Representative image (Dhanam file) 
Industry

വരുമാനം വാരിക്കൂട്ടി റെയില്‍വേ സ്റ്റേഷനുകള്‍, കേരളത്തില്‍ ഒന്നാമത് തിരുവനന്തപുരം

1,000 കോടി ക്ലബില്‍ രാജ്യത്തെ ഏഴ് റെയില്‍വേ സ്‌റ്റേഷനുകള്‍

Dhanam News Desk

ആയിരം കോടി രൂപയിലധികം വരുമാനം നേടുന്ന റെയില്‍വേ സ്റ്റേഷനുകളുടെ ക്ലബില്‍ രാജ്യത്തെ ഏഴ് റെയില്‍വേ സ്റ്റേഷനുകള്‍ ഇടംപിടിച്ചു. ഡല്‍ഹിയാണ് പട്ടികയില്‍ ഒന്നാമത്. സതേണ്‍ റെയില്‍വേ ഡിവിഷനില്‍ നിന്ന് ചെന്നൈ മാത്രമാണ് ക്ലബില്‍ ഇടം പിടിച്ചത്. റെയില്‍വെയ്‌സിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ സ്റ്റേഷന്‍ അധിഷ്ഠിത യാത്രകളില്‍ നിന്നുള്ള വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍.

ന്യൂ ഡല്‍ഹി സ്റ്റേഷന്‍ ഇക്കാലയളവില്‍ 3,337 കോടി രൂപയുടെ വരുമാനമാണ് നേടിയത്. ഹൗറായാണ് തൊട്ടു പിന്നില്‍. 1,692 കോടിരൂപയാണ് വരുമാനം, ചെന്നൈ സെന്‍ട്രലിന്റെ വരുമാനം 1,299 കോടി രൂപയാണ്.

പ്രതിവര്‍ഷം യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തില്‍ മുംബൈയിലെ താനെയാണ് മുന്നില്‍. 93.06 കോടി പേരാണ് താനെ റെയില്‍വേ സ്റ്റേഷന്‍ വഴി യാത്ര ചെയ്തത്. മുംബൈയിലെ കല്യാണ്‍ സ്റ്റേഷന്‍ വഴി 83.79 കോടി പേരും ന്യൂഡല്‍ഹി സ്റ്റേഷന്‍ വഴി 39.36 കോടി പേരും യാത്ര ചെയ്തു.

500 കോടിയില്‍ താഴെ വരുമാനവും 200 ദശലക്ഷത്തിലധികം ആള്‍ക്കാര്‍ യാത്ര നടത്തുകയും ചെയ്യുന്ന നോണ്‍ സബര്‍ബന്‍ ഗ്രൂപ്പ്-1(NSG-1) കാറ്റഗറിയില്‍ 28 സ്‌റ്റേഷനുകളാണ് ഉള്‍പ്പെട്ടത്. 28 സ്റ്റേഷനുകളില്‍ എട്ടെണ്ണം സെന്‍ട്രല്‍ റെയില്‍വെയുടെ കീഴില്‍ വരുന്നതാണ്. മൂന്നെണ്ണം സതേണ്‍ റെയില്‍വേയുടെ കീഴിലുള്ളതുമാണ്. കേരളത്തില്‍ നിന്ന് ഒറ്റ സ്റ്റേഷന്‍ പോലും ഇതില്‍ ഉള്‍പ്പെട്ടില്ല. 2017-18ല്‍ എന്‍.എസ്.ജി 2 വിഭാഗത്തിലായിരുന്ന ആറ് സ്റ്റേഷനുകള്‍ ഇത്തവണ എന്‍.എസ്.ജി 1ലേക്ക് എത്തി.

കേരളത്തിന് മികച്ച പ്രകടനം 

കേരളത്തില്‍ നിന്നുള്ള എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനാണ് വരുമാനത്തില്‍ മുന്നില്‍. 281.12 കോടി രൂപ. യാത്രക്കാരുടെ എണ്ണത്തില്‍ 1.30 കോടിയുടെ വാര്‍ഷിക വളര്‍ച്ചയും നേടി. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ വരുമാനം 241.71 കോടി രൂപയാണ്. കോഴിക്കോട് (190.54 കോടി), തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ (164.79 കോടി) എന്നിവയാണ് തൊട്ടു പിന്നില്‍. കേരളത്തില്‍ നിന്നുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളുടെയും കൂടിയുള്ള വരുമാനം 2,318.41 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT