ചൈനയിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃതവസ്തുക്കളുടെ വില ഉയര്‍ന്നതിനാലും കയറ്റുമതി വിതരണരംഗത്തെ കാലതാമസവും ഇലക്ട്രോണിക്‌സ് വിപണിക്ക് തിരിച്ചടിയാകുന്നു. ഉപഭോക്തൃ വസ്തുക്കളുടെ വില ഉടന്‍ 5-7 ശതമാനം വരെ വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്‌സ് നിര്‍മാതാക്കള്‍ പറഞ്ഞു. ചൈനയിലെ കൊവിഡ് വ്യാപനം കാരണം ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്‌സ് വ്യവസായം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്നുണ്ട്.
കയറ്റുമതിയില്‍ നിലവിലുള്ള കാലതാമസം 4-5 ആഴ്ച തുടര്‍ന്നാല്‍ സമീപഭാവിയില്‍ ഞങ്ങള്‍ ഇന്ത്യയില്‍ ഭയാനകമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് സൂപ്പര്‍ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ അവ്നീത് സിംഗ് മര്‍വ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം വിലയില്‍ വലിയ അസ്ഥിരതയ്ക്ക് കാരണമായിട്ടുണ്ട്, ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ വില 5-7 ശതമാനം വരെ വര്‍ധിപ്പിക്കേണ്ടിവരും'' അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍, എസികള്‍, ഇറക്കുമതി ചെയ്യുന്ന വാച്ചുകള്‍ എന്നിവയ്ക്ക് വില കൂടും. ഈ ഉപഭോക്തൃ വസ്തുക്കളുടെ വില 10 ശതമാനം വരെ ഉയരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്‍ഡകാല്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ആനന്ദ് ദുബെ പറയുന്നതനുസരിച്ച്, പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍, വ്യവസായം വിതരണ ശൃംഖലയില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്.
കൊവിഡ് പാന്‍ഡെമിക് കാരണം ഇലക്ട്രോണിക്‌സ് മേഖല ഇതിനകം തന്നെ ഓരോ പാദത്തിലും 2-3 ശതമാനം വില വര്‍ധിപ്പിക്കുന്നുണ്ട്. വിതരണ ശൃംഖല തടസപ്പെട്ടതോടെ, ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനികളും ദൈനംദിന ഉപയോഗ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine