Retail

ഗള്‍ഫിലേക്കും മെട്രോ നഗരങ്ങളിലേക്കും കൂടുതല്‍ വിമാനങ്ങള്‍, കണ്ണൂർ വിമാനത്താവളത്തിന്റെ ശൈത്യകാല ഷെഡ്യൂൾ ഇങ്ങനെ

കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകളാണ് ഉളളത്

Dhanam News Desk

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം 2024-25 ലെ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലേക്ക് കൂടുതൽ ഫ്ലൈറ്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഷെഡ്യൂൾ.

പ്രധാന ഹൈലൈറ്റുകളിലൊന്ന് ഇൻഡിഗോയുടെ ഡൽഹിയിലേക്കും ദമാമിലേക്കുമുളള പുതിയ പ്രതിദിന സര്‍വീസുകളാണ്. ഈ വിമാനങ്ങൾ 2024 ഡിസംബറിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലബാർ മേഖലയിലെ നിർണായക കേന്ദ്രമെന്ന നിലയിൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഇത്.

2025 ജനുവരി മുതല്‍ കണ്ണൂരിൽ അഞ്ച് വിമാനങ്ങൾ ബേസ് ചെയ്യാൻ എയർ ഇന്ത്യ എക്‌സ്‌പ്രസിന് പദ്ധതിയിട്ടിട്ടുണ്ട്. കണ്ണൂരില്‍ പ്രവർത്തനങ്ങള്‍ വിപുലീകരീക്കാനാണ് എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ നീക്കം കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളടക്കമുളള സ്ഥലങ്ങളിലേക്ക് അന്താരാഷ്ട്ര തലത്തിൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുകയാണ് നീക്കത്തിന്റെ ഉദ്ദേശം.

മെട്രോ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍

രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളുമായി കൂടുതല്‍ കണക്ടിവിറ്റിയും വിമാനത്താവളം വാഗ്ദാനം ചെയ്യുന്നു. ബംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ ഒരുക്കിയിട്ടുണ്ട്. മുംബൈയിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് ഉണ്ടാകും.

ഗള്‍ഫ് രാജ്യങ്ങളിലേക്കും കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കും. അബുദാബിയിലേക്ക് ആഴ്‌ചയിൽ 17 സര്‍വീസുകളാണ് കണ്ണൂരില്‍ നിന്നുളളത്. ഷാർജയിലേക്കും ദോഹയിലേക്കും ആഴ്ചയില്‍ 12 സര്‍വീസുകള്‍ വീതമാണ് ഉളളത്. എട്ട് സര്‍വീസുകള്‍ ദുബൈയിലേക്കും ഏഴ് സര്‍വീസുകള്‍ മസ്‌കറ്റിലേക്കും ഒരുക്കിയിരിക്കുന്നു.

ബഹ്‌റൈൻ, ജിദ്ദ, കുവൈറ്റ്, റിയാദ് എന്നിവിടങ്ങളിലേക്ക് പ്രതിവാരം രണ്ട് സർവീസുകളും റാസൽ-ഖൈമയിലേക്കും ദമ്മാമിലേക്കും ആഴ്‌ചയിൽ മൂന്ന് യാത്രകളുമാണ് ഉളളത്.

ടൂറിസത്തിന് ഉണര്‍വ്

കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ 112 അന്താരാഷ്ട്ര സര്‍വീസുകളാണ് ഉളളത്. കണ്ണൂരിൽ നിന്ന് 92 പ്രതിവാര സര്‍വീസുകള്‍ നടത്തുന്ന ഇൻഡിഗോയാണ് ആഭ്യന്തര പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്.

കൂടുതല്‍ ശൈത്യകാല സര്‍വീസുകള്‍ ആരംഭിക്കുന്നത് ടൂറിസം മേഖലയ്ക്കും ഉണര്‍വേകും. കണ്ണൂർ, കാസർകോട്, കൂർഗ്, മൈസൂർ, വയനാട്, കോഴിക്കോട് എന്നിവയുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതാകും ഈ നീക്കം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT