ഏപ്രിൽ മുതൽ നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ ഏഴ് മാസങ്ങളിൽ ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാതാക്കളായ ചൈന ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 1.7 ദശലക്ഷം മെട്രിക് ടൺ സ്റ്റീൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35.4 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
വിലകുറഞ്ഞ ചൈനീസ് സ്റ്റീല്‍ ഇറക്കുമതി ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കള്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായ ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന നിര്‍മ്മാണങ്ങള്‍ മൂലം സ്റ്റീലിന് ശക്തമായ ഡിമാൻഡാണ് ഉളളത്. എന്നാല്‍ ചൈനീസ് ഇറക്കുമതി മൂലം ആഭ്യന്തര വിലയിടിവ് സംഭവിക്കുന്നത് ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കളെ ബുദ്ധിമുട്ടിലാക്കുന്നു.
വിലകുറഞ്ഞ ചൈനീസ് ഇറക്കുമതി തടയുന്നതിനായി 25 ശതമാനം സുരക്ഷാ തീരുവയോ രണ്ട് വർഷത്തേക്ക് താൽക്കാലിക നികുതിയോ ചുമത്തുന്നത് സ്റ്റീൽ മന്ത്രാലയം പരിഗണിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയിൽ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതി വൻതോതിൽ വർധിക്കുമെന്ന ഭീഷണിയുളള സാഹചര്യത്തിലാണ് ഇത്.
ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.7 ദശലക്ഷം മെട്രിക് ടണ്ണിലേക്കും ഉയർന്നു. ജപ്പാനിൽ നിന്നും വിയറ്റ്‌നാമിൽ നിന്നുമുള്ള ഫിനിഷ്ഡ് സ്റ്റീൽ ഇറക്കുമതി ഇക്കാലയളവിൽ ഇരട്ടിയിലധികം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine