Image Courtesy: Canva  
Retail

ഏത് എടുത്താലും 10 രൂപ! കോള വിപണിയില്‍ വിലക്കുറവില്‍ പുതിയ ഉല്‍പന്നങ്ങള്‍; അംബാനിയുടെ കാമ്പയെ നേരിടാന്‍ പെപ്‌സി, കൊക്കകോള

മുഖ്യധാരാ ഉല്‍പ്പന്നങ്ങളേക്കാൾ 20 ശതമാനം വരെ വിലക്കുറവിലായിരിക്കും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക

Dhanam News Desk

ശീതള പാനീയ വിപണിയില്‍ മത്സരം ശക്തിയാര്‍ജിക്കുകയാണ്. ഈ രംഗത്ത് നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത് പെപ്‌സിയും കൊക്കകോളയുമാണ്. റിലയന്‍സിന്റെ കാമ്പ കോള വിപണി വിപുലീകരിക്കുന്നതിനെ ശക്തമായി നേരിടാന്‍ ഒരുങ്ങുകയാണ് ഇരു കമ്പനികളും.

പെപ്‌സിയും കൊക്കകോളയും തങ്ങളുടെ മുഖ്യധാരാ ഉല്‍പ്പന്നങ്ങളേക്കാൾ വിലകുറവില്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാനുളള നീക്കങ്ങളിലാണ്. മുഖ്യധാരാ ഉല്‍പ്പന്നങ്ങളേക്കാൾ 15 മുതല്‍ 20 ശതമാനം വിലക്കുറവിലായിരിക്കും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക. ഇത്തരത്തിലുളള കൊക്കകോളയുടെ ഒരു ബ്രാൻഡാണ് റിംസിം ജീര. തിരിച്ചുനൽകാവുന്ന ഗ്ലാസ് ബോട്ടിലുകളില്‍ 10 രൂപയ്ക്ക് കോളകള്‍ വിപണിയില്‍ എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

തന്ത്രങ്ങള്‍ ഇങ്ങനെ

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് കൈകാര്യം ചെയ്യന്ന കമ്പനി കാമ്പ കോളയെ എതിരാളികളേക്കാള്‍ വിലകുറച്ച് കൂടുതല്‍ പ്രദേശങ്ങളില്‍ വിതരണം വർദ്ധിപ്പിക്കാനുളള തന്ത്രമാണ് സ്വീകരിക്കാന്‍ പോകുന്നത്. ചില്ലറ വ്യാപാരികൾക്ക് എതിരാളികളേക്കാൾ ഉയർന്ന വ്യാപാര മാർജിനും കാമ്പ കോള വാഗ്ദാനം ചെയ്യുന്നു.

ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെ പ്രധാന ബ്രാൻഡുകളുടെ വിലയില്‍ വ്യത്യാസം വരുത്താതെ വിലകുറഞ്ഞ ഉൽപ്പന്നങ്ങളോ ബി-ബ്രാൻഡുകളോ അവതരിപ്പിക്കാനുളള നീക്കങ്ങളാണ് ആഗോള കോള ഭീമൻമാര്‍ പരിഗണിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള കാളി എയറേറ്റഡ് വാട്ടർ വർക്കിൻ്റെ ഉടമസ്ഥതയിലുള്ള ബോവോണ്ടോ ശീതളപാനീയങ്ങളും രാജസ്ഥാൻ ആസ്ഥാനമായുള്ള ജയന്തി ഇൻ്റർനാഷണലിൻ്റെ ജയന്തി കോള, ലെമോണ്ട, ആപ്പ് ലിസ് തുടങ്ങിയവയുമാണ് ശീതള പാനീയങ്ങളിലെ പ്രമുഖ പ്രാദേശിക ബ്രാൻഡുകള്‍. കാശ്മീര, ജിൻലിം, ലെമീ, റണ്ണർ ബ്രാൻഡുകൾ വിൽക്കുന്ന ഗുജറാത്തിലെ സോസ്യോ ഹജൂരി ബിവറേജസ് എന്ന മറ്റൊരു പ്രമുഖ പ്രാദേശിക കമ്പനിയിൽ റിലയൻസ് കൺസ്യൂമറിന് 50 ശതമാനം ഓഹരിയാണ് ഉളളത്.

വിലയുദ്ധം

കൊക്കകോളയും പെപ്‌സികോയും 250 മില്ലിയുടെ ശീതള പാനീയ കുപ്പികൾ 20 രൂപയ്ക്കാണ് വിൽക്കുന്നത്. അതേസമയം, റിലയൻസ് കൺസ്യൂമർ കാമ്പ കോള 200 മില്ലി ലിറ്ററിന് 10 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

500 മില്ലിയുടെ കുപ്പിയ്ക്ക് കോക്കിന് 30 രൂപയും പെപ്‌സിക്ക് 40 രൂപയുമാണ് വില. കാമ്പയുടെ 500 മില്ലിക്ക് 20 രൂപയ്ക്കാണ് എത്തിച്ചിരിക്കുന്നത്.

നിലവില്‍ പ്രധാന ഉല്‍പ്പന്നങ്ങള്‍ക്ക് പെപ്‌സിയും കൊക്കകോളയും വിലകുറവൊന്നും പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക റീട്ടെയിലർമാര്‍ക്ക് കാര്യമായ പ്രമോഷനുകൾ നല്‍കാനും ഇരു കമ്പനികളും ഒരുങ്ങുകയാണ്.

റിലയൻസ് കൺസ്യൂമർ വിതരണക്കാർക്ക് 6-8 ശതമാനം മാർജിനാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മറ്റ് ശീതളപാനീയ കമ്പനികള്‍ 3.5-5 ശതമാനം മാർജിനാണ് നൽകുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT