ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് ലേക്‌ഷോർ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ നിയമിതനായി. ആരോഗ്യ മേഖലയിൽ നൽകിയ സംഭാവനകളും അനുഭവ സമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ. ഷംഷീർ.
ഡിജിറ്റൽ ആരോഗ്യം, ആരോഗ്യ ഡാറ്റ, നിർമ്മിത ബുദ്ധി, നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ പരിചരണ മാതൃകകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആഗോള പൊതു-സ്വകാര്യ കൂട്ടായ്മയാണ് ഫോറത്തിന്റെ സെന്റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇനിഷ്യേറ്റീവ്.
ചീഫ് എക്സിക്യൂട്ടീവുകൾ, മന്ത്രിമാർ, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ തലവൻമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മയോ ക്ലിനിക് പ്രസിഡന്റും സിഇഒയുമായ ജിയാൻറിക്കോ ഫാറൂജിയ, മെഡ്‌ട്രോണിക് ചെയർമാനും സിഇഒയുമായ ജിയോഫ് മാർത്ത, ഫിലിപ്സ് പ്രസിഡന്റും സിഇഒയുമായ റോയ് ജാക്കബ്സ്, സൗദി അറേബ്യൻ ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജൽ, ഗാവി സിഇഒ സാനിയ നിഷ്തർ, അപ്പോളോ ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ സുനീത റെഡ്ഡി തുടങ്ങിയ പ്രമുഖരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
ഡോക്ടർ, സംരംഭകൻ, നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലുള്ള സമഗ്ര പശ്ചാത്തലമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീറിന്റേത്. ആരോഗ്യ രംഗത്തെ പരിവർത്തനം സാധ്യമാകണമെങ്കിൽ ക്ലിനിക്കൽ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഡാറ്റയും കൃത്യമായി സംയോജിപ്പിക്കണമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.
സുസ്ഥിര ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ഡോ. ഷംഷീറിന്റെ സാന്നിധ്യം വലിയ കരുത്താകുമെന്ന് ലോക സാമ്പത്തിക ഫോറം സെന്റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയർ മേധാവിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ശ്യാം ബിഷെൻ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine