നിത അംബാനി, മുകേഷ് അംബാനി  
Retail

₹3.05 ലക്ഷം കോടിയുടെ നിക്ഷേപവുമായി റിലയന്‍സ്, മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍, പദ്ധതി ഈ സംസ്ഥാനത്ത്

ടാറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് 30,000 കോടി രൂപ വരെ നിക്ഷേപിക്കും

Dhanam News Desk

മഹാരാഷ്ട്ര സർക്കാരുമായി 3.05 ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നതിനുളള ധാരണാപത്രത്തില്‍ ഒപ്പുവച്ച് റിലയൻസ് ഇൻഡസ്ട്രീസ്. നവ ഊർജം, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഹൈടെക് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിലാണ് റിലയൻസ് നിക്ഷേപം നടത്തുക. മൂന്ന് ലക്ഷം തൊഴിലവസരങ്ങളാണ് പദ്ധതികള്‍ സൃഷ്ടിക്കുക.

ഇന്ത്യയിലുടനീളം വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പാണ് തങ്ങളെന്ന് മുകേഷ് അംബാനിയുടെ മകനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ഡയറക്ടറുമായ അനന്ത് അംബാനി പറഞ്ഞു. ഇന്ത്യ 5 ട്രില്യൺ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എത്തിപിടിക്കാനുളള ലക്ഷ്യത്തിലാണ്. ഇന്ത്യയിലെ ആദ്യത്തെ 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാന്‍ മഹാരാഷ്ട്രയ്ക്ക് അടുത്ത കുറച്ച് വർഷത്തിനുള്ളിൽ സാധിക്കുമെന്നും അനന്ത് അംബാനി പറഞ്ഞു.

മറ്റു കമ്പനികള്‍

ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിൽ വിവിധ ബിസിനസ് കമ്പനികളുമായി മഹാരാഷ്ട്ര സർക്കാർ ഇതുവരെ 50 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ടാറ്റ ഗ്രൂപ്പ്, സിയാറ്റ്, എസ്സാർ റിന്യൂവബിൾസ്, ഭാരത് ഫോർജ്, വെൽസ്പൺ കോർപ്പറേഷൻ, ഒലെക്ട്രാ ഗ്രീൻടെക് തുടങ്ങിയ കമ്പനികളാണ് സംസ്ഥാന സർക്കാരുമായി കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് 30,000 കോടി രൂപ വരെ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. എസ്സാർ റിന്യൂവബിൾസ് 8,000 കോടി രൂപയുടെ ധാരണാപത്രത്തിലാണ് ഒപ്പുവച്ചിരിക്കുന്നത്. യുപിഎൽ 6,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക.

പുനരുപയോഗ ഊർജ മേഖലയിൽ 15,300 കോടി രൂപ വരെ നിക്ഷേപിക്കുന്നതിനുള്ള ധാരണാപത്രത്തിലാണ് പവറിൻ ഉർജ ഒപ്പുവച്ചത്. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി 3,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഒലക്ട്ര ഗ്രീൻടെക് ഉദ്ദേശിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT