പ്രതീകാത്മക ചിത്രം Image Source: Canva/tatasteel.com/aplapollo.com
Industry

ടാറ്റ സ്റ്റീൽ–എപിഎൽ അപ്പോളോ ഇടപാടിൽ സെബി പിടിമുറുക്കുന്നു; ന്യൂനപക്ഷ ഓഹരി ഉടമകളുടെ വോട്ടവകാശം മറികടന്നോ?

ടാറ്റ സ്റ്റീൽ–എപിഎൽ അപ്പോളോ ഇടപാടിന്റെ ഘടനയും റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ ചട്ടങ്ങളുടെ ബാധകതയും സെബി പരിശോധിക്കുന്നു; ഇടപാടിന്റെ സാമ്പത്തിക ബാധ്യതയും ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങളും സംബന്ധിച്ച് ആശങ്ക

Dhanam News Desk

ടാറ്റ സ്റ്റീലും എപിഎൽ അപ്പോളോ ട്യൂബ്‌സും തമ്മിലുള്ള 28,000 കോടി രൂപയുടെ ബിസിനസ് കൈമാറ്റവും ഓഹരി ഏറ്റെടുക്കലും സംബന്ധിച്ച ഇടപാടുകളിൽ വിപണി നിയന്ത്രകരായ സെബിയുടെ (SEBI) പരിശോധന ശക്തമാക്കുന്നു. ഇടപാടുകൾ പല ഘട്ടങ്ങളായി വിഭജിച്ചുകൊണ്ട് നടത്തിയ പ്രഖ്യാപത്തിലൂടെ 'റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ' (Related Party Transaction–RPT) ചട്ടങ്ങളും ന്യൂനപക്ഷ ഓഹരി ഉടമകളുടെ വോട്ടവകാശവും മറികടന്നിട്ടുണ്ടോയെന്നാണ് സെബി പ്രധാനമായും പരിശോധിക്കുന്നത്.

വിഷയത്തിൽ, എപിഎൽ അപ്പോളോയിലെ ഉന്നത ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയ സെബി, അടുത്ത ഘട്ടത്തിൽ ടാറ്റ സ്റ്റീൽ അധികൃതരെയും വിളിച്ചുവരുത്തി മൊഴിയെടുത്തേക്കും എന്നാണ് സൂചന.

ഇടപാടുകളുടെ ബാഹ്യമായ നിയമസാധുതയ്ക്ക് അപ്പുറം, അവയുടെ യഥാർഥ ഉദ്ദേശ്യവും പരസ്പര ബന്ധവും സൂക്ഷ്മമായി പരിശോധിക്കാനാണ് സെബിയുടെ നീക്കം. കോർപറേറ്റ് ​ഗവേണൻസിൽ ‘സബ്സ്റ്റൻസ് ഓവർ ഫോം’ എന്ന തത്വം വിപണി നിയന്ത്രണ ഏജൻസി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നതിന്റെ സൂചനയാണിത്.

സംശയനിഴലിൽ ഇടപാടുകളുടെ സമയക്രമം

നവംബർ 22-നാണ് ടാറ്റ സ്റ്റീലിന്റെ ട്യൂബ്‌സ് ബിസിനസും ടാറ്റ സ്റ്റീൽ കളേഴ്‌സും എപിഎൽ അപ്പോളോയ്ക്ക് കൈമാറുന്നതിനുള്ള കരാറുകൾ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ, എപിഎൽ അപ്പോളോയിൽ 9.91 ശതമാനം ഓഹരി ടാറ്റ സ്റ്റീൽ ഏറ്റെടുക്കുന്ന ഇടപാടും നടന്നു. ബിസിനസ് കൈമാറ്റ കരാറുകളും നിയന്ത്രണ ഓഹരി ഏറ്റെടുക്കലും പരസ്പരം ബന്ധപ്പെട്ടതാണോ എന്നും കമ്പനിയിൽ ടാറ്റ സ്റ്റീൽ നിയന്ത്രണം നേടുന്നതിന് തൊട്ടുമുമ്പ് ആസ്തി കൈമാറ്റം ക്രമീകരിച്ചത്, ന്യൂനപക്ഷ ഓഹരി ഉടമകളുടെ നിർബന്ധിത അംഗീകാരം ഒഴിവാക്കാനാണോ എന്നതുമാണ് സെബിയുടെ അന്വേഷണത്തിന്റെ കാതൽ.

സെബിയുടെ ലിസ്റ്റിങ് ചട്ടങ്ങളിലെ (LODR) റെഗുലേഷൻ 23 പ്രകാരം, നിർണായകമായ 'റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻസി'ന് ഓഹരി ഉടമകളുടെ മുൻകൂർ അംഗീകാരം ആവശ്യമാണ്. പ്രൊമോട്ടർമാർക്ക് ഇത്തരം വോട്ടെടുപ്പുകളിൽ പങ്കെടുക്കാനാകില്ല. ചട്ടങ്ങൾ മറികടക്കാൻ ലക്ഷ്യമിട്ടാണ് ഈ ഇടപാടുകൾ ഇത്തരത്തിൽ ക്രമീകരിച്ചതെന്ന് കണ്ടെത്തിയാൽ, ഓഹരി ഉടമകളുടെ അംഗീകാരം തേടാൻ സെബി കമ്പനികളോട് നിർദേശിച്ചേക്കും.

എസ്‌ജി ടെക് ഇടപാടും പരിശോധിക്കുന്നു

എപിഎൽ അപ്പോളോയുടെ നിലവിലെ പ്രൊമോട്ടർ ഗ്രൂപ്പുമായി ബന്ധപ്പെട്ട 'എസ്‌ജി ടെക് എൻജിനീയറിങ്ങു'മായുള്ള (SG Tech Engineering) നിർമാണ കരാറുകളും സെബിയുടെ അന്വേഷണ പരിധിയിലാണുള്ളത്. വിവിധ കരാറുകളെ വേർതിരിച്ച് അവതരിപ്പിച്ചതിലൂടെ, റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ (RPT) ചട്ടങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. ഈ ഇടപാടുകളുടെ യഥാർഥ സ്വഭാവം സൂക്ഷ്മമായി പരിശോധിക്കണമെന്നാണ് പ്രോക്സി അഡ്വൈസറി സ്ഥാപനങ്ങളും (Proxy Advisory Firms) നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കടബാധ്യത ന്യൂനപക്ഷ ഓഹരി ഉടമകൾക്ക്?

ടാറ്റ സ്റ്റീൽ—എപിഎൽ അപ്പോളോ ഇടപാടിന്റെ വാണിജ്യപരമായ യുക്തി അംഗീകരിക്കുമ്പോഴും, അതിന്റെ ഘടനയിലും സുതാര്യതയിലും 'ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡ്വൈസറി സർവീസസ്' (ഐഐഎഎസ്), 'ഇൻഗവേൺ' തുടങ്ങിയ പ്രോക്സി അഡ്വൈസറി സ്ഥാപനങ്ങൾ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. ഏറ്റെടുക്കലിനുള്ള ഭീമമായ കടബാധ്യത, എപിഎൽ അപ്പോളോയുടെ ബാലൻസ് ഷീറ്റിൽ എത്തുകയും ഒടുവിൽ ഓഹരി ഉടമകൾ അതിന്റെ ഭാരം വഹിക്കേണ്ടി വരികയും ചെയ്യുമോ എന്നതാണ് പ്രധാന ആശങ്ക.

പ്രതിയോഹരി 2,301.40 രൂപ നിരക്കിലുള്ള ഓപ്പൺ ഓഫറിൽ പങ്കെടുക്കാത്ത നിക്ഷേപകർക്ക് ഏറ്റെടുക്കൽ കടം, ബിസിനസ് ഏകീകരണത്തിലെ അപകടസാധ്യതകൾ, റിലേറ്റഡ് പാർട്ടി ട്രാൻസാക്ഷൻ എന്നിവയുടെ ആഘാതം തുടർന്നും നേരിടേണ്ടിവരുമെന്ന് ഇൻഗവേൺ ചൂണ്ടിക്കാട്ടുന്നു. ഇടപാടിൽ സ്വതന്ത്ര വാല്യുവേഷൻ, സുതാര്യമായ വിവരങ്ങൾ, ഓഹരി ഉടമകളുടെ അംഗീകാരം എന്നിവ ഉറപ്പാക്കണമെന്നും ഈ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നു.

ഇടപാടിന്റെ ഘടനയേക്കാൾ, അതിന്റെ യഥാർഥ സാമ്പത്തിക പ്രത്യാഘാതങ്ങളും ന്യൂനപക്ഷ ഓഹരി ഉടമകളുടെ അവകാശങ്ങളും മുൻനിർത്തിയുള്ള സെബിയുടെ പരിശോധന, ഈ വൻ ഏറ്റെടുക്കലിന്റെ ഭാ​ഗധേയത്തിൽ നിർണായകമാകും.

SEBI is examining the structure of the ₹28,000-crore Tata Steel–APL Apollo transaction amid concerns over related-party rules, financing and minority shareholder protection.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT