Stock market canva
Industry

സെബിയുടെ തീരുമാനത്തിനു പിന്നാലെ പറപറന്ന് എ.എം.സി ഓഹരികള്‍; എന്തൊക്കെയാണ് ആ തീരുമാനങ്ങള്‍?

ഓഹരി വിപണിയിലെ നിയമങ്ങൾ ലളിതമാക്കുന്നതിനും ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ പരിഷ്‌കാരങ്ങളുമായി സെബി

Dhanam News Desk

അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ ഓഹരികള്‍ ഇന്ന് 8.5 ശതമാനം വരെ ഉയര്‍ന്നു. നിഫ്റ്റി ക്യാപിറ്റല്‍ മാര്‍ക്കറ്റ് സൂചികകളും നേട്ടത്തിലാണ്. നിപ്പോണ്‍ ലൈഫ് എ.എം.സി, എച്ച്.ഡിഎഫ്.സി എ.എം.സി എന്നിവ ആറ് ശതമാനം, 4.5 ശതമാനം എന്നിങ്ങനെ ഉയര്‍ന്നപ്പോള്‍ യു.ടി.ഐ എ.എം.സി, എ.ബി.എസ്.എല്‍ എ.എം.സി എന്നിവ 4 ശതമാനം, 1.7 ശതമാനം എന്നിങ്ങനെയും നേട്ടത്തിലായി. ഏറ്റവും വലിയ ഉയര്‍ച്ച കാഴ്ചവച്ചത് അടുത്തിടെ ലിസ്റ്റിംഗ് നടത്തിയ കാനറ റൊബേക്കോ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഓഹരികളാണ്. 8.5 ശതമാനം വരെയാണ് ഉയര്‍ച്ച.

ഉയര്‍ച്ചയ്ക്ക് പിന്നില്‍

ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി (SEBI), മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങളുടെ (AMC) ചെലവ് അനുപാതം (Expense Ratio) പരിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഓഹരികളുടെ ഉയര്‍ച്ച. ഒരു ഫണ്ട് മാനേജ് ചെയ്യുന്നതിന് എ.എം.സി കമ്പനികള്‍ ഇടപാടുകാരോട് ഈടാക്കുന്ന ആനുപാതിക ഫീസാണ് എക്‌സ്പന്‍സ് റേഷ്യോ. ഇത് ഉയര്‍ന്നതാണെങ്കില്‍ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറയും.

എക്‌സ്‌പെന്‍സ് ഘടനയുടെ അടിസ്ഥാന നിരക്ക് കുറച്ച സെബി, നികുതിക്ക് ശേഷമുള്ള ബ്രോക്കറേജ് പരിധി നിലവില്‍ വിപണിയിലുള്ള നിരക്കുകള്‍ക്ക് അനുസൃതമായി ക്രമീകരിക്കുകയും ചെയ്തു.

പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ:

പരിഷ്‌കരിച്ച ചട്ടപ്രകാരം, 500 കോടി രൂപയില്‍ താഴെ ആസ്തിയുള്ള (AUM) ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീമുകളുടെ പരമാവധി എക്‌സ്‌പെന്‍സ് റേഷ്യോ 2.25 ശതമാനത്തില്‍ നിന്ന് 2.10 ശതമാനമായി കുറച്ചു. ഇതേ ആസ്തിയുള്ള ഡെറ്റ് (കടപ്പത്ര) സ്‌കീമുകളുടെ പരിധി 2 ശതമാനത്തില്‍ നിന്ന് 1.85 ശതമാനമായും കുറച്ചിട്ടുണ്ട്. ആകെത്തുകയില്‍, ആക്ടീവ് ഇക്വിറ്റി ഫണ്ടുകളുടെ എക്‌സ്‌പെന്‍സ് റേഷ്യോ ഇനി മുതല്‍ 0.95% മുതല്‍ 2.1% വരെയും, ഡെറ്റ് ഫണ്ടുകളുടേത് 0.7% മുതല്‍ 1.85% വരെയുമായിരിക്കും. 50,000 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള ഇക്വിറ്റി സ്‌കീമുകള്‍ക്ക് 0.95 ശതമാനവും ഡെറ്റ് സ്‌കീമുകള്‍ക്ക് 0.7 ശതമാനവുമായിരിക്കും പരിധി.

TERന് പകരം BER

മറ്റൊരു പ്രധാന മാറ്റം ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോയ്ക്ക് (TER) പകരം ബേസ് എക്‌സ്‌പെന്‍സ് റേഷ്യോ (BER) കൊണ്ടുവന്നു എന്നതാണ്. ജിഎസ്ടി (GST), സ്റ്റാമ്പ് ഡ്യൂട്ടി, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (STT), കമ്മോഡിറ്റി ട്രാന്‍സാക്ഷന്‍ ടാക്‌സ് (CTT) തുടങ്ങിയ നിയമപരമായ നികുതികളെ സെബി BER-ന് പുറത്ത് നിര്‍ത്തി. ഇതിന്റെ ഫലമായി, ഫണ്ട് മാനേജ്മെന്റ് ഫീസുകള്‍, വിതരണക്കാരുടെ ബ്രോക്കറേജ്, ആര്‍ടിഎ (RTA) ചാര്‍ജുകള്‍ എന്നിവ മാത്രമേ BERല്‍ ഉള്‍പ്പെടൂ; നികുതികള്‍ പ്രത്യേകം രേഖപ്പെടുത്തും.

വിപണിയിലെ സ്വാധീനം

സെബിയുടെ ഈ തീരുമാനം വലിയ അസറ്റ് മാനേജ്മെന്റ് കമ്പനികളെ കാര്യമായി ബാധിക്കില്ലെന്നും വിതരണക്കാര്‍ക്ക് ഉയര്‍ന്ന കമ്മീഷന്‍ നല്‍കുന്ന ഇടത്തരം കമ്പനികള്‍ക്ക് നേരിയ ഗുണം ചെയ്യുമെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനമായ സിറ്റി അഭിപ്രായപ്പെട്ടു. നുവാമ, 360 വണ്‍ തുടങ്ങിയ വെല്‍ത്ത് മാനേജ്മെന്റ് സ്ഥാപനങ്ങളുടെ ആകെ വരുമാനത്തില്‍ 1 ശതമാനത്തില്‍ താഴെ മാത്രമേ ഇത് മാറ്റമുണ്ടാക്കൂ.

ലിസ്റ്റ് ചെയ്യപ്പെട്ട എഎംസി ഓഹരികളുടെ ഇക്വിറ്റി TERല്‍ ഉണ്ടായ 5 ബിപിഎസ് കുറവ് അവരുടെ ലാഭത്തെ 8-9% ബാധിച്ചേക്കാം. എന്നാല്‍ 2025 ഒക്ടോബറിലെ ചര്‍ച്ചാ രേഖ പുറത്തു വന്നപ്പോള്‍ തന്നെ ഈ ഓഹരികളുടെ വില 4-5% ഇടിഞ്ഞതിനാല്‍, ഈ ആഘാതം വിപണി മുന്‍കൂട്ടി കണ്ടിട്ടുണ്ടെന്ന് പിഎല്‍ ക്യാപിറ്റല്‍ വിലയിരുത്തുന്നു.

ഓഹരി വിപണിയിലെ റീറ്റൈയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ പശ്ചാത്തലത്തില്‍, ബ്രോക്കര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സാധ്യതയുള്ള ക്രമക്കേടുകള്‍ തടയാന്‍ മറ്റ് ചില പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്.

പ്രധാന പരിഷ്‌കാരങ്ങള്‍ ഒറ്റനോട്ടത്തില്‍

* ബ്രോക്കര്‍മാരുടെ വലുപ്പവും അവര്‍ കൈകാര്യം ചെയ്യുന്ന ക്ലയന്റുകളുടെ എണ്ണവും അടിസ്ഥാനമാക്കി അവരെ വിവിധ വിഭാഗങ്ങളായി തിരിക്കും. വലിയ ബ്രോക്കര്‍മാര്‍ക്ക് (Qualified Stock Brokers - QSBs) കൂടുതല്‍ കര്‍ശനമായ നിരീക്ഷണവും റിപ്പോര്‍ട്ടിംഗ് മാനദണ്ഡങ്ങളും ബാധകമാക്കും.

* നിക്ഷേപകര്‍ ബ്രോക്കര്‍മാര്‍ക്ക് നല്‍കുന്ന പണം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശനമായ 'അപ്-ഫ്രണ്ട് മാര്‍ജിന്‍' വ്യവസ്ഥകള്‍ കൊണ്ടുവരും. ബ്രോക്കര്‍മാരുടെ പക്കലുള്ള നിക്ഷേപകരുടെ ഫണ്ടുകള്‍ ബാങ്ക് ഗ്യാരന്റി ആയി ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ വരും.

* ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ബ്രോക്കിംഗ് പ്ലാറ്റ്ഫോമുകളുടെ സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ സെബി നിര്‍ദ്ദേശിച്ചു. സാങ്കേതിക തകരാറുകള്‍ മൂലം ഇടപാടുകള്‍ തടസപ്പെട്ടാല്‍ നിക്ഷേപകര്‍ക്ക് ഉടനടി പരിഹാരം ഉറപ്പാക്കാനുള്ള സംവിധാനം ബ്രോക്കര്‍മാര്‍ ഒരുക്കണം.

* ബ്രോക്കര്‍മാര്‍ ഈടാക്കുന്ന ചാര്‍ജുകള്‍, മറ്റ് നിബന്ധനകള്‍ എന്നിവ ഉപഭോക്താക്കളെ കൃത്യമായി അറിയിച്ചിരിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കോ വാഗ്ദാനങ്ങള്‍ക്കോ എതിരെ കര്‍ശന നടപടിയുണ്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT