ഡാബര്‍ റെഡ് ടൂത്ത് പേസ്റ്റ്, മെസ്‌വാക്ക് എന്നീ ഉത്പന്നങ്ങള്‍ക്ക് സെപ്റ്റംബര്‍ 21 വരെ 10 ശതമാനം വരെ ഇളവ് നല്‍കുമെന്ന് ഡാബറും വ്യക്തമാക്കിയിട്ടുണ്ട്. ഏരിയല്‍ ഡിറ്റര്‍ജെന്റ്, വിസ്പര്‍ സാനിട്ടറി നാപ്കിന്‍ എന്നീ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം അധിക ഡിസ്‌കൗണ്ട് നല്‍കുമെന്ന് നിര്‍മാതാക്കളായ പി ആന്‍ഡ് ജിയും പറയുന്നു. സെപ്റ്റംബര്‍ 21 വരെയാണ് നെവര്‍ ബിഫോര്‍ ജി.എസ്.ടി സ്‌പെഷ്യല്‍ ഓഫര്‍ കമ്പനി നടത്തുക. ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ്, പാന്റീന്‍, ഓറല്‍ ബി, ഗില്ലെറ്റ്, ഓള്‍ഡ് സ്‌പൈസ് ബ്രാന്‍ഡുകള്‍ക്കും ഇളവ് ബാധകമാണ്. 12ല്‍ നിന്നും അഞ്ച് ശതമാനമാക്കിയ പാംപേഴ്‌സ്, വിക്‌സ് തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും കമ്പനി ഇളവ് നല്‍കും.
നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി കുറച്ചതോടെ മിക്ക കമ്പനികളും തങ്ങളുടെ മൊത്ത വിതരണക്കാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 21 വരെയുള്ള വാങ്ങലുകള്‍ക്ക് നിലവിലെ ജി.എസ്.ടി നിരക്ക് അനുസരിച്ചാകും ഇന്‍വോയിസ് നല്‍കുക. സെപ്റ്റംബര്‍ 22ന് ശേഷമുള്ള ഇന്‍വോയിസുകളില്‍ നിരക്ക് മാറും. കൂടിയ വിലക്ക് വാങ്ങിയ ശേഷം വിലകുറച്ച് വില്‍ക്കുന്ന ചില്ലറ വ്യാപാരികള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് സേവനം ഉപയോഗിക്കാനാകുമെന്നും കമ്പനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌കിന്‍കെയര്‍, ഹെയര്‍ കളര്‍, പെര്‍ഫ്യൂമുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് 18 ശതമാനമായി തുടരുമെന്നും കമ്പനികള്‍ അറിയിച്ചു.
Top FMCG companies are offering steep discounts and clearance deals to retailers ahead of the GST rate transition. The move aims to liquidate old stock before new tax slabs kick in.
Read DhanamOnline in English
Subscribe to Dhanam Magazine