ഒ.എന്‍.ഡി.സി സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ നായര്‍ സംസാരിക്കുന്നു 
Retail

ഒ.എന്‍.ഡി.സി റീറ്റെയ്ല്‍ വ്യാപാരികള്‍ക്ക് നല്‍കുന്നത് വന്‍ ഓണ്‍ലൈന്‍ വില്‍പ്പനാവസരങ്ങള്‍

നിലവില്‍ ഒ.എന്‍.ഡി.സിയിലുള്ളത് രണ്ടുലക്ഷത്തിലധികം വ്യാപാരികള്‍, മൂന്ന് കോടിയിലധികം ഉത്പന്നങ്ങള്‍

Dhanam News Desk

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഒ.എന്‍.ഡി.സി (ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ്) റീറ്റെയ്ല്‍ വ്യാപാരികള്‍ക്ക് മുന്നില്‍ തുറക്കുന്നത് നിരവധി സുവര്‍ണാവസരങ്ങളെന്ന് ഒ.എന്‍.ഡി.സി സീനിയര്‍ വൈസ് പ്രസിഡന്റ് നിതിന്‍ നായര്‍. കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ്-2023ല്‍ 'ട്രാന്‍സ്‌ഫോര്‍മിംഗ് ഡിജിറ്റല്‍ കൊമേഴ്‌സ് ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്കും ഓണ്‍ലൈന്‍ വില്‍പന മേഖലയുടെ പ്രയോജനം നേടാനും വിശാലമായ വിപണി കണ്ടെത്തി കൂടുതല്‍ വരുമാനം നേടാനും വഴിയൊരുക്കുകയാണ് ഒ.എന്‍.ഡി.സി ചെയ്യുന്നത്. ലളിതമായ നടപടിക്രമങ്ങളിലൂടെ വ്യാപാരികള്‍ക്ക് ഒ.എന്‍.ഡി.സിയുടെ ഭാഗമാകാം. ഇ-കൊമേഴ്‌സ് മേഖലയെ ഇതുവഴി 'ജനാധിപത്യവത്കരിക്കുകയാണ്' ഒ.എന്‍.ഡി.സി. ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഇത് ഒരുപോലെ നേട്ടമാണ്.

എല്ലാത്തരം ഉത്പന്നങ്ങളും ഒ.എന്‍.ഡി.സി പ്ലാറ്റ്‌ഫോമില്‍ എത്തിക്കാനും ഉന്നമിടുന്നു. നിലവില്‍ ഇന്ത്യയില്‍ ഇ-റീറ്റെയ്ല്‍ വ്യാപനം 6-7 ശതമാനമേയുള്ളൂ. ചൈനയില്‍ ഇത് 25-30 ശതമാനമാണെന്ന് ഓര്‍ക്കണം. ഈ രംഗത്ത് ഇന്ത്യയുടെ മുന്നിലുള്ളത് വലിയ സാധ്യതകളാണ്.

നിലവില്‍ 2.3 ലക്ഷം വ്യാപാരികളാണ് ഒ.എന്‍.ഡി.സിയിലുള്ളത്. 491 നഗരങ്ങളില്‍ സാന്നിധ്യമുള്ള ഒ.എന്‍.ഡി.സിയില്‍ മൂന്ന് കോടിയിലേറെ ഉത്പന്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒ.എന്‍.ഡി.സി ഒരു വ്യാപാര കൂട്ടായ്മയാണ്. ഒരിക്കലും നിയന്ത്രണ ഏജന്‍സിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT