Industry

സ്‌പെക്ട്രം കുടിശിക അടച്ചു തീര്‍ക്കാന്‍ വിശദ പദ്ധതി ആവശ്യം: സുപ്രിം കോടതി

Dhanam News Desk

ടെലികോം കമ്പനികള്‍ സ്‌പെക്ട്രം ലൈസന്‍സ് ഫീസ് കുടിശിക ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള 1.47 ലക്ഷം കോടി രൂപ അടച്ചുതീര്‍ക്കാന്‍ ഇരുപത് വര്‍ഷം സാവകാശം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി ഒരാഴ്ചയ്ക്കകം  തയാറാക്കി  സമര്‍പ്പിക്കാന്‍  സുപ്രീം കോടതിയുടെ നിര്‍ദേശം. കുടിശിക  ഇരുപത് വര്‍ഷം കൊണ്ട് അടച്ചുതീരുമെന്ന് എന്താണ് ഉറപ്പെന്നും എന്ത് ഗ്യാരന്റിയാണ് നല്‍കാന്‍ പോകുന്നതെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു.

തുക പുനര്‍ നിര്‍ണയിക്കണമെന്നും പണം അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഇരുപത് വര്‍ഷം സാവകാശം അനുവദിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോട് പ്രാഥമികമായി വിയോജിപ്പാണ് സുപ്രീം കോടതി പ്രകടമാക്കിയത്. ഇതിനിടെ,

ടെലികോം വിധിയുടെ ചുവടുപിടിച്ച് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും നാലു ലക്ഷം കോടി രൂപയുടെ കുടിശിക പിരിക്കാന്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിനെ അനുവദിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ കോടതി നിശിതമായി വിമര്‍ശിച്ചു.

ഗെയില്‍ ഇന്ത്യയില്‍ നിന്ന് 1.72 ലക്ഷം കോടി രൂപയും ഓയില്‍ ഇന്ത്യയില്‍ നിന്ന് 48,489.26 കോടി രൂപയും പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് 22,062.65 കോടി രൂപയും ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസേഴ്സ് ആന്റ് കെമിക്കല്‍സില്‍ നിന്ന് 15,019.97 കോടി രൂപയും ഡിഎംആര്‍സിയില്‍ നിന്ന് 5,481.52 കോടി രൂപയും ആണ്  ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.പണം നല്‍കാതിരിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് എളുപ്പ വഴിയുണ്ടാക്കുകയല്ലേ ഇതിലൂടെയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. 30 വര്‍ഷമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് എന്തുകൊണ്ടാണ് തൂക ആവശ്യപ്പെടാത്തതെന്ന് ജസ്റ്റിസ് മിശ്ര സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു.

ടെലികോം കമ്പനികളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ലൈസന്‍സുകള്‍ രണ്ടും രണ്ടാണ്.  വിധിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമമെന്ന് പറഞ്ഞ ജസ്റ്റിസ് അരുണ്‍ മിശ്ര, ഇതിനിടയാക്കിയ ടെലി കമ്മ്യുണിക്കേഷന്‍ വകുപ്പിലെ കുറ്റക്കാരെ ശിക്ഷിക്കേണ്ടിവരുമെന്നു മുന്നറിയിപ്പു നല്‍കി. ടെലികോം വിധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് അദ്ദേഹം വ്യക്തത വരുത്തി.

സ്വകാര്യ ടെലികോം കമ്പനികളില്‍ നിന്ന് ഒറ്റത്തവണയായുള്ള കുടിശിക വീണ്ടെടുക്കല്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ചിലത് ലിക്വിഡേഷനിലേക്ക് നീങ്ങുമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ 20 വര്‍ഷത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം? - ജസ്റ്റിസ് മിശ്ര ആരാഞ്ഞു. ഈ വ്യവഹാരം 1999 ല്‍ ആരംഭിച്ചതാണെന്നും ഇത് ഇനിയും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിശിക എങ്ങനെ അടച്ചു തീര്‍ക്കുമെന്ന് വ്യക്തമാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സമയപരിധി, ഗ്യാരന്റി തുടങ്ങിയവ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണം. സാവകാശം അനുവദിക്കണമെന്നും കുടിശിക അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കി കൊള്ളൂ എന്നും ടെലികോം കമ്പനികള്‍ കോടതിയില്‍ പറഞ്ഞു. ടെലികോം കമ്പനികള്‍ ഒരാഴ്ചയ്ക്കകം പദ്ധതി തയാറാക്കി കോടതിക്ക് സമര്‍പ്പിക്കണം. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. 43,980 കോടിയില്‍ 18,000 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ ഇതുവരെ നല്‍കിയിട്ടുള്ളത്. ടാറ്റ ടെലി സര്‍വീസസ് 16,798 കോടി രൂപ കുടിശ്ശികയില്‍ 4,197 കോടി രൂപ നല്‍കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT