Image Credit : ISRO 
Industry

ഐ.എസ്.ആര്‍.ഒയുമായി കൈകോര്‍ക്കാന്‍ സൗദി അറേബ്യ

ചന്ദ്രയാന്‍ ദൗത്യം വിജയമായതിനെ തുടര്‍ന്നാണ് ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്

Dhanam News Desk

ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ലോകത്തിനു മുന്നില്‍ ശ്രദ്ധേയമായ നേട്ടം കാഴ്ചവെച്ച ഇന്ത്യയുടെ  സ്‌പേസ് ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി (ഐ.എസ്.ആര്‍.ഒ) പരസ്പര സഹകരണത്തിന് ധാരണാപത്രം ഒപ്പുവെക്കാനൊരുങ്ങി സൗദി അറേബ്യ. ബുധനാഴ്ച നിയോം സിറ്റിയില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇതിന് അനുമതി നല്‍കി.

ചന്ദ്രയാന്‍ ദൗത്യം വിജയമായതിനെ തുടര്‍ന്നാണ്‌ സൗദി ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള സുപ്രധാന തീരുമാനമെടുത്തത്. ഇതിനായി ഐ.എസ്.ആര്‍.ഒയുമായി ഒപ്പ് വെക്കാന്‍ പ്രത്യേക ചുമതലകളും മന്ത്രിസഭ നല്‍കിയിട്ടുണ്ട്.

സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ബഹിരാകാശ മേഖലയില്‍ സഹകരണത്തിന് ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കാന്‍ സൗദി കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രിയും സൗദി സ്‌പേസ് കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ അബ്ദുല്ല അല്‍സവാഹയെ മന്ത്രിസഭ ചുമതലപ്പെടുത്തി. കൂടാതെ, അക്കൗണ്ടിംഗ്, റെഗുലേറ്ററി, പ്രൊഫഷനല്‍ വര്‍ക്ക് മേഖലയില്‍ പരസ്പര സഹകരണത്തിന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയും സൗദിയിലെ ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കാന്‍ ജനറല്‍ കോര്‍ട്ട് ഓഫ് ഓഡിറ്റ് പ്രസിഡന്റിനെയും മന്ത്രിസഭാ യോഗം നിയോഗിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT