Retail

ഓണ്‍ലൈന്‍ ഷോപ്പിംഗ്: കനത്ത ഡിസ്‌കൗണ്ട് ഇനിയില്ല

Dhanam News Desk

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇനി പഴയതുപോലെ ആവേശകരം ആകില്ല. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, പേറ്റിഎം മാള്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് വമ്പന്മാരുടെ കനത്ത ഡിസ്‌കൗണ്ടിംഗ് രീതിക്ക് സര്‍ക്കാര്‍ കൊണ്ടുവരുന്ന ഇ-കൊമേഴ്‌സ് നയത്തില്‍ നിയന്ത്രണങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.

വലിയ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുന്നുവെന്ന് രാജ്യത്തെ പരമ്പരാഗത വ്യാപാരികളുടെ ഏറെ നാളുകളായുള്ള പരാതിയായിരുന്നു. വിപണിയിലെ അനാരോഗ്യകരമായ മല്‍സരത്തെ അതിജീവിക്കാനാകാതെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്.

ഇ-കൊമേഴ്‌സ് പോളിസി തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അത് എന്ന് നടപ്പാക്കും എന്നത് തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് പ്രഭു കഴിഞ്ഞദിവസം ലോകസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. അനാരോഗ്യകരമായ മല്‍സരത്തിലൂടെ ചില ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിപണിയില്‍ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന സാഹചര്യം നീരിക്ഷിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഫറുകളുടെ പെരുമഴയിലൂടെ നിരവധി പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയെ നയിക്കുന്നത് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേറ്റിഎം മാള്‍ എന്നീ ത്രിമൂര്‍ത്തികളാണ്. ഇ-മാര്‍ക്കറ്ററിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം ഓണ്‍ലൈന്‍ റീറ്റെയ്ല്‍ സെയ്ല്‍സ് ഈ വര്‍ഷം ഇന്ത്യയില്‍ 31 ശതമാനം വളര്‍ച്ച പ്രാപിച്ച് 32.70 ബില്യണ്‍ ഡോളറിലേക്ക് എത്തും. എന്നാല്‍ മൊത്തം റീറ്റെയ്ല്‍ വില്‍പ്പനയുടെ 2.9 ശതമാനമേ ആകുന്നുള്ളു ഇത്. ഇന്ത്യയില്‍ ഇപ്പോഴും സാധാരണ റീറ്റെയ്ല്‍ ഷോപ്പുകള്‍ക്ക് മേല്‍ക്കൈ ഉണ്ട് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ ചൈനയില്‍ മൊത്തം റീറ്റെയ്ല്‍ വിപണിയുടെ 16 ശതമാനമാണ് ഓണ്‍ലൈന്‍ വിപണി. 2020ഓടെ ചൈനയില്‍ ഓണ്‍ലൈന്‍ വിപണി 25 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT