Image courtesy: Canva 
Retail

ഊര്‍ജ വിതരണ രംഗത്തേക്ക് കടക്കാനൊരുങ്ങി റിലയന്‍സ്, പദ്ധതി ഗുജറാത്തിലെ ലകാഡിയയില്‍

ലകാഡിയ സ്റ്റേഷനിൽ ലഭിക്കുന്ന 3,500 മെഗാവാട്ട് വൈദ്യുതിയെ പിന്തുണയ്ക്കുന്നതിനായുളള ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതാണ് പദ്ധതി

Dhanam News Desk

ഊര്‍ജ വിതരണ മേഖലയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എൽ). ഗുജറാത്തിലെ ലക്കാഡിയ സബ്സ്റ്റേഷനിൽ ട്രാൻസ്മിഷൻ സിസ്റ്റം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുളള കത്ത് ആര്‍.ഐ.എല്ലിന് ലഭിച്ചു.

താരിഫ് അധിഷ്‌ഠിത മത്സര ബിഡിംഗ് (ടി.ബി.സി.ബി) മോഡിന് കീഴിൽ അന്തർസംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം (ഐ.എസ്‌.ടി.എസ് ) സ്ഥാപിക്കുന്നതിനുളള കത്താണ് നൽകിയത്. ലകാഡിയ ബി പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന് കീഴിലാണ് പദ്ധതി. ആര്‍.ഇ.സി പവർ ഡെവലപ്‌മെൻ്റ് ആന്‍ഡ് കൺസൾട്ടൻസി ലിമിറ്റഡ് (RECPDCL) ആണ് ആര്‍.ഐ.എല്ലിന് ഇതുസംബന്ധിച്ച കത്ത് നൽകിയത്.

ഒരു ബഹുമുഖ ട്രാൻസ്മിഷൻ പദ്ധതിയാണ് ലകാഡിയ-ബി സ്കീം. 636 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്. ഗുജറാത്തിലെ ലകാഡിയ പൂളിംഗ് സ്റ്റേഷനിൽ ലഭിക്കുന്ന 3,500 മെഗാവാട്ട് വൈദ്യുതിയെ പിന്തുണയ്ക്കുന്നതിനായുളള ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതാണ് പദ്ധതി.

ആര്‍.ഇ.സി.പി.ഡി.സി.എല്ലിന് പദ്ധതി നടപ്പാക്കാന്‍ തയാറാണെന്ന് അറിയിക്കുന്ന കത്ത് ഇനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് നൽകേണ്ടതുണ്ട്. ഇതിനെത്തുടർന്ന് ആര്‍.ഇ.സി.പി.ഡി.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള ലകാഡിയ ബി പവർ ട്രാൻസ്മിഷൻ ലിമിറ്റഡ് പദ്ധതി ഔദ്യോഗികമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് കൈമാറുന്നതാണ്.

അതേസമയം, ലകാഡിയ ബി പവർ ട്രാൻസ്മിഷൻ ലിമിറ്റഡിൻ്റെ 100 ശതമാനം ഓഹരികളും ആര്‍.ഇ.സി.പി.ഡി.സി.എല്ലില്‍ നിന്ന് 8 കോടി രൂപയിൽ കവിയാത്ത തുകയ്ക്ക് ഏറ്റെടുക്കുന്നതിന് ആര്‍.ഐ.എല്‍ ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞയാഴ്ച അംഗീകാരം നൽകിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT