കേരളത്തിലെ റബര്‍ കര്‍ഷകരെ വലച്ച് വില വീണ്ടും താഴേക്കിറങ്ങുന്നു. മാര്‍ച്ചില്‍ ആര്‍.എസ്.എസ് നാലാംഗ്രേഡിന് വില കിലോയ്ക്ക് 185 രൂപയിലെത്തിയിരുന്നു. വേനല്‍ച്ചൂടില്‍ ടാപ്പിംഗ് നിലച്ചതോടെ കഴിഞ്ഞമാസം വില ഒരുവേള 187 രൂപയിലുമെത്തി. പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് വില വീണ്ടും 200 രൂപയ്ക്ക് മുകളിലെത്തുമെന്നും പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, വില തുടര്‍ച്ചയായി ഇടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നിലവില്‍ വില 179-180 രൂപയിലാണുള്ളത്. റബര്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇന്നത്തെ വില 180.50 രൂപ. വേനല്‍മഴ നിര്‍ജീവമായതിനാല്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ ഉത്പാദനം ഉയര്‍ന്നതും വിലയെ താഴേക്ക് വീഴ്ത്തുകയാണ്.
രാജ്യാന്തരവിലയും താഴേക്ക്
മാര്‍ച്ചില്‍ രാജ്യാന്തരവില 220 രൂപയ്ക്ക് മുകളിലായിരുന്നു. ഇന്ന് കേരളത്തിലെ വിലയുമായി 30 രൂപയ്ക്കുമേല്‍ അന്തരവുമുണ്ടായിരുന്നു. നിലവില്‍ രാജ്യാന്തരവില 185 രൂപയാണ്. അതായത്, കേരളത്തിലെ വിലയുമായി കാര്യമായ അന്തരമില്ല.
ഇതോടെ വിലകുറയ്ക്കാന്‍ ടയര്‍ നിര്‍മ്മാതാക്കളും മറ്റും ആഭ്യന്തര കര്‍ഷകരോടും വ്യാപാരികളോടും സമ്മര്‍ദ്ദം ചെലുത്തുന്നതും തിരിച്ചടിയാകുന്നുണ്ട്. വില കുറയ്ക്കാനുള്ള സമ്മര്‍ദ്ദതന്ത്രമെന്നോണം കേരളത്തില്‍ നിന്ന് റബര്‍ ഏറ്റെടുക്കുന്നതിന് ടയര്‍ നിര്‍മ്മാതാക്കള്‍ മടി കാണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫലത്തില്‍, കുറഞ്ഞവിലയ്ക്ക് ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് റബര്‍ വില്‍ക്കേണ്ട അവസ്ഥയാണ് കേരളത്തിലെ കര്‍ഷകര്‍ക്കുള്ളത്.
വിലസ്ഥിരതാ പദ്ധതി
കിലോയ്ക്ക് 180 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി പദ്ധതിയിലെ നിരക്ക്. അതായത്, വിപണിവില 180 രൂപയ്ക്ക് താഴെയാണെങ്കില്‍ കര്‍ഷകന് സബ്‌സിഡി കിട്ടും. കഴിഞ്ഞവാരങ്ങളില്‍ വില 180 രൂപയ്ക്ക് മുകളിലായിരുന്നതിനാല്‍ പദ്ധതിയുടെ പ്രയോജനം കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ല. നിലവിലും, സബ്‌സിഡി നിരക്കുമായി കാര്യമായ അന്തരം വിപണിവിലയ്ക്ക് ഇല്ല.
എന്നാല്‍, ഉത്പാദനച്ചെലവ് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളിലാണെന്ന് കര്‍ഷകര്‍ പറയുന്നു. സബ്‌സിഡി നിരക്ക് കിലോയ്ക്ക് 250 രൂപയെങ്കിലും ആക്കണമെന്ന് ഏറെക്കാലമായി കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് സബ്‌സിഡി നിരക്ക് 170 രൂപയില്‍ നിന്ന് 10 രൂപ കൂട്ടി 180 രൂപയാക്കിയത്.
Read DhanamOnline in English
Subscribe to Dhanam Magazine