Industry

ഫാൻ്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോം Jeet11 പൂട്ടി ഷെയര്‍ചാറ്റ്

ഗൂഗിളിന്റെ പിന്തുണയുള്ള യുണീകോണ്‍ കമ്പനിയാണ് ഷെയര്‍ചാറ്റ്. ഈ ആഴ്ച ആദ്യം ഡെയ്‌ലി ഹണ്ട് 5 ശതമാനം ജീവനക്കാരെ പറഞ്ഞുവിട്ടിരുന്നു.

Dhanam News Desk

ഫാൻ്റസി ഗെയിമിംഗ് പ്ലാറ്റ്‌ഫോം ജീത്11 (Jeet11) പ്രവര്‍ത്തനം അവസാനിപ്പിച്ചു. മൊഹല്ല ടെക്കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ആയിരുന്നു ജീത്11. ഗൂഗിളിന്റെ പിന്തുണയുള്ള യുണീകോണ്‍ കമ്പനി ഷെയര്‍ചാറ്റിന്റെ മാതൃസ്ഥാപനമാണ് മൊഹല്ല ടെക്ക്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി Jeet11ലെ ഏതാനും പേരെ ഒഴികെ മറ്റുള്ള ജീവനക്കാരെയെല്ലാം കമ്പനി പിരിച്ചുവിട്ടു.

ഷെയര്‍ചാറ്റിലെ ആകെ ജീവനക്കാരുടെ (2,200) അഞ്ച് ശതമാനത്തിന് താഴെയാണ് പിരിച്ചുവിട്ടവരുടെ എണ്ണം. കമ്പനി നിലനിര്‍ത്തിയവരെ മറ്റ് സ്ഥാപനങ്ങളിലേക്ക് ഷെയര്‍ചാറ്റ് പുനര്‍വിന്യസിക്കും. മോജും മോജ് ലൈറ്റ് പ്ലസും(എംഎക്‌സ് ടാക്കാടക്ക്) ഷെയര്‍ചാറ്റിന് കീഴിലുള്ള ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോകളാണ്. അതേ സമയം പുതിയ നിയമനങ്ങള്‍ കമ്പനി അവസാനിപ്പിച്ചിട്ടില്ല.

കഴിഞ്ഞ ജൂണില്‍ ഗൂഗിള്‍ (ആല്‍ഫബെറ്റ്) ടെമാസെക്ക് ഹോള്‍ഡിംഗ്‌സ് എന്നിവയില്‍ നിന്ന് സീരീസ് എച്ച് ഫണ്ടിംഗ് റൗണ്ടില്‍ 78 മില്യണ്‍ ഡോളര്‍ ഷെയര്‍ചാറ്റ് സമാഹരിച്ചിരുന്നു. 4.9 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്. ഡ്രീം11 മാതൃകയില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍ ബെറ്റിംഗുകള്‍ക്കായി 2020 ഫെബ്രുവരിയിലാണ് ജീത്11 പ്രവര്‍ത്തനം തുടങ്ങിത്. ഈ ആഴ്ച ആദ്യം ന്യൂസ് അഗ്രഗേറ്റര്‍ സ്റ്റാര്‍ട്ടപ്പായ യുണീകോണ്‍ കമ്പനി ഡെയ്‌ലി ഹണ്ട് 5 ശതമാനം ജീവനക്കാരെ പറഞ്ഞുവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ആഗോളതലത്തില്‍ ടെക്ക് കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT