MA Yousuf Ali, Chairman Lulu Retail image credit : canva lulu website
Retail

2,000 കോടി രൂപ മൂല്യം, 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണം, 200ലേറെ സ്ഥാപനങ്ങള്‍; വമ്പന്‍ ഏറ്റെടുക്കലുമായി യൂസഫലി!

ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ഒമാന്‍ അക്വേറിയം, നോവ സിനിമാസ് തുടങ്ങി 200 ല്‍ അധികം സ്ഥാപനങ്ങള്‍

Dhanam News Desk

2,000 കോടി രൂപ മൂല്യമുള്ള, ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍-മാള്‍ ഓഫ് മസ്‌കറ്റ് ഇനി മലയാളി കമ്പനിയായ ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു ഹോള്‍ഡിംഗ്‌സിന്റെ നിയന്ത്രണത്തില്‍. ഒമാന്‍ സര്‍ക്കാരിന് കീഴിലെ സോവറിന്‍ ഫണ്ടായ തമാനി ഗ്ലോബലുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിയുടെ സാന്നിധ്യത്തില്‍ സംബന്ധിച്ച് കരാര്‍ ഒപ്പുവെച്ചു. ഒമാനിലെ റീട്ടെയില്‍ രംഗത്ത് ലുലു ഗ്രൂപ്പിന്റെ സാന്നിധ്യം ഏറെ വര്‍ധിപ്പിക്കുന്നതാണ് ഈ കൈമാറ്റം. തമാനി ഗ്ലോബല്‍ പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസറായി പ്രവര്‍ത്തിക്കും.

20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം

ഷോപ്പിംഗ് രംഗത്ത് വൈവിധ്യങ്ങള്‍ ഏറെ ഒരുക്കിയിട്ടുള്ള മാള്‍ ഓഫ് മസ്‌കറ്റിന്റെ വിസ്തീര്‍ണം 20 ലക്ഷം ചതുരശ്ര അടിയാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ ഒമാന്‍ അക്വേറിയം, നോവ സിനിമാസ് തുടങ്ങി 200 ല്‍ അധികം സ്ഥാപനങ്ങള്‍ മാളില്‍ പ്രവര്‍ത്തിക്കും.

മസ്‌കറ്റില്‍ നടന്ന ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലാണ് ധാരണാ പത്രം ഒപ്പിവെച്ചത്. ഒമാന്‍ വ്യവസായ മന്ത്രി ഖൈസ് മുഹമ്മദ് അല്‍ യൂസഫ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എ.വി ആനന്ദ്, തമാനി ഗ്ലാബല്‍ ബോര്‍ഡ് അംഗം അബ്ദുല്‍ അസീസ് അല്‍ മഹ്‌റൂഖി എന്നിവരാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.

ജിസിസിയില്‍ വളരുന്ന സാന്നിധ്യം

ജിസിസി റീട്ടെയില്‍ വിപണിയില്‍ സാന്നിധ്യം വ്യാപിപ്പിക്കുകയാണ് ലൂലു ഗ്രൂപ്പ്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 116 ഹൈപ്പര്‍ മാര്‍ക്കറ്റുകളാണുള്ളത്. യുഎഇയില്‍ 43, സൗദി അറേബ്യയില്‍ 25, ഒമാനില്‍ 21, ഖത്തറില്‍ 11, കുവൈത്തിലും ബഹ്‌റൈനിലും എട്ട് എന്നിങ്ങനെയാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. ഇതിനു പുറമെ ഗള്‍ഫില്‍ 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT