canva
Industry

പ്രവാസിക്ക് പണമരമായി രൂപ! മൂല്യം തകര്‍ന്നതില്‍ സന്തോഷിച്ച് വിദേശത്തെ ഇന്ത്യക്കാര്‍, ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ തിടുക്കം വേണോ?

ഒരു ഡോളറിന് 90 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന ഈ അവസരം എങ്ങനെ ഉപയോഗിക്കണം?

Dhanam News Desk

ഇന്ത്യന്‍ രൂപയുടെ മൂല്യം യു.എസ്. ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഡിസംബര്‍ മൂന്നിന് ഒരു ഡോളറിന് 90 രൂപ എന്ന നിരക്ക് കടന്നതോടെ, ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള ലക്ഷക്കണക്കിന് പ്രവാസി മലയാളികള്‍ക്ക് സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. ഇന്ന് ഡോളര്‍ നിരക്ക് 10 പൈസ ഉയര്‍ന്ന് 90.15 രൂപയിലെത്തി.

ഗള്‍ഫ് കറന്‍സികള്‍ ഡോളറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഡോളറിനുള്ള ആവശ്യം പരോക്ഷമായി ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തെയും രൂപയ്‌ക്കെതിരെ ഉയര്‍ത്തുന്നു. ഒരു ഡോളറിന് 90 രൂപ ലഭിക്കുമ്പോള്‍, ഒരു യുഎഇ ദിര്‍ഹമിന് (AED) ഏകദേശം 24.50 രൂപക്കു മുകളിലും സൗദി റിയാലിന് (SAR) 24 രൂപയ്ക്ക് മുകളിലുമാണ് ലഭിക്കുക.

നാട്ടില്‍ നേട്ടം കൂടി

കഴിഞ്ഞ വര്‍ഷം ഡോളറിന് 82നും 83നും ഇടയിലായിരുന്ന രൂപയാണ്, 90 ന് മുകളിലെത്തിയിരിക്കുന്നത്. ഇത് വലിയ വ്യത്യാസമാണ് രാജ്യത്തേക്ക് പണമയക്കുന്നവര്‍ക്ക് ഉണ്ടാക്കുക.

നിലവിലെ നിരക്ക് പ്രയോജനപ്പെടുത്തി ഒരു പ്രവാസി 10,000 ഡോളര്‍ (ഏകദേശം 8,30,000 രൂപ) നാട്ടിലേക്ക് അയയ്ക്കുമ്പോള്‍, പഴയ നിരക്കിനേക്കാള്‍ 70,000-ത്തിലധികം രൂപ അധികമായി ലഭിക്കും. അതായത്, 10,000 ഡോളര്‍ അയയ്ക്കുന്നയാള്‍ക്ക് ഇപ്പോഴത്തെ നിരക്ക് പ്രകാരം 9 ലക്ഷം രൂപയ്ക്ക് മുകളിലാണ് ലഭിക്കുക.

ഗള്‍ഫില്‍ നിന്നുള്ള പണം അയക്കല്‍ ഇരട്ടിയായി

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ യു.എ.ഇ പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഒരു ദിര്‍ഹത്തിന് 24.5 രൂപ വരെ ലഭിക്കുന്നതിനാല്‍ പലരും നാട്ടിലേക്ക് സാധാരണയില്‍ കൂടുതല്‍ തുക അയക്കാന്‍ തുടങ്ങി. പ്രതിമാസം 1,200 മുതല്‍ 1,500 ദിര്‍ഹം വരെ അയച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 4,500 ദിര്‍ഹം വരെയൊക്കെയാണ് അയക്കുന്നത്. നാട്ടിലേക്ക് 5,000 ദിര്‍ഹം അയക്കുന്ന ഒരാള്‍ക്ക് ഒരാഴ്ച മുമ്പത്തേക്കാള്‍ 2,500 രൂപ അധികമായി ലഭിക്കുന്നുണ്ട്. അതായത് 1,22,500 രൂപയ്ക്ക് മുകളിലാണ് നാട്ടില്‍ ലഭിക്കുക. .

ആകര്‍ഷകമായ അവസരം, പക്ഷെ ശ്രദ്ധിക്കണം

ഡോളര്‍ നിരക്ക് വര്‍ധിച്ചത് പണം കൈമാറ്റം ചെയ്യാന്‍ ഏറ്റവും മികച്ച സമയമാണെങ്കിലും എല്ലാ തുകയും ഒറ്റയടിക്ക് മാറ്റുന്നത് ബുദ്ധിയല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുകൊണ്ട്, കൈമാറ്റം ചെയ്യാന്‍ ഉദ്ദേശിക്കുന്ന തുകയുടെ 60 ശതമാനം മാത്രം ഇപ്പോള്‍ മാറ്റി നിക്ഷേപിക്കുകയും ബാക്കി തുക, ഡോളര്‍ നിരക്ക് ഇനിയും വര്‍ധിക്കുന്നതനുസരിച്ച് അടുത്ത മാസങ്ങളിലായി മാറ്റുകയും ചെയ്യുന്നതാണ് സുരക്ഷിതമായ രീതിയെന്ന് വിദഗ്ധര്‍ പറയുന്നു. വിനിമയ നിരക്കിലെ നഷ്ടസാധ്യത കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.

നിലവിലെ നിരക്കില്‍ ഇന്ത്യയില്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്കും രൂപയുടെ വിലയിടിവ് നേട്ടമാണ്. ഏകദേശം 6-7% പലിശയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്നത്. ഇനി അടുത്ത വര്‍ഷം ഡോളര്‍ നിരക്ക് 95 രൂപയിലേക്ക് ഉയര്‍ന്നാല്‍ പോലും പലിശ സഹിതം അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ഈ രീതി സഹായിക്കും.

രൂപയുടെ ഭാവി

ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ച (GDP) മികച്ച നിലയിലായതും പണപ്പെരുപ്പം നിയന്ത്രണത്തിലായതും രൂപയ്ക്ക് ഭാവിയില്‍ കരുത്ത് നല്‍കുമെന്നാണ് പല ഏജന്‍സികളും പ്രവചിക്കുന്നത്. അടുത്ത 5 മുതല്‍ 7 വര്‍ഷത്തിനുള്ളില്‍ രൂപ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2026 അവസാനത്തോടെ ഡോളറിനെതിരെ രൂപ 86ലെത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ പ്രവചനം.

നിലവില്‍ റെക്കോര്‍ഡ് നേട്ടം ലഭിക്കുമ്പോള്‍ തന്നെ, വിവേകത്തോടെ നിക്ഷേപം നടത്തുന്നത് പ്രവാസി മലയാളികള്‍ക്ക് അവരുടെ സമ്പാദ്യം ഇരട്ടിയാക്കാന്‍ സഹായിക്കും.

ഇടിവിന് പിന്നില്‍

ഇന്ത്യന്‍ ഓഹരി, കടപ്പത്ര വിപണികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ (FPIs) വന്‍തോതില്‍ പണം പിന്‍വലിക്കുന്നത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം മാത്രം 17 ബില്യണ്‍ ഡോളറിലധികം നിക്ഷേപമാണ് ഇന്ത്യയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. വിദേശ നിക്ഷേപകര്‍ ഡോളര്‍ തിരികെ കൊണ്ടുപോകുമ്പോള്‍, വിപണിയില്‍ ഡോളറിന്റെ ആവശ്യം കൂടുകയും രൂപയുടെ ലഭ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഇത് രൂപയുടെ മൂല്യം കുറയ്ക്കുന്നു.

കയറ്റുമതിയെക്കാള്‍ ഇറക്കുമതി കൂടുമ്പോള്‍ ഉണ്ടാകുന്ന വ്യാപാരക്കമ്മി (Trade Deficit) രൂപയ്ക്ക് പ്രതികൂലമാണ്. എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിപ്പോര്‍ട്ട് പ്രകാരം, 2025 സെപ്റ്റംബറില്‍ ഇന്ത്യയുടെ വ്യാപാരക്കമ്മി 32.1 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇത് 26.5 ബില്യണ്‍ ഡോളറായിരുന്നു. സ്വര്‍ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാന കാരണം. സെപ്റ്റംബറില്‍ മാത്രം 10 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ഇറക്കുമതിക്ക് കൂടുതല്‍ ഡോളര്‍ ആവശ്യമായി വരുന്നത് രൂപയുടെ മൂല്യം കുറയ്ക്കുന്നു.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര താരിഫ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT