Image Courtesy: Canva 
Retail

സൗരോര്‍ജ മേഖലയില്‍ നിശബ്ദ അട്ടിമറി! അണക്കെട്ട് വൈദ്യുതിയെ തോല്‍പിക്കാന്‍ പുരപ്പുറ സോളാര്‍

1,350 മെഗാവാട്ടാണ് നവംബറില്‍ കേരളത്തിലെ സൗരോര്‍ജ വൈദ്യുതോല്‍പാദനം; ജലവൈദ്യുതി ശേഷിക്ക് അടുത്തേക്ക്

Dhanam News Desk

സൗരോർജ വൈദ്യുത ശേഷി അതിവേഗം വിപുലീകരിക്കുന്ന പാതയിലാണ് കേരളം. ഏകദേശം 30-35 മെഗാവാട്ട് ഓൺ-ഗ്രിഡ് സോളാര്‍ സിസ്റ്റങ്ങളാണ് ഓരോ മാസവും കൂട്ടിച്ചേർക്കപ്പെടുന്നത്. വളർച്ച ഈ അനുപാതത്തില്‍ തുടരുകയാണെങ്കില്‍ സമീപഭാവിയിൽ സംസ്ഥാനത്തിൻ്റെ മൊത്തം ജലവൈദ്യുത ശേഷിയെ സൗരോർജ ശേഷി മറികടക്കുമെന്നാണ് വിലയിരുത്തുന്നത്.

വ്യാവസായിക ഉൽപ്പാദനം ഉൾപ്പെടെ 1,350 മെഗാവാട്ടാണ് നവംബറിൽ സംസ്ഥാനത്തിന്റെ സൗരോർജ വൈദ്യുതി ഉൽപ്പാദനം. എക്കാലത്തെയും ഉയർന്ന നിലയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം ശരാശരി 50 ലക്ഷം മുതൽ 54 ലക്ഷം യൂണിറ്റ് വരെയാണ് സൗരോർജ സിസ്റ്റങ്ങള്‍ വഴി ഉത്പാദിപ്പിക്കപ്പെടുന്നത്.

സോളാറിന് മികച്ച പ്രോത്സാഹനങ്ങള്‍

സംസ്ഥാനത്ത് നിലവില്‍ 1.70 ലക്ഷത്തിലധികം ഉപയോക്താക്കളാണ് പുരപ്പുറ സോളാർ പദ്ധതി പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സർക്കാരും നല്‍കുന്ന സബ്‌സിഡി അടക്കമുളള പ്രോത്സാഹനങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു.

സംസ്ഥാനത്തെ നാല് പ്രധാന ജലവൈദ്യുത നിലയങ്ങളുടെ സംയോജിത സ്ഥാപിത ശേഷിയെ 2025 പകുതിയോടെ കേരളത്തിന്റെ സൗരോർജ ശേഷി മറികടക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കി (780 മെഗാവാട്ട്), ശബരിഗിരി (340 മെഗാവാട്ട്), കുറ്റ്യാടി (225 മെഗാവാട്ട്), ലോവർ പെരിയാർ (180 മെഗാവാട്ട്) എന്നിവയുടെ മൊത്തം സ്ഥാപിത ശേഷി 1,525 മെഗാവാട്ടാണ്. ജലവൈദ്യുത പദ്ധതികളുടെ മൊത്തം സ്ഥാപിത ശേഷി 2,090.30 മെഗാവാട്ട് ആണ്. രണ്ട് വർഷത്തിനുള്ളിൽ സൗരോർജ ശേഷി ജലവൈദ്യുത പദ്ധതികളുടെ മൊത്തം സ്ഥാപിത ശേഷിയെ മറികടക്കുമെന്നാണ് വിലയിരുത്തുന്നത്.

വീട്ടാവശ്യങ്ങള്‍ പകല്‍ സമയത്ത് പൂര്‍ത്തിയാക്കണം

കേരളത്തിലെ സോളാര്‍ വൈദ്യുത ഉൽപ്പാദനം കുതിച്ചുയരുമ്പോൾ, ഉൽപ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി സംഭരിക്കാൻ നൂതനമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. സൗരോർജ വൈദ്യുതി പകൽ സമയത്താണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം സംഭവിക്കുന്നത് രാത്രിയിലാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ പകൽ സമയത്ത് ഉൽപാദിപ്പിക്കുന്ന അധിക സൗരോർജം സംഭരിക്കുന്നതിന് കൂറ്റൻ ബാറ്ററികൾ പോലുള്ള ​​സംവിധാനങ്ങളുടെ സാധ്യതയും കെ.എസ്.ഇ.ബി തേടുന്നുണ്ട്.

ഉൽപ്പാദനം കാര്യക്ഷമമായി വിനിയോഗിക്കാന്‍ സൗരോർജ വൈദ്യുതി ജനങ്ങള്‍ യുക്തിപൂര്‍വം ഉപയോഗിക്കണമെന്നും അധികൃതര്‍ പറയുന്നു. വീട്ടാവശ്യങ്ങള്‍ പ്രധാനമായും പകല്‍ സമയങ്ങളില്‍ നിര്‍വഹിക്കേണ്ടതുണ്ട്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യല്‍, ഇലക്ട്രിക് സ്റ്റൗ ഉപയോഗിച്ചുളള പാചകം ചെയ്യൽ, മറ്റു വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ ദിനചര്യകൾ പകൽ സമയത്ത് ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ കെ.എസ്.ഇ.ബി ഗ്രിഡിന് അധിക ഊർജ ഉൽപ്പാദനം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ള സിസ്റ്റം തകരാറുകളുടെ അപകടസാധ്യത കുറയ്ക്കാനും സാധിക്കും.

ഓണ്‍ ഗ്രിഡ്, ഓഫ് ഗ്രിഡ് സിസ്റ്റങ്ങള്‍

രണ്ട് തരത്തിലുളള സോളാര്‍ വൈദ്യുതി ഉല്‍പ്പാദനമാണ് പ്രധാനമായും നടക്കുന്നത്. ഓണ്‍ ഗ്രിഡ് സോളാര്‍ സിസ്റ്റങ്ങളും ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റങ്ങളുമാണ് അവ.

വീടുകളുടെ മേൽക്കൂരകളില്‍ സോളാർ പാനലുകൾ സ്ഥാപിക്കുകയും അത്തരം പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി യുടെ വിതരണ ലൈനിലേക്ക് കടത്തിവിടുകയും ചെയ്യുന്നതിനെയാണ് ഓണ്‍ ഗ്രിഡ് സംവിധാനം എന്നു പറയുന്നത്. ഉപയോക്താവിന് ആവശ്യമായ വൈദ്യുതി ഇലക്ട്രിക് ലൈനിൽ നിന്നാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ കെ.എസ്.ഇ.ബി ക്ക് വൈദ്യുതി തടസങ്ങള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ ഇത്തരം സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വീടുകളില്‍ വൈദ്യുതി ലഭിക്കുന്നതല്ല.

ഓഫ് ഗ്രിഡ് സോളാര്‍ സിസ്റ്റത്തില്‍ വീടിന്റെ മേൽക്കൂരയിലെ സോളാർ പാനലിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന ബാറ്ററിയിലാണ് സംഭരിക്കുന്നത്. ഏത് സമയത്തും ഇത് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാന്‍ സാധിക്കും. തടസങ്ങളില്ലാത്ത വൈദ്യുതി വീടുകളില്‍ ലഭിക്കാന്‍ ഓഫ് ഗ്രിഡ് സിസ്റ്റം സഹായകരമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT