Retail

പേടിഎം മാള്‍ ഇ-കൊമേഴ്‌സ് ബിസിനസ് നിര്‍ത്തുന്നു?

Dhanam News Desk

ആകര്‍ഷകമായ ഓഫറുകള്‍ കൊണ്ട് ഉപഭോക്താക്കളുടെ മനംകവര്‍ന്ന പേടിഎം മാളിന്റെ ഇ-കൊമേഴ്‌സ് ബിസിനസ് ഉദ്ദേശിച്ചതുപോലെ മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ ബിസിനസ് മോഡലില്‍ മാറ്റം വരുത്താനൊരുങ്ങി കമ്പനി.

അലിബാബ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ ഇ-കൊമേഴ്‌സ് സ്ഥാപനമായ പേടിഎം മാള്‍ തങ്ങളുടെ ബിസിനസ് റ്റു കണ്‍സ്യൂമര്‍ (ബി2സി) മോഡലില്‍ മാറ്റം വരുത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ പലതും അടച്ചുപൂട്ടുകയും കാഷ്ബാക്കുകള്‍ നല്‍കുന്നത് ഏതാണ്ട് മുഴുവനായിത്തന്നെ നിര്‍ത്തിവെച്ചിരിക്കുകയുമാണ്. ഇത് പേടിഎം മാളിലേക്കുള്ള ഉപഭോക്താക്കളുടെ ട്രാഫിക്ക് കുത്തനെ കുറയാന്‍ കാരണമായിരിക്കുകയാണ്.

മറ്റൊരു വെബ് അനലിറ്റിക്‌സ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 2019ല്‍ പേടിഎം മാളിലേക്കുള്ള ട്രാഫിക് അഞ്ച് മില്യണ്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ 45 മില്യണ്‍ സന്ദര്‍ശകര്‍ സൈറ്റിലെത്തിയിരുന്നു. ഇതുപ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍ 88 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒക്ടോബറിലാണ് പേടിഎം മാളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നതെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

കമ്പനി ഇപ്പോള്‍ തന്നെ ബി2സി ബിസിനസ് കുറച്ചത് സെല്ലേഴ്‌സിന് തിരിച്ചടിയായിരിക്കുകയാണ്. പലയിടത്തേയും ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ അടയ്ക്കുകയും ഇന്‍വെന്ററി തിരിച്ചെടുക്കാന്‍ വില്‍പ്പനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. വില്‍ക്കാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചുകൊടുക്കാനാകാത്ത അവസ്ഥയിലാണ് തങ്ങളെന്ന് സെല്ലേഴ്‌സ് പറയുന്നു.

പുതിയ സാഹചര്യത്തില്‍ ബി2സി ബിസിനസ് മോഡലില്‍ നിന്ന് മാറി ബി2ബി മോഡലിലേക്ക് വരാനുള്ള തയാറെടുപ്പിലാണ് പേടിഎം മാള്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ റ്റു ഓഫ്‌ലൈന്‍ തന്ത്രമായിരിക്കും ഇവര്‍ പയറ്റുക. നേരത്തെ തന്നെ ഈ മേഖലയിലേക്ക് കടന്നിട്ടുള്ള പേടിഎം ഇനി ഈ രംഗത്ത് കൂടുതല്‍ ശക്തമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT