Retail

ആമസോണും ഫ്ലിപ്കാർട്ടും ഇനി വിയർക്കും; എത്തി ഗൂഗിൾ ഷോപ്പിംഗ് 

Dhanam News Desk

ആമസോണും ഫ്ലിപ്കാർട്ടും അരങ്ങുവാഴുന്ന ഇന്ത്യയുടെ 3500 കോടി ഡോളർ മൂല്യമുള്ള ഇ-കോമേഴ്‌സ് വിപണിയുടെ പങ്ക് പറ്റാൻ ഇതാ പുതിയൊരാളും കൂടി. സാക്ഷാൽ ഗൂഗിൾ.

ഗൂഗിളിന്റെ സെർച്ച് എൻജിനിൽ ഷോപ്പിംഗ് എന്നൊരു ടാബും കൂടി ചേർത്താണ് വരവ്. ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് വിലയും ഓഫറുകളും മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങാനുള്ള പുതിയ സജ്ജീകരണമാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്.

വിവിധ ഉത്പന്നങ്ങള്‍ക്ക് ഇ-കോമേഴ്‌സ് കമ്പനികളും ഉത്പന്ന നിർമ്മാണ കമ്പനികളും നല്‍കുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളും താരതമ്യം ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.

മാത്രമല്ല, റീറ്റെയ്ലർമാർക്കായി ഗൂഗിളിന്റെ 'മർച്ചന്റ് സെന്റർ' ഹിന്ദി ഭാഷയിൽ ഒരുക്കും. ഇവിടെ ചെറുകിട വ്യാപാരികൾക്ക് അവരുടെ ഉത്പന്നങ്ങൾ ലിസ്റ്റ് ചെയ്യാം. പരസ്യ കാംപെയ്‌നിന് പണം നൽകാതെതന്നെ.

ഇന്ത്യയിലെ 400 മില്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുടെ മൂന്നിലൊന്നു പേരേ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നുള്ളു. റെയിൽവേ ടിക്കറ്റ് ബുക്കിംഗ് കൂടിയുള്ള കണക്കാണിത്. അതിനാൽ തന്നെ ഈ രംഗത്തുള്ള സാധ്യത വളരെ വലുതാണെന്ന് ഗൂഗിൾ വൈസ് പ്രസിഡന്റ് (പ്രോഡക്റ്റ് മാനേജ്മെന്റ്) സുരോജിത് ചാറ്റർജി പറഞ്ഞു.

ഇന്ത്യയിൽ ഏകദേശം 58 മില്യൺ ചെറുകിട-ഇടത്തരം ബിസിനസുകളാണ് ഉള്ളത്. ഇതിൽ 35 ശതമാനവും റീറ്റെയ്ൽ രംഗത്തുള്ളവരാണ്. ലക്ഷക്കണക്കിന് ഓൺലൈൻ ഉപഭോക്താക്കളിലേക്കെത്താനുള്ള വഴിയാണ് റീറ്റെയ്ലർമാർക്ക് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT