Industry

സ്വര്‍ണത്തേക്കാള്‍ തിളക്കത്തില്‍ വെള്ളി, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില! ഈ മാസം 2 ലക്ഷം തൊടുമോ?

ഈ വര്‍ഷം ഇതുവരെ 108% നേട്ടം! നിക്ഷേപകര്‍ക്ക് ആവേശം നല്‍കി പുതിയ പ്രവചനങ്ങള്‍

Dhanam News Desk

നിക്ഷേപകരെ ആവേശത്തിലാക്കിക്കൊണ്ട് വെള്ളി വില പുതിയ റെക്കോര്‍ഡില്‍. എം.സി.എക്‌സില്‍ (MCX) ഇന്‍ട്രാഡേ വ്യാപാരത്തില്‍ വെള്ളി വില രണ്ട് ശതമാനം ഉയര്‍ന്ന് ഒരു കിലോയ്ക്ക് 1,92,000 രൂപയ്ക്കടുത്തെത്തി പുതിയ റെക്കോര്‍ഡ് തൊട്ടു.

ആഗോളതലത്തില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനിടെയാണ് വെള്ളിയും കരുത്തുറ്റ പ്രകടനം കാഴ്ചവെക്കുന്നത്.

എം.സി.എക്‌സില്‍ (MCX) മാര്‍ച്ച് മാസത്തെ വെള്ളി കരാറുകള്‍ കിലോയ്ക്ക് 1,91,800 രൂപ എന്ന ചരിത്രപരമായ ഉയര്‍ന്ന നിലവാരത്തിലാണ്. സ്വര്‍ണവിലയും സമാന്തരമായി മുന്നേറുന്നുണ്ട്. എം.സി.എക്‌സ് ഗോള്‍ഡ് ഫെബ്രുവരി കരാറുകള്‍ 10 ഗ്രാമിന് 1,30,502 രൂപ എന്ന നിലയിലെത്തി.

ഈ വര്‍ഷത്തെ നേട്ടം 108%

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് വന്‍ നേട്ടമാണ് വെള്ളി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31-ന് 85,851 രൂപയായിരുന്ന സ്പോട്ട് വെള്ളി വില ഈ വര്‍ഷം ഡിസംബര്‍ 9 ആയപ്പോഴേക്കും 1,78,861 രൂപയിലേക്ക് ഉയര്‍ന്നു.

അതായത് ഈ വര്‍ഷം 108 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇതേ കാലയളവില്‍ സ്വര്‍ണവില 68% ഉയര്‍ന്നു. 10 ഗ്രാമിന്റെ വില 75,913 രൂപയില്‍ നിന്ന് 1,27,762 രൂപയിലെത്തി.

കുതിപ്പ് രണ്ട് ലക്ഷത്തിലേക്കോ?

വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, ഈ വര്‍ഷം അവസാനത്തോടെ വെള്ളി വില ഒരു കിലോയ്ക്ക് 2 ലക്ഷം എന്ന നിലവാരം മറികടക്കുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഡിസംബര്‍ അവസാനത്തോടെ 2.10 ലക്ഷത്തിലേക്ക് വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. ഉയര്‍ന്ന ഡിമാന്‍ഡും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പുതിയ സാമ്പത്തിക വര്‍ഷത്തിനായി ആഗോള നിക്ഷേപകര്‍ അവരുടെ ബുക്കുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ ചില ലാഭമെടുപ്പുകള്‍ നടന്നേക്കാമെങ്കിലും മൊത്തത്തിലുള്ള ട്രെന്‍ഡ് പോസിറ്റീവാണെന്നും ഡിസംബര്‍ അവസാനത്തോടെവില 2.10 ലക്ഷം രൂപ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും റിലയന്‍സ് സെക്യൂരിറ്റീസിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ ത്രിവേദി പറയുന്നു.

വില കുത്തനെ ഉയരാന്‍ കാരണം

റഷ്യ-യുക്രെയ്ന്‍ യുദ്ധമടക്കമുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വെള്ളിയിലേക്കും സ്വര്‍ണത്തിലേക്കും നിക്ഷേപം കൂട്ടാന്‍ കാരണമായതാണ് വിലയില്‍ പ്രതിഫലിച്ചത്.

ഇതിനൊപ്പം യുഎസ് താരിഫുകള്‍ സംബന്ധിച്ച ആശങ്കകള്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ എന്നിവ മൂലം ഡോളര്‍ ഡിമാന്‍ഡ് കൂടിയതും വിലയെ ബാധിച്ചു. വ്യാവസായിക ഡിമാന്‍ഡ് ശക്തമായി തുടരുന്നതും അതിനനുസരിച്ച് ഉത്പാദനം ഉയരാത്തതും വിലയെ ബാധിക്കുന്നുണ്ട്.

സ്വര്‍ണ്ണം-വെള്ളി അനുപാതം (Gold-to-Silver Ratio) നിലവില്‍ 68-69 എന്ന നിലയിലാണ്. ഇത് കഴിഞ്ഞ 3-4 വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിലയാണ്. ഈ അനുപാതം കുറയുന്നത് വെള്ളിയുടെ ശക്തമായ മുന്നേറ്റത്തെയാണ് സൂചിപ്പിക്കുന്നത്.

ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗമാണ് വെള്ളിയില്‍ ഉടന്‍ നിര്‍ണായകമാകുക. ഫെഡ് നിരക്ക് പ്രതീക്ഷിച്ചതിലും കുറവാണെങ്കില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും വലിയ തിരുത്തല്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഹ്രസ്വകാലയളവിലെ ലാഭമെടുപ്പിനെ തുടര്‍ന്ന് വിലയില്‍ നേരിയ ചാഞ്ചാട്ടങ്ങള്‍ ഉണ്ടായാലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പോസിറ്റീവായ കാഴ്ചപ്പാടാണ് വിപണി വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT